നാട് നിറയാന്‍ നെല്ലാടിന്റെ തൂവെള്ള

നാട് നിറയാന്‍ നെല്ലാടിന്റെ തൂവെള്ള

unnamed-6ഇന്ത്യയില്‍ ലോണ്‍ഡ്രി ബിസിനസ് തുടങ്ങാന്‍ ഏറ്റവും മികച്ച സമയമാണിതെന്നാണ് ബിസിനസ് നിരീക്ഷകരുടെ വിലയിരുത്തല്‍. വന്‍ നഗരങ്ങളിലെല്ലാം ഈ സേവനങ്ങള്‍ക്ക് ഇന്ന് ആവശ്യക്കാര്‍ വര്‍ധിച്ചുവരികയാണ്. ആവശ്യങ്ങള്‍ക്കനുസരിച്ച് സേവനങ്ങളും പ്രാദേശിക സമൂഹത്തില്‍ പോലും പ്രചാരം വ്യാപിച്ചതും വരുംകാലങ്ങളില്‍ മേഖലയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കും. ലോണ്‍ഡ്രി സേവനങ്ങള്‍ക്ക് മധ്യവര്‍ഗ കുടുംബങ്ങളില്‍ സ്വാധീനം വര്‍ധിച്ച് വരുന്നതായാണ് അടുത്തിടെ പുറത്തുവന്നിട്ടുള്ള റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ വരും വര്‍ഷങ്ങളില്‍ ഈ മേഖല കൂടുതല്‍ ശക്തമാകുമെന്നാണ് വിലയിരുത്തല്‍. എങ്കിലും ഇന്ത്യയിലെ ലോണ്‍ഡ്രി വ്യവസായം അസംഘടിതമായും ആധുനികവല്‍ക്കരിക്കപ്പെടാതെയുമാണ് നിലനില്‍ക്കുന്നതെന്ന തരത്തിലുള്ള വാദങ്ങളും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. പരമ്പരാഗതമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രാദേശിക ഡോബികള്‍ക്കും മറ്റും ഇന്നും പലയിടങ്ങളിലും സ്വാധീനമുണ്ട്. 3000 മുതല്‍ 3500 കോടി രൂപ വരെ ആസ്തിയാണ് ഇന്ന് ഭാരതത്തിന്റെ ലോണ്‍ഡ്രി വ്യവസായ മേഖലയ്ക്കുള്ളതെന്ന് അടുത്തിടെ പുറത്തുവന്ന ഒരു സര്‍വേ വിലയിരുത്തുന്നു. 2020 അവസാനമാകുമ്പോഴേക്കും മൂന്ന് മില്ല്യണിലധികം കുടുംബങ്ങള്‍ ദിനംപ്രതിയെന്നോണം ലോണ്‍ഡ്രി സേവനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ തുടങ്ങുമെന്നാണ് മറ്റൊരു സര്‍വേ പറയുന്നത്.

ഇത് ഇന്ത്യയിലെ ലോണ്‍ഡ്രി വ്യവസായത്തെ സംബന്ധിച്ച മൊത്തത്തിലുള്ള കണക്കുകളും പ്രവണതകളുമാണ്. നമ്മുടെ കേരളത്തില്‍ പോലും ലോണ്‍ഡ്രി രംഗം വളരെ പ്രബലമാണെന്ന് പറഞ്ഞാല്‍ പലര്‍ക്കും വിശ്വസിക്കാനാവില്ലായെന്നതാണ് യാഥാര്‍ഥ്യം. കേരളത്തിലെ ആദ്യത്തെ വന്‍കിട വ്യാവസായിക അലക്കുശാല സ്ഥിതി ചെയ്യുന്നത് എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയ്ക്കടുത്ത് നെല്ലാടിലെ കിന്‍ഫ്രാ സ്‌മോള്‍ ഇന്‍ഡസ്ട്രീസ് പാര്‍ക്കിലാണ്. മാഗ്നാമൈന്‍ഡിന്റെ മേല്‍ക്കോയ്മയെ വെല്ലാന്‍ ഇന്നും കേരളത്തിന്റെ ലോണ്‍ഡ്രി വ്യവസായ മേഖലയില്‍ ആരുമില്ലായെന്നതാണ് യാഥാര്‍ഥ്യം.

നീണ്ട 18 വര്‍ഷത്തിലധികമായി ഈ മേഖലയിലുള്ള അനുഭവ സമ്പത്തുമായാണ് ശ്രീജിത്ത് നരേന്ദ്രന്‍ കേരളത്തിലേക്കെത്തിയത്. ഹോസ്പിറ്റാലിറ്റി മേഖലയ്ക്കടക്കം മികച്ച പ്രാധാന്യമുള്ള കേരളത്തില്‍ ഇത്തരം ഒരു സംരംഭത്തിന് വന്‍ സാധ്യതകളുണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ ചെറിയ രീതിയില്‍ തുടങ്ങാനാവുന്ന ഒരു സ്ഥാപനമല്ല ഇതെന്ന് തുടക്കത്തില്‍ തന്നെ അദ്ദേഹം മനസിലാക്കി. അങ്ങനെയാണ് 20,000 ചതുരശ്ര അടി വിസ്തൃതിയില്‍ ലോണ്‍ഡ്രി സമുച്ചയം നെല്ലാട് കിന്‍ഫ്ര പാര്‍ക്കില്‍ ഉയരുന്നത്.

കേരളത്തില്‍ ഈ മേഖലയില്‍ ഉണ്ടായിരുന്ന സ്‌പേസ് തിരിച്ചറിഞ്ഞതാണ് സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്ക് കാരണമായതെന്ന് മാഗ്നാമൈന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ശ്രീജിത്ത് നരേന്ദ്രന്‍ പറയുന്നു. ഇപ്പോഴും ശക്തരായ എതിരാളികളൊന്നും ഈ മേഖലയില്‍ തങ്ങള്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അസംഘടിതമായി കിടക്കുന്ന കേരളത്തിലെ ഈ രംഗത്ത് കടുത്ത മത്സരങ്ങളുണ്ടാകില്ലെന്നും ജനസംഖ്യ വളരെക്കൂടുതലായതുകൊണ്ടു തന്നെ ആവശ്യക്കാര്‍ ഏറുമെന്നും തിരിച്ചറിഞ്ഞത് കമ്പനിയെ കൂടുതല്‍ ശക്തമാക്കി. പാലിക്കേണ്ട എല്ലാ പാരിസ്ഥിതിക മാനദണ്ഡങ്ങളും നിലവാരവും വൃത്തിയും മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന സ്ഥാപനം കേരളത്തിലെ യുവ സംരംഭങ്ങള്‍ക്ക് തന്നെ മികച്ച മാതൃകയാണ്.

unnamed-1”ഇന്ത്യയില്‍ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന ലോണ്‍ഡ്രി സ്ഥാപനങ്ങളിലൊന്നാണ് മാഗ്നാമൈന്‍ഡ്. രണ്ടു വര്‍ഷത്തിനുള്ളില്‍ 54 ഔട്ട്‌ലെറ്റുകളാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി തുറന്നത്. പാന്‍ കേരളയെന്നതാണ് ഞങ്ങളുടെ ഇപ്പോഴത്തെ വിഷന്‍. കേരളം മുഴുവന്‍ വ്യാപിക്കുന്ന ശൃംഖലയായി മാറാനാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. ഇത് ഏറെക്കുറെ പ്രാവര്‍ത്തികമായിക്കഴിഞ്ഞു,” മാഗ്നാെൈമന്റിന്റെ വളര്‍ച്ചയെക്കുറിച്ച് ശ്രീജിത്ത് പറയുന്നതിങ്ങനെയാണ്. ലിനന്‍ ലൗഞ്ച്, സെന്‍ട്രലിം, അല്യൂര്‍ എന്നിവയാണ് മാഗ്നാമൈന്‍ഡിന്റെ മൂന്ന് ഡിവിഷനുകള്‍. ഹോട്ടലുകളിലെ ബെഡ്, ബാത്ത്, എഫ്&ബി, യൂണിഫോം, കോര്‍പ്പറേറ്റ് കമ്പനികളുടെ യൂണിഫോം, കണ്‍വെന്‍ഷന്‍ സെന്ററുകളില്‍ നിന്നുള്ള ബാങ്ക്വെറ്റ് ലിനന്‍, റെയില്‍വേയില്‍ നിന്നുള്ള ബെഡ്, ബാത്ത് ലിനന്‍, എയര്‍ലൈനുകളുടെ പുതപ്പുകള്‍, സീറ്റ് കവറുകള്‍ തുടങ്ങിയവ അലക്കിത്തേയ്ക്കുന്ന പ്രധാനപ്പെട്ട ലോണ്‍ഡ്രി സേവനങ്ങളാണ് ലിനന്‍ ലൗഞ്ച് നല്‍കുന്നത്. സെന്‍ട്രലിമാണ് ഹോട്ടലുകള്‍ക്കാവശ്യമായ തുണിത്തരങ്ങള്‍ വാടകയ്ക്കു നല്‍കുന്ന സേവനത്തിന് രാജ്യത്ത് തുടക്കമിട്ടത്. നഗരങ്ങളിലും പട്ടണങ്ങളിലും വിന്യസിക്കുന്ന കളക്ഷന്‍ സെന്ററുകളിലൂടെ നടത്തുന്ന റീട്ടെയ്ല്‍ പ്രവര്‍ത്തനങ്ങളാണ് അല്യൂര്‍ എന്ന ഡിവിഷനുള്ളത്.

”പരസ്യങ്ങളും മറ്റ് പ്രചാരണങ്ങളുമില്ലാതെ വളര്‍ന്നുവന്ന സ്ഥാപനമാണ് മാഗ്നാമൈന്‍ഡ് എന്ന് ഞങ്ങള്‍ക്ക് അഭിമാനപൂര്‍വം പറയാനാവും. മികച്ച സേവനങ്ങളും കാര്യക്ഷമതയുമാണ് ഞങ്ങള്‍ ഉറപ്പുനല്‍കുന്നത്. വൃത്തിക്കും കൃത്യതയ്ക്കുമാണ് ഏറ്റവും പ്രാധാന്യം. അതുതന്നെയാണ് ഞങ്ങളുടെ മുഖമുദ്രയും,” ശ്രീജിത്ത് പറയുന്നു. ”കേരളത്തിന്റെ വടക്കു ഭാഗത്തുള്ള ജില്ലകളില്‍ കോഴിക്കോട് വരെ ഞങ്ങള്‍ സാന്നിധ്യമറിയിച്ചു കഴിഞ്ഞു. കണ്ണൂരും കാസര്‍ഗോഡും ഉടന്‍ തന്നെ സേവനം ലഭ്യമാക്കും. വയനാട്ടില്‍ ഞങ്ങള്‍ക്ക് റീട്ടെയ്ല്‍ ഡിവിഷനില്ല. ഈ സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകുമ്പോഴേക്കും 100 സ്‌റ്റോറുകള്‍ കേരളത്തിലുടനീളം സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. ഇത് പ്രാവര്‍ത്തികമാകുമെന്നാണ് പ്രതീക്ഷ, ” ശ്രീജിത്ത് കൂട്ടിച്ചേര്‍ക്കുന്നു.

clothes-closet-illustrationഅമേരിക്ക, ഇറ്റലി, ജര്‍മനി, ഡെന്‍മാര്‍ക്ക്, ബെല്‍ജിയം, റഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള അത്യാധുനിക യന്ത്രങ്ങള്‍ ഇറക്കുമതി ചെയ്താണ് മാഗ്നാമൈന്‍ഡ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. കിന്‍ഫ്രാ പാര്‍ക്കില്‍, നാലുനിലകളിലായി 28,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടത്തില്‍ തുണിത്തരങ്ങള്‍ സ്വീകരിക്കല്‍, ഇനംതിരിക്കല്‍, ബാര്‍ കോഡിങ്, അലക്കല്‍, ഇസ്തിരിയിടല്‍, പായ്ക്കിങ്, ഡെസ്പാച്ച് തുടങ്ങിയവയ്ക്കുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സാധാരണനിലയില്‍ അലക്കാന്‍ ഒരു ബെഡ് ഷീറ്റിന് 45 ലിറ്റര്‍ വെള്ളം വേണ്ടിവരും. എന്നാല്‍ വെള്ളത്തിന്റെ ആവശ്യം 13 ലിറ്ററിലേക്ക് കൊണ്ടുവരാന്‍ പുതിയ സാങ്കേതികവിദ്യകളിലൂടെ കഴിയുമെന്ന് ശ്രീജിത്ത് പറയുന്നു. ഇതോടൊപ്പം തുണിക്ക് കൂടുതല്‍ ഈടും തനതായനിറവും ഉറപ്പു നല്‍കുകയും ചെയ്യുന്നു. അഞ്ചുമുതല്‍ 100 ടണ്‍വരെ ശേഷിയുള്ള 340 ലോണ്‍ഡ്രികള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ സ്ഥാപിക്കാന്‍ ശ്രീജിത്ത് നേതൃത്വം നല്‍കിയിട്ടുണ്ട്. കിന്‍ഫ്ര പാര്‍ക്കിലെ പൊതുജല സ്രോതസുകള്‍ക്കു പുറമേ കൂറ്റന്‍ ജലസംഭരണിയും മാഗ്നാമൈന്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. മലിനജലം ശുദ്ധീകരിക്കാന്‍ ലോകോത്തര നിലവാരമുള്ള സംവിധാനവും സ്വന്തം നിലയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തുണി കൊണ്ടുവരാനും അലക്കി തിരികെ നല്‍കാനും പ്രത്യേകം വാഹന വ്യൂഹവുമുണ്ട്.
”മാഗ്നാമൈന്‍ഡിന്റെ പ്രവര്‍ത്തനങ്ങളെ വ്യത്യസ്തമാക്കുന്നതും മുന്‍തൂക്കം നല്‍കുന്നതും കമ്പനിയുടെ സാങ്കേതികവിദ്യ തന്നെയാണ്. ദിവസം പതിനഞ്ച് ടണ്‍ തുണിത്തരങ്ങള്‍ കഴുകി ഉണക്കാനുള്ള ഫിഫ്ത് ജെനറേഷന്‍ ഡ്രൈ ക്ലീനിംഗ് മെഷീനുകള്‍ വിദേശത്തു നിന്ന് ഇറക്കുമതി ചെയ്തവയാണ്. 65 ലക്ഷം രൂപവരെയുള്ള വാഷിംഗ് മെഷീനുകളാണ് ഞങ്ങള്‍ ഉപയോഗിക്കുന്നത്. അന്താരാഷ്ട്ര നിലവാരമുള്ള സോപ്പുപൊടികളും രാസവസ്തുക്കളും ഉപയോഗിച്ചാണ് തുണികള്‍ കഴുകുന്നത്. വസ്ത്രങ്ങള്‍ ഇസ്തിരിയിടാനാകട്ടെ നീരാവി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പ്രത്യേക സംവിധാനമാണുള്ളത്,” സ്ഥാപനത്തിന്റെ ഉന്നത സാങ്കേതിക നിലവാരത്തെക്കുറിച്ച് ശ്രീജിത്ത് വ്യക്തമാക്കുന്നു.

കേരളത്തില്‍ തുണി അലക്കുന്നതിലും ഇസ്തിരിയിടുന്നതിലും വിപ്ലവകരമായ മാറ്റമാണ് കമ്പനി ആവിഷ്‌കരിച്ചത്. സംസ്ഥാനത്ത് ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇത്രയും ഔട്ട്‌ലെറ്റുകള്‍ തുറക്കാനായത് തന്നെ പൊതുജനങ്ങള്‍ എത്രത്തോളം ഇത്തരം സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നുവെന്നതിന്റെ തെളിവാണെന്ന് ശ്രീജിത്ത് പറയുന്നു. ”എല്ലായിടത്തും ഒരേ നിരക്കിലാണ് മാഗ്നാമൈന്‍ഡിന്റെ സേവനങ്ങള്‍ ലഭ്യമാക്കുന്നത്. ഇന്ത്യ മുഴുവന്‍ വ്യാപിപ്പിക്കുകയെന്നതാണ് ആത്യന്തികമായ ലക്ഷ്യമെങ്കിലും ഇപ്പോള്‍ കേരളത്തില്‍ മാത്രമാണ് ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 200-ലധികം ജീവനക്കാരാണ് ഇപ്പോള്‍ ഞങ്ങളുടെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നത്,” ശ്രീജിത്ത് പറയുന്നു. ”കേരളത്തില്‍ ലോണ്‍ഡ്രി മേഖലയ്ക്ക് വളരെ കുറഞ്ഞ സാധ്യതയാണുള്ളതെന്ന് പറയുന്നത് തെറ്റാണ്. ഇത് ഒരു ശീലമാക്കിയ നിരവധി ഉപഭോക്താക്കള്‍ ഞങ്ങള്‍ക്ക് തന്നെയുണ്ട്. ഞങ്ങള്‍ ഇവിടെ ഞങ്ങളുടേതായ വിപണി ഉണ്ടാക്കിയെടുക്കുകയായിരുന്നു. സ്ഥിരമായി ഞങ്ങളുടെ സേവനം പ്രയോജനപ്പെടുത്തുന്നവരുണ്ട്. കേരളത്തിന്റെ പൊതു സ്വഭാവം തന്നെ മാഗ്നാമൈന്‍ഡ് മാറ്റിയെന്നു പറയാം,” കേരളത്തിലെ തങ്ങളുടെ ഉപഭോക്താക്കളെക്കുറിച്ച് അദ്ദേഹം മനസുതുറക്കുന്നു.

ഇത്തരം ഒരു സ്ഥാപനം നെല്ലാട് പോലുള്ള പ്രദേശത്ത് ആരംഭിച്ചത് പ്രാദേശിക സമൂഹത്തിനും കാര്യമായ പ്രയോജനം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. യൂണിറ്റില്‍ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും പ്രദേശവാസികള്‍ തന്നെയാണ്. സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് മികച്ച വരുമാന മാര്‍ഗമാകാന്‍ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. ”ഇന്ന് വളരെ വില കൂടിയ വസ്ത്രങ്ങളാണ് നാംപൊതുവേ ഉപയോഗിക്കുന്നത്. വീട്ടിലോ പുറത്തോ അലക്കാനോ മറ്റോ നല്‍കുമ്പോള്‍ വസ്ത്രത്തിന്റെ പുതുമ നഷ്ടപ്പെടുകയും അതിന്റെ ലൈഫ് കുറയുകയും ചെയ്യും. ഇതെല്ലാം മുന്‍കൂട്ടി മനസിലാക്കി മികവാര്‍ന്ന സേവനത്തില്‍ ഊന്നിയാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഉപഭോക്താവിന് ഔട്ട്‌ലെറ്റില്‍ വരാതെ തന്നെ ഡോര്‍ ടു ഡോര്‍ സര്‍വീസിലൂടെ കൃത്യസമയത്തിനുള്ളില്‍ കമ്പനി സേവനം ലഭ്യമാക്കുന്നു. ഇതിനായി ഇന്‍ബോക്‌സ് എന്ന സംവിധാനവും കമ്പനി ആവിഷ്‌കരിച്ചിട്ടുണ്ട്,” ശ്രീജിത്ത് ചൂണ്ടിക്കാട്ടുന്നു.

ഒരു അലക്കു കമ്പനിയായതുകൊണ്ടുതന്നെ ഇവിടെ നിന്ന് സോപ്പുപൊടിയും കെമിക്കലുകളുമെല്ലാം അടങ്ങിയ ഉപയോഗശൂന്യമായ വെള്ളം പുറത്തുവരുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇതു നിര്‍മാര്‍ജനം ചെയ്യാന്‍ കിന്‍ഫ്രാ പാര്‍ക്കില്‍ ട്രീറ്റ്‌മെന്റ് പ്ലാന്റുണ്ടായിട്ടും സ്വന്തമായി 75 ലക്ഷം രൂപയുടെ മലിനജലം ശുദ്ധീകരിക്കാനുള്ള സംവിധാനവും കമ്പനി സജ്ജീകരിച്ചു. ഇവിടെ ഉപയോഗിക്കുന്ന വെള്ളത്തില്‍ ക്ലോറിന്‍ അടങ്ങിയിട്ടില്ലായെന്നതാണ് മാഗ്നാമൈന്‍ഡിന്റെ മറ്റൊരു പ്രത്യേകത.

unnamed-4കേരളത്തിലെ ബിസിനസ് അന്തരീക്ഷം തികച്ചും വ്യത്യസ്തമാണെന്ന് ശ്രീജിത്ത് അഭിപ്രായപ്പെടുന്നു. ”ഇവിടെ വെല്ലുവിളികള്‍ നിരവധിയാണ്. യുഎഇ പോലുള്ള സ്ഥലങ്ങളില്‍ ഒരു ബിസിനസ് സംരംഭം തുടങ്ങണമെങ്കില്‍ ഉപഭോക്താക്കളെയും, സര്‍ക്കാരിനെയും, ജീവനക്കാരെയും, സ്‌റ്റേക്ക് ഹോള്‍ഡര്‍മാരെയും മാത്രം കൃത്യമായി മാനേജ് ചെയ്താല്‍ മതി. ഈ നാല് വിഭാഗത്തെയും നല്ല രീതിയില്‍ മാനേജ് ചെയ്യാനായാല്‍ ബിസിനസ് വിജയകരമാവും. എന്നാല്‍ കേരളത്തെ സംബന്ധിച്ചിടത്തോളം അഞ്ചാമത് ഒരു വിഭാഗത്തെക്കൂടി നന്നായി മാനേജ് ചെയ്യേണ്ടിയിരിക്കുന്നു. മിക്ക വിഷയങ്ങളെക്കുറിച്ചും കൃത്യമായ അവബോധമുള്ള പ്രദേശവാസികളെക്കൂടി ഇവിടെ ബിസിനസ് തുടങ്ങുമ്പോള്‍ പരിഗണിക്കേണ്ടതുണ്ട്. തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ഇത്തരക്കാര്‍ക്ക് വ്യക്തമായ ധാരണയുണ്ട്. ഇത്തരം ആളുകളെ മാനേജ് ചെയ്യുകയെന്നതാണ് കേരളത്തിലേക്ക് ചുവടുവയ്ക്കാന്‍ തയാറെടുക്കുന്ന ഒരു സംരംഭകന്റെ ഏറ്റവും വലിയ വെല്ലുവിളി. ഇത് നന്നായി കൈകാര്യം ചെയ്യുന്നവര്‍ക്ക് ഇവിടെ വിജയിക്കാനാവും,” അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

കേരളത്തിലെ വ്യവസായ മേഖലയിലെ സ്തംഭനത്തെക്കുറിച്ചും പിന്നോട്ടടിയെക്കുറിച്ചും വാചാലരാവുന്ന പലരും ഇത്തരത്തിലുള്ള വ്യത്യസ്തമായ ഒരു മാര്‍ക്കറ്റ് സ്‌പേസ് കണ്ടെത്താന്‍ മിക്കപ്പോഴും തയാറാകില്ലായെന്നതാണ് യാഥാര്‍ഥ്യം. കേരളം പോലൊരു സംസ്ഥാനത്ത് പുതുമയാര്‍ന്ന ഒരു വ്യവസായം പരിചയപ്പെടുത്തി അതിലൂടെ വിജയം കണ്ടെത്തിയവര്‍ എന്ന പേരിലാകും വരുംകാലങ്ങളില്‍ മാഗ്നാമൈന്റ് എന്ന സ്ഥാപനവും അതിന്റെ സംരംഭകരും അറിയപ്പെടുക.

Comments

comments

Categories: FK Special