ഐഐഎം ഡയറക്റ്റര്‍മാരുടെ ഒഴിവുകള്‍ നികത്തണം

ഐഐഎം ഡയറക്റ്റര്‍മാരുടെ  ഒഴിവുകള്‍ നികത്തണം

മാനേജ്‌മെന്റ് പഠനത്തിന്റെ കാര്യത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നതാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റു (ഐഐഎം)കള്‍. കേന്ദ്ര സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളാണ് പലര്‍ക്കും ബിസിനസ് പഠനത്തെ സംബന്ധിച്ചുള്ള ഇന്ത്യയിലെ അവസാനവാക്ക്. രാജ്യത്തെ ഐഐഎമ്മുകളെ ആഗോള തലത്തിലുള്ള മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാനാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നത്. എന്നാല്‍ ആകെയുള്ള 20 ഐഐഎമ്മുകളില്‍ 10 എണ്ണവും ഡയറക്റ്റര്‍മാരില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്.

ആറ് മാസത്തിലധികമായി ഡയറക്റ്റര്‍മാരെ നിയമിക്കുന്ന പ്രക്രിയയില്‍ തീരുമാനമുണ്ടാക്കാന്‍ മാനവവിഭവശേഷി വികസനമന്ത്രാലയത്തിന് സാധിച്ചിട്ടില്ല. ഇത് അത്ര നല്ല കാര്യമല്ല. പ്രീമിയര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തില്‍ ഈ മെല്ലെപ്പോക്ക് നയം സ്വീകരിക്കുന്നത് മികവിന്റെ ആഗോള കേന്ദ്രങ്ങളാക്കി ഇവയെ മാറ്റുകയെന്ന സ്വപ്‌നവുമായി ചേര്‍ന്നു പോകില്ല. റാഞ്ചി, റായ്പൂര്‍, ബാംഗ്ലൂര്‍, രോഹ്തക്, അമൃത്‌സര്‍, സിര്‍മൗര്‍, ബോദ് ഗയ, സമ്പല്‍പൂര്‍, നാഗ്പൂര്‍, വിശാഖപട്ടണം തുടങ്ങിയിടങ്ങളിലെ ഐഐഎമ്മുകളിലാണ് ഡയറക്റ്റര്‍മാരില്ലാത്തത്. ഇന്ത്യയിലെ ഏറ്റവും മികച്ച ഐഐഎം ആയി വിദഗ്ധര്‍ വിലയിരുത്തുന്ന സ്ഥാപനമാണ് ഐഐഎം ബാംഗ്ലൂര്‍ എന്നോര്‍ക്കുക. സ്മൃതി ഇറാനിയുടെ കയ്യില്‍ നിന്ന് വകുപ്പ് എടുത്ത് മാറ്റിയത് നിയമനപ്രക്രിയയില്‍ കാലതാമസം വരുത്തിയെന്നെല്ലാമുള്ള വാദങ്ങള്‍ക്ക് യാതൊരു വിധ പ്രസക്തിയുമില്ല.

മാനവവിഭവശേഷി വികസന വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ ഏറ്റവും മുന്‍ഗണന നല്‍കേണ്ടത് ഈ വിഷയത്തിനാണ്. ഇനിയും ഇതില്‍ കാലതാമസം ഉണ്ടായാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയത്തില്‍ ഇടപെടണം. അല്ലെങ്കില്‍ ഇന്ത്യയില്‍ നിന്നുള്ള ലോകോത്തര വിദ്യാഭ്യാസ സ്ഥാപനങ്ങളെന്ന അദ്ദേഹത്തിന്റെ സ്വപ്‌നം എങ്ങുമെത്തില്ല.

Comments

comments

Categories: Editorial