ബിസിസിഐയുടെ സാമ്പത്തിക ഇടപാടുകള്‍ സുപ്രീം കോടതി മരവിപ്പിച്ചു

ബിസിസിഐയുടെ സാമ്പത്തിക ഇടപാടുകള്‍ സുപ്രീം കോടതി മരവിപ്പിച്ചു

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡും (ബിസിസിഐ) വിവിധ സംസ്ഥാനങ്ങളിലെ ക്രിക്കറ്റ് അസോസിയേഷനുകളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ സുപ്രീം കോടതി മരവിപ്പിച്ചു. മത്സരങ്ങള്‍ നടത്തുന്നതിനായി പണമടയ്ക്കുന്ന വിഷയങ്ങളിലടക്കം നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ജസ്റ്റിസ് ലോധ സമിതി മുന്നോട്ടു വെച്ചിട്ടുള്ള ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതു സംബന്ധിച്ച തീരുമാനം ഡിസംബര്‍ മൂന്നിനു മുന്‍പേ സത്യവാങ്മൂലത്തിലൂടെ അറിയിക്കണമെന്ന് ബിസിസിഐ പ്രസിഡന്റ് അനുരാഗ് ഠാക്കൂര്‍, സെക്രട്ടറി അജയ് ഷിര്‍ക്കെ എന്നിവരോട് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുശേഷം മാത്രമേ ബിസിസിഐയും സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ പുനഃസ്ഥാപിക്കാന്‍ അനുവദിക്കുകയുള്ളൂവെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ലോധ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജൂലൈ 18ന് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ഇതു വരെ എടുത്ത നടപടികള്‍ എന്തെല്ലാം, ശുപാര്‍ശകള്‍ പൂര്‍ണമായി നടപ്പിലാക്കാനെടുക്കുന്ന കാലയളവെത്ര മുതലായ വിഷയങ്ങള്‍ സത്യവാങ്മൂത്തില്‍ വ്യക്തമാക്കണം. ജസ്റ്റിസ് ലോധ സമിതി മുന്‍പാകെ ഹാജരായി ശുപാര്‍ശകള്‍ എങ്ങനെ നടപ്പിലാക്കുമെന്നത് വിശദീകരിക്കണമെന്നും അനുരാഗ് ഠാക്കൂറിനോട് സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്.

ബിസിസിഐയുടെ സാമ്പത്തിക ഇടപാടുകള്‍ നിയന്ത്രിക്കുന്നതിനും വന്‍ കരാറുകള്‍ സംബന്ധിച്ച് പരിശോധിക്കാനും പ്രത്യേക ഓഡിറ്ററെ നിയമിക്കണമെന്ന് ലോധ സമിതി ശുപാര്‍ശ ചെയ്തിരുന്നു.

Comments

comments

Categories: Slider, Top Stories

Write a Comment

Your e-mail address will not be published.
Required fields are marked*