100 കോടിയുടെ എഫ്ഡിഐ: സര്‍ക്കാരിന്റെ അനുവാദം തേടി ബിഗ്ബാസ്‌ക്കറ്റ്

100 കോടിയുടെ എഫ്ഡിഐ: സര്‍ക്കാരിന്റെ അനുവാദം തേടി ബിഗ്ബാസ്‌ക്കറ്റ്

ന്യുഡെല്‍ഹി: ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ പലചരക്ക് വില്‍പ്പനക്കാരായ ബിഗ്ബാസ്‌ക്കറ്റ് 100 കോടി രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം(എഫ്ഡിഐ) സ്വീകരിക്കുന്നതിനായി സര്‍ക്കാരില്‍ നിന്ന് അനുമതി തേടി. കമ്പനിയുടെ വികസനപ്രവര്‍ത്തനത്തിനായാണ് നിക്ഷേപസമാഹരണം. പഴങ്ങളും പച്ചക്കറികളും ഉള്‍പ്പടെ വിവിധ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുന്ന കമ്പനി തങ്ങളുടെ സംഭരണ കേന്ദ്രങ്ങളും സംസ്‌കരണ യൂണിറ്റുകളും വര്‍ധിപ്പിക്കാന്‍ പദ്ധതിയിടുന്നുണ്ട്.

ഭക്ഷ്യോല്‍പ്പന്ന മേഖലയില്‍ 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കുന്നതാണ് ഇന്ത്യയുടെ പുതിയ നയം. എന്നാല്‍ ഒരു ഇന്ത്യന്‍ കമ്പനിക്ക് വിദേശ നിക്ഷേപം സ്വീകരിക്കുന്നതിന് ധനകാര്യ വകുപ്പിനു കീഴിലുള്ള ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ ബോര്‍ഡിന്റെ(എഫ്‌ഐപിബി) അനുമതി ആവശ്യമാണ്.

2011 ലാണ് ബിഗ് ബാസ്‌ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചത്. ബെംഗളൂരു, പൂനെ, ചെന്നൈ, ഡെല്‍ഹി, കൊല്‍ക്കത്ത, മൈസൂര്‍, കോയമ്പത്തൂര്‍ തുടങ്ങി രാജ്യത്തെ മെട്രോ നഗരങ്ങളുള്‍പ്പടെയുള്ള നഗരങ്ങളില്‍ ബിഗ്ബാസ്‌ക്കറ്റ് ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്. ഫലവര്‍ഗങ്ങള്‍, പച്ചക്കറികള്‍ ഉള്‍പ്പെടെ 15,000 ലധികം ഭക്ഷ്യോല്‍പ്പന്നങ്ങള്‍ ബിഗ് ബാസ്‌ക്കറ്റില്‍ ലഭ്യമാണ്. രാജ്യത്തെ പഴങ്ങളുടെയും പച്ചക്കറികളുടെയും ഭക്ഷ്യസംസ്‌കരണ നിരക്ക് ഇരട്ടിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിലവില്‍ ഇത് 10 ശതമാനമാണ്.

നേരത്തെ, ഹെലിയോണ്‍ അഡൈ്വസേഴ്‌സ്, ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്, സാന്‍ഡ്‌സ് കാപിറ്റല്‍, ബസിമര്‍ വെഞ്ച്വര്‍ പാര്‍ട്‌ണേവ്‌സ് തുടങ്ങിയവര്‍ ബിഗ്ബാസ്‌ക്കറ്റില്‍ നിക്ഷേപം നടത്തിയിരുന്നു. പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് നിക്ഷേപങ്ങള്‍ സ്വരൂപിച്ചത്. എന്നാല്‍ എഫ്ഡിഐ സ്വീകരിക്കുന്നത് സംബന്ധിച്ച് കമ്പനിയില്‍ നിന്ന് ഇതുവരെ പ്രതികരണം ഉണ്ടായിട്ടില്ല. എഫ്ഡിഐയ്ക്ക് അനുമതി ലഭിച്ചാല്‍ കൂടുതല്‍ എഫ്ഡിഐ തേടുമെന്നാണ് റിപ്പോര്‍ട്ട്.

Comments

comments

Categories: Slider, Top Stories