ബ്രിക്‌സിന്റെ ഭൂതവും ഭാവിയും

ബ്രിക്‌സിന്റെ ഭൂതവും ഭാവിയും

 

സന്തോഷ് മാത്യു

ബ്രിക്‌സിന്റെ എട്ടാമത് ഉച്ചകോടിക്ക് ഗോവയില്‍ തിരശ്ശീല വീണിട്ട് അധികനാളായിട്ടില്ല. ഉത്തരവാദിത്തമുള്ളതും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ കൂട്ടായ പ്രശ്‌നപരിഹാരത്തിനുള്ള ശ്രമം (ബില്‍ഡിംഗ് റെസ്‌പോണ്‍സീവ്, ഇന്‍ക്ലുസീവ് ആന്‍ഡ് കളക്റ്റീവ് സൊലൂഷന്‍) എന്നതായിരുന്നു ഒക്‌റ്റോബര്‍ 15,16 തീയതികളിലായി നടന്ന ഗോവ ഉച്ചകോടിയുടെ മുദ്രാവാക്യം.

ഭീകരതയെ അപലപിച്ചാല്‍ മാത്രം പോരെന്നും അതിനെതിരായ പ്രവര്‍ത്തനങ്ങളുടെ തുടക്കം ഇവിടെവച്ച് വേണമെന്നും ആതിഥേയനായ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞപ്പോള്‍ വന്‍ കൈയടിയാണ് വേദിയില്‍ മുഴങ്ങിയത്. പാക്കിസ്ഥാനില്‍ നിന്ന് ഉത്ഭവിക്കുന്ന തീവ്രവാദത്തോടും അതിര്‍ത്തികടന്നുള്ള കൈയേറ്റങ്ങളോടും ചൈന പുലര്‍ത്തുന്ന ഇരട്ടത്താപ്പിനെ പരോക്ഷമായി വിമര്‍ശിക്കാനും മോദി ഈ അഞ്ച് രാഷ്ട്രകൂട്ടായ്മയുടെ സമ്മേളനത്തെ നന്നായി ഉപയോഗപ്പെടുത്തി.

ഗോള്‍ഡ്മാന്‍ സാച്ച്‌സിലെ വിശകലന വിദഗ്ധനായ ടിം ഒതീല്‍ ആണ് 2001ല്‍ ബ്രിക്‌സ് എന്ന ആശയം തന്റെ സഹപ്രവര്‍ത്തകയായ രൂപ പുരുഷോത്തമനുമൊത്ത് ആദ്യമായി മുന്നോട്ടുവച്ചത്. അന്താരാഷ്ട്ര രംഗത്ത് രാജ്യങ്ങളുടെ സാമ്പത്തിക കരുത്ത് വിശകലനം ചെയ്ത് റേറ്റിംഗ് നിശ്ചയിക്കുന്നതില്‍ ഗോള്‍ഡ്മാന്‍ സാച്ച്‌സിനും സ്റ്റാന്‍ഡേഡ് ആന്‍ഡ് പ്യുവറിനുമൊക്കെ നിര്‍ണ്ണായക സ്ഥാനമുണ്ട്. എന്നാല്‍ ഇവയൊക്കെ പലപ്പോഴും വികസിത രാജ്യങ്ങളുടെ ഇംഗിതങ്ങള്‍ക്ക് വശംവദരായാണ് പ്രവര്‍ത്തിച്ചുപോരുന്നത്. ഇത്തവണത്തെ ബ്രിക്‌സ് ഉച്ചകോടിയുടെ പ്രധാന പ്രഖ്യാപനങ്ങളിലൊന്ന് ബ്രിക്‌സ് റേറ്റിംഗ് ഏജന്‍സി രൂപവല്‍ക്കരിക്കുകയെന്നതാണ്.

ലോകജനസംഖ്യയുടെ 42 ശതമാനത്തെ പ്രതിനിധീകരിക്കുന്ന ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവയുടെ കൂട്ടായ്മയെ അന്തര്‍ദേശീയ സമൂഹം സൂക്ഷ്മമായാണ് നിരീക്ഷിച്ച് വരുന്നത്. 2006ല്‍ നടന്ന യുഎന്‍ പൊതുസഭ സമ്മേളനത്തോടനുബന്ധിച്ചാണ് ഇത്തരമൊരു കൂട്ടായ്മ എന്ന ആശയം സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടത്. 2008ല്‍ ബ്രിക്‌സ് യാഥാര്‍ത്ഥ്യമായി. തൊട്ടടുത്തവര്‍ഷം ആദ്യ ഉച്ചകോടിക്ക് റഷ്യയിലെ കാതറിന്‍ബര്‍ഗ് വേദിയാവുകയും ചെയ്തു.
അഞ്ച് അംഗ രാജ്യങ്ങളില്‍ രണ്ടു പേര്‍ യുഎന്‍ സുരക്ഷാ സമിതിയില്‍ സ്ഥിരാംഗങ്ങളാണ്, റഷ്യയും ചൈനയും. 17.2 ശതമാനം ലോകവ്യാപാരം നിയന്ത്രിക്കുന്നത് ബ്രിക്‌സ് രാഷ്ട്രങ്ങളാണ്.

എന്നാല്‍ അംഗരാഷ്ട്രങ്ങള്‍ പരസ്പരമുള്ള വ്യാപാരം മൊത്തം ആഗോള വ്യാപാരത്തിന്റെ ഒരു ശതമാനത്തിലും താഴെയാണ്. ഉഭയകക്ഷി വ്യാപാര ബന്ധങ്ങള്‍ പരിപോഷിപ്പിക്കുന്നതിനായാണ് ചൈനയിലെ ഷാങ്ഹായ് ആസ്ഥാനമാക്കി ന്യൂ ഡെവലപ്പ്‌മെന്റ് ബാങ്ക് ആരംഭിച്ചിട്ടുള്ളത്. ലോക വിസ്തൃതിയുടെ നാലിലൊന്നും ഉള്‍ക്കൊള്ളുന്നതാണ് ബ്രിക്‌സ് മേഖല. യുഎന്‍, ജി-20, യു77 എന്നിങ്ങനെയുള്ള അന്തര്‍ദേശീയ കൂട്ടായ്മകളിലും ബ്രിക്‌സ് രാജ്യങ്ങളുടെ സജീവ സാന്നിധ്യമുണ്ട്. ഒരു സമ്മര്‍ദ്ദ ഗ്രൂപ്പായി യോജിച്ചു നിന്നാല്‍ ഒരുപാട് കാര്യങ്ങള്‍ നേടിയെടുക്കാന്‍ ഈ കൂട്ടായ്മയ്ക്കാവും. എന്നാല്‍ പരസ്പരമുള്ള വിശ്വാസക്കുറവും ഭൗമരാഷ്ട്രീയത്തിലെ വ്യത്യസ്ത താല്‍പര്യങ്ങളും പരസ്പരം അടുക്കുന്നതില്‍ നിന്ന് ബ്രിക്‌സ് രാഷ്ട്രങ്ങളെ തടയുകയാണ്.

ഭീകരതക്കെതിരായ കാര്യത്തില്‍ പാക്കിസ്ഥാനെ അപലപിക്കാന്‍ അവരുടെ ദീര്‍ഘകാല സുഹൃത്ത് കൂടിയായ ചൈന തയാറായിട്ടില്ല. റഷ്യയാകട്ടെ ബലൂചിസ്ഥാനില്‍ അടുത്തിടെ പാക്കിസ്ഥാനുമായി ചേര്‍ന്ന് സംയുക്ത സൈനികാഭ്യാസംവരെ നടത്തിയിരിക്കുകയുമാണ്. തെക്കന്‍ ചൈനാ കടലില്‍ ചൈന നടത്തുന്ന അധിനിവേശത്തിന് റഷ്യ പിന്തുണ നല്‍കുമ്പോള്‍ ഇന്ത്യ നിഷ്പക്ഷ നയമാണ് പുലര്‍ത്തുന്നത്. എന്നാല്‍ ക്രിമിയയില്‍ റഷ്യ നടത്തിയ മുന്നേറ്റത്തെ ഇന്ത്യയും ചൈനയും പിന്തുണയ്ക്കുകയാണ് ചെയ്തത്. ഇന്ത്യ അമേരിക്കയുമായി കൂടുതല്‍ അടുക്കുകയാണെന്ന ചിന്ത റഷ്യയും ചൈനയും വച്ചുപുലര്‍ത്തുന്നുണ്ട്.

പാക്കിസ്ഥാന്‍ ഭീകരതയുടെ ഉറവിടമാണ്, ഭീകരരുടെ സ്വര്‍ഗമാണ് എന്നിങ്ങനെയുള്ള പരാമര്‍ശങ്ങള്‍ ഉറി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മോദി നടത്തുകയുണ്ടായി. പാക്കിസ്ഥാനെ ബ്രിക്‌സ് വേദിയില്‍ നിന്ന് അകറ്റിനിര്‍ത്തുന്നതിന് വേണ്ടിമാത്രം സാര്‍ക്കിന് പകരം ബിംസ്‌ടെക്കിനെ സംഭാഷണത്തിനും ഉഭയകക്ഷി ചര്‍ച്ചകള്‍ക്കും ഗോവയിലേക്ക് ക്ഷണിച്ചുവരുത്തിയത് മോദിയുടെ നയതന്ത്ര മിടുക്ക് തന്നെയാണെന്നുവേണം വിലയിരുത്താന്‍. പ്രത്യേകിച്ചും സെപ്റ്റംബറില്‍ ഇസ്ലാമാബാദില്‍ നടക്കേണ്ടിയിരുന്ന സാര്‍ക്ക് ഉച്ചകോടി ഇന്ത്യയുടെ പിന്‍മാറ്റം മൂലം നടക്കാത്ത സാഹചര്യത്തില്‍ ഇനി ബിംസ്‌ടെക്കിനായിരിക്കും മോദിയുടെ വിദേശ നയത്തിന്‍ ഊന്നലെന്നത് പകല്‍പോലെ വ്യക്തമായിരിക്കുകയാണ്.

ബംഗ്ലാദേശ്, ഇന്ത്യ, ഭൂട്ടാന്‍, നേപ്പാള്‍, മ്യാന്‍മര്‍, ശ്രീലങ്ക എന്നിവയുടെ കൂട്ടായ്മയായ ബിംസ്‌ടെക്കിനെ ബ്രിക്‌സ് വേദിയിലേക്ക് ക്ഷണിച്ചത് അയല്‍പ്പക്ക നയതന്ത്രത്തില്‍ മോദിക്ക് വലിയൊരു ചുവടുവെയ്പ്പ് തന്നെയായി. പ്രതിരോധം, തീവ്രവാദവിരുദ്ധ നയം, കാലാവസ്ഥാ വ്യതിയാനം എന്നിവയിലൊക്കെ അമേരിക്കന്‍ അനുകൂല നിലപാടാണ് ഇന്ത്യ സ്വീകരിച്ചുവരുന്നതെന്ന് റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പെങ്ങും പരോക്ഷമായി പലവേദികളിലും സൂചിപ്പിക്കുന്നുണ്ട്.

ചൈനയുടെ വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിയിലെ പ്രധാന സാമ്പത്തിക ഇടനാഴി കടന്നുപോകുന്നത് പ്രശ്‌ന കലുഷിതമായ ബലൂചിസ്ഥാനില്‍ കൂടിയാണ്. ഗദ്വാര്‍ തുറമുഖ നിര്‍മാണവും ചൈനീസ് നേതൃത്വത്തില്‍ പുരോഗമിക്കുന്നു. അതുകൊണ്ട് തന്നെ പാക്കിസ്ഥാനുമായുള്ള വിഷയങ്ങളില്‍ തന്ത്രപ്രധാനമായ മൗനമാണ് ചൈന ബ്രിക്‌സില്‍ സ്വീകരിച്ചത്.

ആണവ ഗ്രൂപ്പി(എന്‍എസ്ജി)ലെ ഇന്ത്യന്‍ അംഗത്വത്തെ ചൈന എതിര്‍ത്തുവരികയാണ്. 23 തരത്തിലെ സഹകരണങ്ങളാണ് ബ്രിക്‌സില്‍ പ്രധാനമായുള്ളത്. ശാസ്ത്ര- സാങ്കേതിക, വിവര- സാങ്കേതിക വിനിമയം, സാംസ്‌കാരികം തുടങ്ങിയവ ഇതില്‍ മുന്നില്‍നില്‍ക്കുന്നു. ഇതിനെല്ലാം സമവായം വേണമെന്ന് ഉഭയകക്ഷി ചര്‍ച്ചയില്‍ ചൈനയും ഇന്ത്യയും പരസ്പരം ആവശ്യപ്പെടുകയുണ്ടായി. 2012ലാണ് ഇന്ത്യ മുന്‍കൈയെടുത്ത് ദക്ഷിണാഫ്രിക്കയെ സംഘടനയില്‍ അംഗമാക്കിയത്. അതോടെയാണ് ബ്രിക്, ബ്രിക്‌സ് ആയി മാറിയത്. ആഫ്രിക്കന്‍ രാഷ്ട്രങ്ങളുടെ സംഘടനയായ ആഫ്രിക്കന്‍ യൂണിയനി (എയു)ലെ മുന്‍നിരക്കാരാണ് ദക്ഷിണാഫ്രിക്ക. ഇന്ത്യ നാളിതുവരെ സാര്‍ക്കിന്റെ ജീവാത്മാവും പരമാത്മാവും.

സോവിയറ്റ് യൂണിയന്‍ വിഘടിച്ചപ്പോള്‍ രൂപപ്പെട്ട 13 റിപ്പബ്ലിക്കുകളുടെ കൂട്ടായ്മയായ കോമണ്‍വെല്‍ത്ത് ഓഫ് ഇന്‍ഡിപെന്റഡ് സ്റ്റേറ്റി(സിഐഎസ്)ന്റെ നേതാവാണ് റഷ്യ. ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ എന്ന സംവിധാനത്തിന്റെ തലപ്പത്ത് റഷ്യയും ചൈനയുമുണ്ട്. ബ്രസീലാവട്ടെ യൂണിയന്‍ ഓഫ് സൗത്ത് അമേരിക്കന്‍ നേഷന്‍സിലെ പ്രമുഖ അംഗവും. അങ്ങനെ ലോകത്തിലെ പ്രധാന വന്‍കരകളെയെല്ലാം പ്രതിനിധീകരിക്കുന്ന ബ്രിക്‌സിന് വളരെ ശുഭകരമായ ഭാവിതന്നെയാണ് മുന്നിലുള്ളത്.

പാക്കിസ്ഥാനാവട്ടെ വിശാല ദക്ഷിണേഷ്യ എന്ന ആശയം പ്രചരിപ്പിച്ച് ഇന്ത്യയെ വെട്ടിലാക്കുന്നുമുണ്ട്. മധ്യ ഏഷ്യയുടേയും പ്രാതിനിധ്യത്താല്‍ കൂടുതല്‍ അര്‍ത്ഥസമ്പുഷ്ടമായ കൂട്ടായ്മയാണ് വേണ്ടതെന്ന് പാക്കിസ്ഥാന്‍ വാദിക്കുന്നു. ഇതില്‍ ഇറാന്‍, മധേഷ്യന്‍ റിപ്പബ്ലിക്കുകള്‍, ചൈന എന്നിവയെല്ലാം അംഗത്വമെടുക്കണം. എന്നാല്‍ പുതിയ വികസന ബാങ്കിന് അംഗ രാജ്യങ്ങളെല്ലാം ചേര്‍ന്ന് 100 മില്ല്യണ്‍ ഡോളര്‍ മുതല്‍മുടക്കാന്‍ തീരുമാനിച്ചത് ബ്രിക്‌സിനെ സംബന്ധിച്ച് ശുഭ സൂചന തന്നെയാണ്. റെയ്ല്‍, റോഡ് രംഗത്ത് ഗവേഷണത്തിനും വികസനത്തിനുമായി പുതു കേന്ദ്രം, റേറ്റിംഗ് ഏജന്‍സി എന്നിവയെല്ലാം ബ്രിക്‌സിന് കരുത്താവുമെന്നുറപ്പ്.

എന്നാല്‍ സ്വതന്ത്ര വ്യാപാര കരാറുകള്‍ (എഫ്ടിഎ) ഒപ്പുവയ്ക്കപ്പെടുകയാണെങ്കില്‍ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ഏകാധിപത്യം തന്നെ മാര്‍ക്കറ്റുകളില്‍ ഉണ്ടാവുമെന്ന ഭയം മറ്റ് അംഗരാജ്യങ്ങള്‍ക്കുണ്ട്. 17 ശതമാനം ലോകവ്യാപാരം ബ്രിക്‌സ് നിയന്ത്രിക്കുന്നുവെങ്കില്‍ അതില്‍ 12 ശതമാനം കൈയാളുന്നത് ചൈന മാത്രമാണ്. ഇന്ത്യയുടെ പങ്കാവട്ടെ രണ്ട് ശതമാനം മാത്രവും. ചൈനയുടെ രണ്ടക്കത്തിലെത്തിയ സാമ്പത്തിക വളര്‍ച്ച, ഇന്ത്യയുടെ പുറംകരാര്‍ ജോലികളിലെ മേധാവിത്വം, എണ്ണ രാഷ്ട്രീയത്തില്‍ റഷ്യയ്ക്കുള്ള പ്രധാന പങ്ക്, ബ്രസീലിന്റെ ഭൗമരാഷ്ട്രീയം, ദക്ഷിണാഫ്രിക്കയുടെ അളവറ്റ പ്രകൃതി സമ്പത്ത് എന്നിവയെല്ലാം ചേര്‍ന്ന് ഫലപ്രദമായി പ്രവൃത്തിച്ചാല്‍ ലോകത്തിന്റെ മഹാമേരുവാകാന്‍ ബ്രിക്‌സിനു സാധിക്കുമെന്നതില്‍ തര്‍ക്കമില്ല.

അമേരിക്കന്‍ നേതൃത്വത്തിലെ വ്യാപാര കൂട്ടായ്മയായ ടിപിപി, ടിടിഐപി എന്നിവയില്‍ ബ്രിക്‌സ് രാജ്യങ്ങളൊന്നും അംഗമല്ല. വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം, സുരക്ഷ എന്നീ മേഖലകളില്‍ കൂടുതല്‍ സഹകരണം ഉറപ്പുവരുത്തേണ്ടതുമുണ്ട്. 2015ലെ റഷ്യയിലെ ഉഫ ഉച്ചകോടിയില്‍ നിന്ന് 2016ല്‍ ഗോവയിലെത്തിയ ബ്രിക്‌സിന് ഇനിയും കാതങ്ങള്‍ സഞ്ചരിക്കേണ്ടതായിട്ടുണ്ട്. ഇന്ത്യ അധ്യക്ഷപദവി അലങ്കരിക്കുന്ന വരുന്ന ഒരു വര്‍ഷം ബ്രിക്‌സിലെ പഞ്ച രാജ്യങ്ങളുടെ സഹകരണം കൂടുതല്‍ ശക്തിപ്പെടുമെന്നു തന്നെ പ്രതീക്ഷിക്കാം.

 

Comments

comments

Categories: FK Special
Tags: BRICS