ഉന്നത സര്‍വകാലാശാലകള്‍ക്ക് കൂടുതല്‍ സ്വയംഭരണാധികാരം ലഭിക്കും: പ്രകാശ് ജാവ്‌ദേക്കര്‍

ഉന്നത സര്‍വകാലാശാലകള്‍ക്ക് കൂടുതല്‍ സ്വയംഭരണാധികാരം ലഭിക്കും: പ്രകാശ് ജാവ്‌ദേക്കര്‍

ന്യൂഡെല്‍ഹി: മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന സര്‍വകലാശാലകള്‍ക്ക് കൂടുതല്‍ സ്വയംഭരണാധികാരം അനുവദിക്കുമെന്ന് കേന്ദ്ര മാനവവിഭവ വകുപ്പ് മന്ത്രാലയം. മോശം പ്രകടനം നടത്തുന്ന സര്‍വകലാശാലകള്‍ക്കുള്ള ധനസഹായം വെട്ടികുറയ്ക്കുമെന്നും മന്ത്രാലയം അറിയിച്ചു. പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍വകലാശാലകളെ മൂന്ന് വിഭാഗങ്ങളായി തരംതിരിക്കുമെന്നും മാനവവിഭവ വകുപ്പ് മന്ത്രാലയം അറിയിച്ചു. മൂന്ന് വിഭാഗങ്ങളായി സര്‍വകലാശാലകളെ തരംതിരിക്കാനാണ് പദ്ധതിയെന്നും, എന്നാല്‍ ഇത് നാക് (നാഷണല്‍ അസസ്‌മെന്റ് ആന്‍ഡ് അക്രെഡിറ്റേഷന്‍ കൗണ്‍സില്‍) ഗ്രേഡിന്റെ അടിസ്ഥാനമാക്കിയായിരിക്കില്ലെന്നും കേന്ദ്ര മാനവവിഭവ വകുപ്പ് മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ പറഞ്ഞു.

47 കേന്ദ്ര സര്‍വകലാശാലകള്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ നിലവില്‍ 759 സര്‍വകലാശാലകളാണുള്ളത്. ഇതില്‍ 350 എണ്ണം സംസ്ഥാന സര്‍ക്കാരുകളുടെ നിയന്ത്രണത്തിലും, 239 എണ്ണം സ്വകാര്യ സര്‍വകാലാശാലകളുമാണ്. ബാക്കി വരുന്ന 123 എണ്ണം കല്‍പിത സര്‍വകലാശാലകളുമാണ്. ഏകദേശം 37,000 കോളെജുകളാണ് ഈ സര്‍വകലാശാലകള്‍ക്കു കീഴില്‍ പരിഗണിക്കപ്പെട്ടിട്ടുള്ളത്. അതുകൊണ്ടുതന്നെ സര്‍വകലാശാലകളുടെ നിലവാരം ഭൂരിപക്ഷം വരുന്ന അഫിലിയേറ്റ് കോളെജുകളുടെയും വിദ്യാഭ്യാസ മേന്മയെ ബാധിക്കുമെന്നാണ് മാനവവിഭവ വകുപ്പിന്റെ വിലയിരുത്തല്‍.

ഇതില്‍ ഒരു സര്‍വകലാശാലയ്ക്കു പോലും മികച്ച പ്രകടനം നടത്തുന്ന സ്ഥാപനങ്ങളുടെ പട്ടികയില്‍ എത്താന്‍ കഴിഞ്ഞിട്ടില്ലെന്നും, ഒരു സര്‍വകലാശാലയും ഗ്ലോബല്‍ റാങ്കിങിലെ മികച്ച 200 സര്‍വകലാശാലകളില്‍ ഇടം പിടിച്ചിട്ടില്ലെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. പുതിയ പരിഷ്‌കരണത്തിലൂടെ യൂണിവേഴ്‌സിറ്റികളുടെ നിലവാരം മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും മികച്ച വിദ്യാഭ്യാസ ഫലം ലഭിക്കുന്നതിനു വേണ്ട പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുമെന്നും ജാവ്‌ദേക്കര്‍ പറഞ്ഞു.

Comments

comments

Categories: Education