ലോധ കമ്മിറ്റിയോട് ഒളിച്ചു കളിക്കുന്ന ബിസിസിഐ

ലോധ കമ്മിറ്റിയോട്  ഒളിച്ചു കളിക്കുന്ന ബിസിസിഐ

വെട്ടൂരി ശ്രീവാസ്ത

ധികം വൈകാതെ, ബിസിസിഐ (ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ) സിനിമാ സ്റ്റൈലില്‍ സുപ്രീം കോടതിക്ക് മുന്നില്‍ ഇപ്രകാരം കേണപേക്ഷിച്ചേക്കാം- തിയതി കിട്ടി, തിയതി കിട്ടി, തിയതി കിട്ടി… പക്ഷേ, നീതി മാത്രം ലഭിച്ചില്ല. ആര്‍ എം ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ വിമുഖത കാട്ടിയതിലൂടെ നിയമസംവിധാനത്തെ തന്നെ ധിക്കരിച്ച ബിസിസിഐയോട് യാതൊരു ദാക്ഷിണ്യവും കാണിക്കാന്‍ സുപ്രീം കോടതി തയാറായിട്ടില്ല.

അസാധാരണമായൊരു നടപടിയിലൂടെ ചീഫ് ജസ്റ്റിസ് ടി എസ് താക്കൂര്‍ അധ്യക്ഷനായ ബെഞ്ച്, ഏതെങ്കിലും തരത്തിലുള്ള കാരണം കാണിക്കല്‍ നോട്ടീസ് പോലും നല്‍കാതെയാണ് ബിസിസിഐയുടെ സാമ്പത്തിക ഇടപാടുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ലോധ കമ്മിറ്റിയുടെയും കോടതിയുടെയും വഴിക്കുവരുന്നതുവരെ ക്രിക്കറ്റ് ബോര്‍ഡ് അംഗങ്ങളെയും അവരുമായി ബന്ധപ്പെട്ടവരെയും ബാങ്കുകള്‍ വഴിയുള്ള ഫണ്ട് കൈമാറ്റത്തില്‍ നിന്നു തടയുകയാണ് ഈ അപ്രതീക്ഷിത നടപടിയുടെ ഉന്നം. ഇനി ബിസിസിഐയുടെ കരാറുകള്‍ക്ക് ലോധ കമ്മിറ്റി പരിധി നിശ്ചയിക്കും. അതിനു മുകളില്‍ വരുന്ന തുകയുടെ കരാറുകള്‍ക്ക് കമ്മിറ്റിയുടെ പ്രത്യേക അനുമതി നേടിയെടുക്കേണ്ടിവരും.

ബിസിസിഐയുടെ എക്കൗണ്ടുകളില്‍ സൂക്ഷ്മപരിശോധന നടത്തുന്നതിന് ഒരു സ്വതന്ത്ര ഓഡിറ്ററെയും ലോധ സമിതി നിയോഗിക്കും. വിഷയത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ കമ്മിറ്റിക്കും സുപ്രീം കോടതിക്കും മുന്‍പാകെ സമ്മതപത്രം ഹാജരാക്കാന്‍ ബോര്‍ഡ് പ്രസിഡന്റിനോടും സെക്രട്ടറിയോടും കോടതി ഉത്തരവിട്ടിട്ടുണ്ട്. ബിസിസിഐക്കു മുന്നിലെ സമയം അവസാനിച്ചുകൊണ്ടിരിക്കുകയാണ്.

എന്നാല്‍, നടപടികള്‍ നീട്ടിക്കൊണ്ടുപോകുന്നതിന് ഇപ്പോഴും അവര്‍ക്ക് മുന്നില്‍ ചില വഴികള്‍ അവശേഷിക്കുന്നു. ലോധ സമിതി നിര്‍ദേശിച്ച ഏതെങ്കിലും കാര്യങ്ങള്‍ നടപ്പിലാക്കാന്‍ എന്തെങ്കിലും പ്രതിബന്ധമുണ്ടെങ്കില്‍ ബോര്‍ഡിലെ രണ്ട് മുതിര്‍ന്ന അംഗങ്ങള്‍ക്ക് കമ്മിറ്റിയെ സമീപിച്ച് പ്രശ്‌നപരിഹാരം കണ്ടെത്താവുന്നതാണ്. ഭരണനിര്‍വഹണം സുതാര്യമാക്കുന്നതിന് ലോധ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ പരമോന്നത കോടതി നിരന്തരം ഭീഷണിപ്പെടുത്തുന്ന കാഴ്ചയാണ് നാം കാണുന്നത്. ഓരോ ഹിയറിംഗിനു ശേഷവും ബോര്‍ഡിനെ സാമ്പത്തികമായി ഞെരുക്കുന്ന നടപടികള്‍ സുപ്രീം കോടതി കൈക്കൊള്ളുന്നു.

2018 മുതല്‍ പത്ത് വര്‍ഷത്തേക്കുള്ള ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മാധ്യമ സംപ്രേക്ഷണാവകാശ കരാറുകളുടെ കൈമാറ്റം ലോധ കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം മാത്രമെ സാധിക്കുകയുള്ളുവെന്നും കോടതി ഉത്തരവിട്ടിരിക്കുകയാണ്. ഐപിഎല്ലിന്റെ വസ്തുക്കളിന്മേലുള്ള വില നിശ്ചയിക്കല്‍ ലോധ കമ്മിറ്റിയുടെ അറിവോടെയായിരിക്കണമെന്നാണ് നിര്‍ദേശം. കഴിഞ്ഞ തവണ 1.6 ബില്ല്യണ്‍ ഡോളറിനാണ് ഐപിഎല്‍ സംപ്രേക്ഷണാവകാശം കൈമാറിയത്. ഇത്തവണയത് നാലു ബില്ല്യണിനും ഏഴു ബില്ല്യണിനുമിടയിലെത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ആ തുകയ്ക്ക് ലോധ കമ്മിറ്റി അംഗീകാരം നല്‍കുമോ?, ഉത്തരം വളരെ ലളിതം. തങ്ങളുടെ നിര്‍ദേശങ്ങള്‍ ബിസിസിഐ പാലിച്ചാല്‍ ലോധ കമ്മിറ്റി ആ തുകയ്ക്ക് അംഗീകാരം നല്‍കും. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ബിസിസിഐ ഭാരവാഹികളും അവരുമായി ബന്ധപ്പെട്ടവരും വഴങ്ങുന്നതുവരെ ബോര്‍ഡിന്റെ ഭരണം നടത്താന്‍ ലോധ കമ്മിറ്റി അംഗങ്ങളെ പറഞ്ഞേല്‍പ്പിച്ചിരിക്കുകയാണ് സുപ്രീം കോടതി.

കഴിഞ്ഞ രണ്ട് തവണ വാദം കേള്‍ക്കുന്ന സമയത്തും വ്യക്തമാക്കിയതുപോലെ, ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ അംഗീകരിക്കുന്നതുവരെ സംസ്ഥാനങ്ങളിലെ ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് ഫണ്ട് കൈമാറരുതെന്ന് സുപ്രീം കോടതി വീണ്ടും ബിസിസിഐയോട് ആവശ്യപ്പെടുകയുമുണ്ടായി. എന്നാല്‍ ബിസിസിഐക്കു പിടിച്ചുനില്‍ക്കാന്‍ പാകത്തില്‍ നീളമുള്ള കയര്‍ എറിഞ്ഞുകൊടുക്കുന്നതും കോടതി തുടര്‍ന്നു.

ഓഗസ്റ്റ് 9ന് ബോര്‍ഡിലെ രണ്ട് വക്താക്കള്‍ സമിതി അംഗങ്ങളെ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍, സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജുവിന്റെ ഉപദേശപ്രകാരം അവര്‍ ഈ യോഗത്തെ ഗൗരവമായെടുത്തില്ല. വാര്‍ഷിക പൊതുയോഗത്തിലാണ് ബോര്‍ഡ് തീരുമാനങ്ങള്‍ കൈക്കൊള്ളാറുള്ളതെന്നാണ് അജയ് ഷിര്‍കെ അറിയിച്ചത്. എന്നാല്‍ സെലക്ഷന്‍ കമ്മിറ്റിയിലേക്ക് മൂന്നു പേരെ തെരഞ്ഞെടുക്കാനുള്ള ലോധ കമ്മിറ്റി നിര്‍ദേശം കാറ്റില്‍പ്പറത്തി അഞ്ച് വ്യത്യസ്ത മേഖലകളില്‍ നിന്നായി അഞ്ച് സെലക്റ്റര്‍മാരെയാണ് ബോര്‍ഡ് തെരഞ്ഞെടുത്തത്. ഈ സാഹചര്യത്തില്‍ ബിസിസിഐക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പ് കോടതി ആവര്‍ത്തിച്ചു. ബോര്‍ഡിന്റെ തലപ്പത്തിരിക്കുന്നവരെ പുറത്താക്കി പുതിയ ഭരണാധികാരികളെ നിയമിക്കണമെന്ന് ലോധ കമ്മിറ്റി ശുപാര്‍ശ ചെയ്യുകപോലുമുണ്ടായി.

ലോകത്ത് മറ്റെവിടെയുമുള്ള സ്‌പോര്‍ട്‌സ് അസോസിയേഷനുകളുമായി തട്ടിച്ചു നോക്കുമ്പോള്‍ ബിസിസിഐയുടേത് മികച്ച ഭരണ സമിതിയാണെന്ന് ലോധ കമ്മിറ്റി പോലും അംഗീകരിച്ച കാര്യമാണ്. അങ്ങനെയെങ്കില്‍ എന്തിനാണ് ക്രിക്കറ്റ് ബോര്‍ഡിന് മേല്‍ ഇത്രയധികമായി കുരുക്ക് മുറുക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികമുയരുന്ന ചോദ്യം. ബിസിസിഐയില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാവരെയും ഈ കേസ് പ്രസിദ്ധരാക്കിയെന്ന് ചിലരെങ്കിലും പറയുന്നുണ്ട്. മറ്റേതെങ്കിലും കായിക സംഘടനകളില്‍ ഒരു കമ്മിറ്റിക്ക് ഇടപെടാന്‍ കഴിയുമോ? രാജ്യത്തെ ചില കായിക സംഘടനകള്‍ അവയുടെ അന്താരാഷ്ട്ര സംവിധാനങ്ങളില്‍ നിന്നും പുറത്താക്കപ്പെട്ടവയുമാണ്. കയ്യിലെ പണത്തിന്റെ സ്വാധീന ശക്തി ഉപയോഗിച്ചാണ് ബോര്‍ഡ് പ്രവര്‍ത്തിക്കുന്നതെന്ന് സുപ്രീം കോടതിയും ലോധ കമ്മിറ്റിയും തിരിച്ചറിഞ്ഞിട്ടുള്ള കാര്യമാണ്.

ലോധ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ എത്ര സമയം വേണമെന്ന കാര്യത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി ബോര്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത വര്‍ഷം ഫെബ്രുവരിക്കും മാര്‍ച്ചിനുമിടയിലുള്ളതോ അല്ലെങ്കില്‍ സെപ്റ്റംബറിലെ ബിസിസിഐ വാര്‍ഷിക പൊതുയോഗ സമയത്തെയൊ ഒരു തിയതിയെ കോടതി അംഗീകരിക്കുമോ. നിലവിലെ ചീഫ് ജസ്റ്റിസ് വിരമിക്കുന്ന ജനുവരിക്കുശേഷമുള്ള തിയതികളാണവ. അതിനാല്‍ത്തന്നെ കോടതി അതു സമ്മതിച്ചേക്കില്ല. അടുത്ത ഹിയറിംഗ് ഡിസംബര്‍ അഞ്ചിനാണ്. ജസ്റ്റിസ് താക്കൂര്‍ ജനുവരിയില്‍ വിരമിക്കാനിരിക്കെ തിരുത്തല്‍ ഹര്‍ജി സമര്‍പ്പിക്കുന്നത് പരമാവധി നീട്ടിക്കൊണ്ടുപോകാനായിരിക്കും ബിസിസിഐ താല്‍പര്യപ്പെടുക. പുതുതായി വരുന്ന ബെഞ്ച് ഇളവുകള്‍ നല്‍കുമെന്ന പ്രതീക്ഷ ബിസിസിഐക്കുണ്ട്.

ജസ്റ്റിസുമാരായ താക്കൂര്‍, ഫക്കീര്‍ മുഹമ്മദ് ഇബ്രാഹിം കാലിഫുള്ള എന്നിവരില്‍ തുടങ്ങി അഞ്ച് ജഡ്ജിമാര്‍ കേസില്‍ ഇതുവരെ വാദംകേട്ടുകഴിഞ്ഞു. കാലിഫുള്ള ജൂലൈയില്‍ വിരമിച്ചതിനെ തുടര്‍ന്ന് ജസ്റ്റിസ് അജയ് മണിക്‌റാവു ഖാന്‍വിലാക്കറും ജസ്റ്റിസ് ധനഞ്ജയ് യശ്വന്ത് ചന്ദ്രചൂഡും വാദം കേള്‍ക്കുന്ന ബെഞ്ചിനൊപ്പംചേര്‍ന്നു. കഴിഞ്ഞ വെള്ളിയാഴ്ച ചന്ദ്രചൂഡിന്റെ ഉത്തരവിന്റെ വേളയില്‍, അടുത്തിടെ സുപ്രീം കോടതി ജഡ്ജിയായി നിയമിതനായ ലാവു നാഗേശ്വര റാവുവിന്റെ സാന്നിധ്യവുമുണ്ടായിരുന്നു. തന്റെ നേതൃത്വത്തിലെ സമിതിയുടെ നിര്‍ദേശങ്ങള്‍ നടപ്പില്‍ വരുത്താന്‍ സുപ്രീം കോടതി ആവുന്നതെല്ലാം ചെയ്‌തെന്ന് ജസ്റ്റിസ് ലോധ പറഞ്ഞു.

എന്നാല്‍ ബിസിസിഐയുമായി ബന്ധപ്പെട്ടവരെയെല്ലാം ഒറ്റ വിധിയിലൂടെ പ്രഹരിക്കുന്നത് എളുപ്പമല്ലെന്നും കോടതി തിരിച്ചറിയുന്നതായും അദ്ദേഹം വ്യക്തമാക്കി. അന്തസിനെക്കുറിച്ച് ചിന്തിക്കാതെ, സംഘടനയുടെ ഭരണനിര്‍വഹണത്തെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബിസിസിഐ പ്രതിനിധികള്‍ ലോധ കമ്മിറ്റിയുമായി തീര്‍ച്ചയായും ചര്‍ച്ച നടത്തണം.

(മുതിര്‍ന്ന പത്രപ്രവര്‍ത്തകനാണ് ലേഖകന്‍)

Comments

comments

Categories: FK Special
Tags: BCCI, lodha