ഭക്ഷ്യ സുരക്ഷ: ലാറ്റിന്‍ അമേരിക്ക പ്രാധാന്യമര്‍ഹിക്കുന്നു

ഭക്ഷ്യ സുരക്ഷ:  ലാറ്റിന്‍ അമേരിക്ക പ്രാധാന്യമര്‍ഹിക്കുന്നു

ന്യൂഡെല്‍ഹി: ആഗോള തലത്തില്‍ സമൃദ്ധി ചൊരിയുന്നതിനും സ്ഥിരത കൈവരിക്കുന്നതിനും ലാറ്റിന്‍ അമേരിക്കന്‍ കരീബിയന്‍ മേഖലയിലെ രാജ്യങ്ങള്‍ പ്രധാന പങ്കുവഹിക്കുന്നതായി വിദേശകാര്യ മന്ത്രാലയ സെക്രട്ടരി പ്രീതി ശരണ്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷയ്ക്കും ഈ മേഖല അതീവ പ്രാധാന്യമര്‍ഹിക്കുന്നതായി അവര്‍ ചൂണ്ടിക്കാട്ടി. ലാറ്റിന്‍ അമേരിക്ക: ദ നീഡ് ഫോര്‍ ആന്‍ ഇഫക്റ്റീവ് പ്രോഗ്രാം എന്ന പേരില്‍ ന്യൂഡെല്‍ഹിയില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര സെമിനാരില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അവര്‍. പരസ്പര സഹകരണം വര്‍ധിപ്പിക്കുന്നതിനായി നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രധാന പദ്ധതികളായ മേക്ക് ഇന്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യ തുടങ്ങിയ പദ്ധതികളില്‍ നിക്ഷേപം നടത്താനും അവര്‍ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളോട് ആഹ്വാനം ചെയ്തു.

നിരവധി സ്രോതസുകളാലും കഴിവുകളാലും അനുഗ്രഹീതമാണ് ലാറ്റിനമേരിക്കന്‍ കരീബിയന്‍ മേഖല. അതിനാല്‍ തന്നെ ലോക സമ്പദ്‌വ്യവസ്ഥയുടെ പ്രധാന ഭാഗമാകുവാന്‍ അതിന് കഴിഞ്ഞിട്ടുണ്ട്. ലോക സമ്പദ്‌വ്യവസ്ഥ കടുത്ത ഞെരുക്കത്തിലകപ്പെടുന്ന സമയത്ത്, ആഗോളതലത്തിലെ സമൃദ്ധിക്കും സ്ഥിരതയ്ക്കും അവിടം ഒരു പ്രധാന മേഖലയായി വര്‍ത്തിക്കാന്‍ സാധിക്കും. ലാറ്റിന്‍ അമേരിക്കന്‍ കരീബിയന്‍ മേഖലയിലെ 33 രാജ്യങ്ങളുമായി രാഷ്ട്രീയ, സാമ്പത്തിക സഹകരണം വര്‍ധിപ്പിക്കാണ് ഇന്ത്യയുടെ തന്ത്രപരമായ തീരുമാനം. സഹകരണത്തിലൂടെ ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തുകയാണ് ലക്ഷ്യം-അവര്‍ വിശദീകരിച്ചു. ഭക്ഷ്യ സുരക്ഷയില്‍ പ്രധാന പങ്കാളിയാകാനും ഇന്ത്യയുടെ കാര്‍ഷിക സംബന്ധിയായ വ്യവസായങ്ങളുടെ വികസനത്തിന് നിര്‍ണായക സാന്നിധ്യമാകാനും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ക്കു കഴിയും-ശരണ്‍ കൂട്ടിച്ചേര്‍ത്തു. മേഖലയുമായുള്ള ഉഭയകക്ഷി വ്യാപാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് എടുത്തു പറഞ്ഞ അവര്‍ അവിടുത്തെ ഇന്ത്യയുടെ സഞ്ചിത നിക്ഷേപം 20 ബില്ല്യണ്‍ ഡോളറിലെത്തിയെന്ന് അറിയിച്ചു. കാലക്രമേണ ഇത് വര്‍ധിപ്പിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇന്ത്യയും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളുമായും മികച്ച ബന്ധമാണ് നിലനില്‍ക്കുന്നത്. എന്നാല്‍, പരസ്പരമുള്ള അറിവിന്റെ കുറവുണ്ട്. മികച്ച ഉഭയകക്ഷി ബന്ധത്തിന് ആളുകള്‍ തമ്മിലുള്ള പരസ്പര ബന്ധം ആവശ്യമാണ്. സൗഹൃദബന്ധം കൂടുതല്‍ സുദൃഢമാക്കുന്നതിനും അറിവില്ലായ്മ സൃഷ്ടിക്കുന്ന വിടവ് നികത്തുന്നതിനും ഇത് അനിവാര്യമാണ്. സംസ്‌കാരം, വിദ്യാഭ്യാസം എന്നീ വിഭാഗങ്ങളിലുള്ള ഇന്ത്യയുടെ സഹകരണം മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയുമായുള്ള വ്യാപാരവും നിക്ഷേപവും ശക്തിപ്പെടുത്തുന്നതിന് കമ്പനികള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും ആവശ്യമായ എല്ലാ സഹായങ്ങളും ഒരുക്കുമെന്നും അവര്‍ വ്യക്തമാക്കി.

Comments

comments

Categories: Slider, Top Stories