മധ്യപ്രദേശ് 5.63 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിച്ചു: ശിവ്‌രാജ് സിംഗ് ചൗഹാന്‍

മധ്യപ്രദേശ് 5.63 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിച്ചു: ശിവ്‌രാജ് സിംഗ് ചൗഹാന്‍

ഇന്‍ഡോര്‍: രണ്ടു ദിവസം നീണ്ടു നിന്ന ആഗോള നിക്ഷേപക ഉച്ചകോടിയില്‍ നിന്ന് 5.63 ലക്ഷം കോടി രൂപയുടെ നിക്ഷേപ സമാഹരണം നടത്താന്‍ മധ്യപ്രദേശിനു സാധിച്ചതായി മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാന്‍. ലോകത്തെ ഏറ്റവും വലിയ നിക്ഷേപ കേന്ദ്രങ്ങളിലൊന്നാക്കി മധ്യപ്രദേശിനെ മാറ്റുന്നതിന് ആവശ്യമായ എല്ലാ പ്രോത്സാഹനങ്ങളും നിക്ഷേപകര്‍ക്കു നല്‍കുമെന്നും ശിവ്‌രാജ് സിംഗ് ചൗഹാന്‍ പറഞ്ഞു.

രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ച ഉച്ചകോടിക്ക് വമ്പിച്ച പ്രതികരണമാണ് നിക്ഷേപകരില്‍ നിന്ന് ലഭിച്ചത്. 2600ഓളം നിക്ഷേപ വാഗ്ദാനങ്ങളാണ് ഇതിനിടയില്‍ സംസ്ഥാനത്തിന് ലഭിച്ചതെന്നു ചൗഹാന്‍ പറഞ്ഞു. നിക്ഷേപകര്‍ ചൂണ്ടിക്കാട്ടിയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഉദ്യോഗസ്ഥതലത്തില്‍ സമഗ്രമായ ചര്‍ച്ച നടന്നതായും ചൗഹാന്‍ വ്യക്തമാക്കി. നിക്ഷേപകരുടെ സൗകര്യാര്‍ത്ഥം പ്രത്യേക പോര്‍ട്ടല്‍ ഉടനാരംഭിക്കുമെന്നും പദ്ധതി അനുമതിയടക്കമുള്ള വിഷയങ്ങളില്‍ ഇതു സഹായകമായിരിക്കുമെന്നും ശിവ്‌രാജ് സിംഗ് ചൗഹാന്‍ അറിയിച്ചു. 50 കോടി രൂപ മൂല്യമുള്ള നിക്ഷേപങ്ങള്‍ക്കായി റിലേഷന്‍ മാനേജരെ നിയമിക്കുമെന്ന് ചൗഹാന്‍ ചൂണ്ടിക്കാട്ടി.

ഭൂവിനിയോഗം സംബന്ധിച്ച് നിലവിലെ നിയമങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ഭേദഗതി തയാറാക്കും. ഭൂവിനിയോഗത്തിനായി കുറഞ്ഞ തുക മാത്രം നിക്ഷേപകര്‍ അടയ്‌ക്കേണ്ട സാഹചര്യം സൃഷ്ടിക്കുമെന്നും ശിവ് രാജ് സിംഗ് ചൗഹാന്‍ പറഞ്ഞു. റെഡിമെയ്ഡ് വസ്ത്രങ്ങളുടെ നിര്‍മാണ മേഖലയ്ക്കായി സര്‍ക്കാര്‍ പുതിയ നയം ആവിഷ്‌കരിക്കും. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പക്കല്‍ നിന്ന് വിവിധ പദ്ധതികള്‍ക്ക് യഥാസമയം അനുമതി ലഭ്യമാക്കുമെന്നും ശിവ് രാജ് സിംഗ് ചൗഹാന്‍ ഉറപ്പു നല്‍കി. ചരക്കു സേവന നികുതി പ്രാവര്‍ത്തികമാക്കുമ്പോള്‍ സംസ്ഥാനത്തിന് ഉണ്ടാകുന്ന വരുമാന നഷ്ടം പരിഹരിക്കുന്നതിന്റെ ഭാഗമായി പ്രത്യേക സമിതിക്കു രൂപം നല്‍കും. സംസ്ഥാനത്തിന്റെ വരുമാനത്തില്‍ തുടര്‍ച്ച ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ സമിതി നിര്‍ദേശിക്കും.
ഭോപ്പാല്‍, ഇന്‍ഡോര്‍ എന്നീ നഗരങ്ങളില്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ അനുവദിക്കണമെന്ന ആവശ്യം കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനോട് ശിവിരാജ് സിംഗ് ചൗഹാന്‍ ഉന്നയിച്ചു. നിക്ഷേപ ഉച്ചകോടിയുടെ സമാപന പ്രസംഗത്തിലാണ് ഇക്കാര്യം ശിവ്‌രാജ് സിംഗ് ചൗഹാന്‍ മുന്നോട്ടു വെച്ചത്.

Comments

comments

Categories: Business & Economy