ധിരന്‍ മെഹ്ത അവെന്‍ഡസ് ക്രെഡിറ്റ് ബിസിനസില്‍

ധിരന്‍ മെഹ്ത  അവെന്‍ഡസ് ക്രെഡിറ്റ് ബിസിനസില്‍

മുംബൈ: സ്വകാര്യ നിക്ഷേപ സ്ഥാപനമായ കെകെആര്‍ ഇന്ത്യയുടെ ഡയറക്റ്ററായ ധിരന്‍ മെഹ്ത സഹകമ്പനിയായ അവെന്‍ഡസ് കാപ്പിറ്റല്‍ ലിമിറ്റഡിന്റെ സ്ട്രാറ്റജിക് കാപ്പിറ്റല്‍ വിഭാഗത്തിന്റെ മാനേജിംഗ് ഡയറക്റ്ററായി ചുമതലയേല്‍ക്കുന്നു. കഴിഞ്ഞ നവംബറിലാണ് അമേരിക്ക ആസ്ഥാനമാക്കിയ കെകെആര്‍ മുംബൈയിലെ അവെന്‍ഡസ് കാപ്പിറ്റലിനെ 115 മില്ല്യണ്‍ ഡോളറിന് വാങ്ങിയത്. ഇടപാടിന്റെ ഭാഗമായി കെകെആര്‍ അവെന്‍ഡസില്‍ 60 മില്ല്യണ്‍ ഡോളര്‍ നിക്ഷേപിക്കുകയും ചെയ്തു.

കമ്പനിയുടെ ഓള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (എഐഎഫ്) വിഭാഗത്തെ സഹായിക്കുന്നതിനും ബാങ്കിംഗ് ഇതര പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള മൂലധന സമാഹരണത്തില്‍ പ്രധാന പങ്കുവഹിക്കുന്നതിനും മെഹ്തയ്ക്ക് കഴിയുമെന്ന് അവെന്‍ഡസ് കാപ്പിറ്റല്‍ മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായ രേണു വൊഹ്‌റ പറഞ്ഞു.

2011ലാണ് നോമുറ ഇന്ത്യയുടെ എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ സ്ഥാനത്ത് നിന്ന് ധിരന്‍ മെഹ്ത കെകെആറില്‍ ചേര്‍ന്നത്. സിറ്റി ഗ്രൂപ്പ് കോര്‍പ്പറേഷന്റെ ഓഹരി, സ്ഥിര വരുമാന വിഭാഗത്തിലായിരുന്നു മെഹ്ത കരിയര്‍ ആരംഭിച്ചത്.
കെകെആറിന്റെ കാപ്പിറ്റല്‍ മാര്‍ക്കറ്റ് പ്ലാറ്റ്‌ഫോമിലെ അംഗമാണ് ഇദ്ദേഹം. ആഭ്യന്തര, വിദേശ ഇടപാടുകാരില്‍ നിന്ന് നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനും ഫണ്ട് സമാഹരണത്തിനുമുള്ള ഉത്തരവാദിത്തം ഈ സംവിധാനത്തിനാണ്. മാഗ്മ ഫിന്‍കോര്‍പ്പ്, ഡാല്‍മിയ സിമന്റ്, കോഫിഡേ റിസോര്‍ട്ട് എന്നിവയ്ക്ക് മൂലധന വിപണിയില്‍ പ്രവേശിക്കാന്‍ സഹായം നല്‍കുന്നതില്‍ മെഹ്ത മുഖ്യ പങ്കുവഹിച്ചിട്ടുണ്ടെന്ന് കെകെആര്‍ വ്യക്തമാക്കി.

Comments

comments

Categories: Branding