പ്രതിബന്ധങ്ങള്‍ക്കെതിരെ യുദ്ധം ചെയ്ത് കശ്മീരിലെ ഐടി സംരംഭകര്‍

പ്രതിബന്ധങ്ങള്‍ക്കെതിരെ യുദ്ധം ചെയ്ത് കശ്മീരിലെ ഐടി സംരംഭകര്‍

ബെംഗളൂരു: കശ്മീരിലെ സംരംഭകര്‍ക്ക് താഴ്‌വരയില്‍ പ്രതിസന്ധികള്‍ക്കെതിരെ യുദ്ധം ചെയ്യേണ്ട അവസ്ഥ. 39 കാരനായ ഷെയ്ഖ് ഇംതിയാസിന്റെ കാര്യമെടുത്താല്‍ കശ്മീരിലെ അവസ്ഥ വ്യക്തമാകും. ഇക്കഴിഞ്ഞ ജൂണില്‍ ഒരു ദിവസം പുലര്‍ച്ചെ നാല് മണിയോടെ എണീറ്റ് ഇംതിയാസ് നടന്നു തുടങ്ങി. ബാരാമുള്ളയില്‍നിന്ന് 52 കിലോമീറ്റര്‍ അകലെയുള്ള ശ്രീനഗറിലേക്കാണ് ഈ യാത്ര. പത്ത് മണിക്കൂര്‍ നേരമെടുത്താണ് ഇംതിയാസ് ശ്രീനഗറിലെത്തിച്ചേര്‍ന്നത്.

ജമ്മു കശ്മീരിലെ ഇ-ഗവേണനന്‍സ് പദ്ധതികളില്‍ പങ്കാളിയായ ഐടി കമ്പനി കോംടെക് ഇന്‍ഫോ സൊലൂഷന്‍സിന്റെ ഡയറക്റ്ററാണ് ഇംതിയാസ്. ഒന്നരക്കോടിയോളം രൂപയ്ക്ക് സ്മാര്‍ട്ട് കാര്‍ഡുകള്‍ നിര്‍മിച്ചുനല്‍കാന്‍ കരാറെടുത്തിരിക്കുന്നത് കോംടെക് ആണ്. താഴ്‌വരയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതിനാലും നേരിട്ട് എത്തിച്ചേരേണ്ടതിനാലും ഇംതിയാസിന് ഇതല്ലാതെ വഴിയില്ല. 1997ല്‍ ഭാര്യ റുക്‌സാനയ്‌ക്കൊപ്പം ഐടി കമ്പനി തുടങ്ങിയ ഇംതിയാസിന് ഇത്തരം പ്രതിബന്ധങ്ങള്‍ പുത്തരിയല്ല. സംസ്ഥാന ഇലക്ഷന്‍ കമ്മീഷന്റെ ഡിജിറ്റല്‍വല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായ കോംടെക്കിന് ജമ്മു കശ്മീര്‍, രാജസ്ഥാന്‍, ഡെല്‍ഹി എന്നിവിടങ്ങളിലായി ആയിരത്തിലധികം ജീവനക്കാരുണ്ട്.

ഇംതിയാസിന്റെ ജീവനക്കാരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്ന സമയങ്ങളില്‍ പ്രൊജക്റ്റുകള്‍ പൂര്‍ത്തിയാക്കുന്നതിന് ഇവര്‍ക്ക് ജോലിസ്ഥലത്തുതന്നെ താമസിക്കേണ്ട അവസ്ഥ വരും. ഇത്തരത്തില്‍ ജീവനക്കാര്‍ക്ക് തുടര്‍ച്ചയായി ഏഴ് ദിവസം വരെ താമസിച്ച് ജോലി ചെയ്യേണ്ട സാഹചര്യമുണ്ടാകാറുണ്ടെന്ന് ഇംതിയാസ് പറയുന്നു.

ഇത് ഇംതിയാസിന്റെ മാത്രം കഥയല്ല. താഴ്‌വരയിലെ ഐടി സംരംഭകര്‍ക്കെല്ലാം നിരവധി വിഷമതകള്‍ പങ്കുവെക്കാനുണ്ട്. ജൂലൈ 8ന് സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് കശ്മീര്‍ താഴ്‌വരയില്‍ ഉടലെടുത്ത സംഘര്‍ഷമാണ് ഇപ്പോള്‍ സംരംഭകര്‍ നേരിടുന്ന വെല്ലുവിളി. സംഘര്‍ഷം തുടര്‍ന്നതോടെ സര്‍ക്കാര്‍ മൊബീല്‍ ഇന്റര്‍നെറ്റ് വിച്ഛേദിക്കുകയും കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. സംഘര്‍ഷവും കര്‍ഫ്യൂവും തുടര്‍ന്നതോടെ പതിനായിരത്തിലധികം കോടി രൂപയുടെ നഷ്ടം നേരിട്ടുകഴിഞ്ഞെന്നാണ് വ്യവസായ സംഘടനകള്‍ വ്യക്തമാക്കുന്നത്.

ഇന്റര്‍നെറ്റും ടെലിഫോണ്‍ സൗകര്യങ്ങളുമില്ലാത്തതുകാരണം ബെംഗളൂരുവിലെ തന്റെ ടീമിന് അത്യാവശ്യ വിവരങ്ങള്‍ ലഭ്യമാക്കാന്‍ കഴിയുന്നില്ലെന്ന് ഇന്‍ഫിനിറ്റി ആക്‌സസ് ഗ്രൂപ്പ് ഡയറക്റ്റര്‍ സമീര്‍ അഹ്‌സാന്‍ ഷാ സങ്കടപ്പെടുന്നു. അതുകൊണ്ടുതന്നെ പ്രൊജക്റ്റുകള്‍ യഥാസമയം തീര്‍ക്കാന്‍ കഴിയുന്നില്ല. പേമെന്റുകള്‍ വൈകുന്നു. 2015നുശേഷം കശ്മീരില്‍ പ്രൊജക്റ്റ് ചെലവുകള്‍ 30 ശതമാനത്തോളം വര്‍ധിച്ചിട്ടുണ്ട്. കശ്മീരിലെ ഐടി മേഖലയില്‍ 15,000ഓളം പേരാണ് ജോലി ചെയ്യുന്നത്.

കശ്മീരില്‍ ഏറ്റുമുട്ടല്‍ തുടരുന്നത് കാരണം ശ്രീനഗര്‍ ആസ്ഥാനമായ ലെലാഫെ ഐടി സൊലൂഷന്‍സ് മേധാവി ഷമീം ഷാ തന്റെ മിക്ക ജീവനക്കാരോടും വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് നിര്‍ദേശിച്ചത്.

2001 ലെ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണത്തിനുശേഷം ശ്രീനഗര്‍ ആസ്ഥാനമായ സെനാട്വോര്‍ ക്രിയേറ്റീവ് സിസ്റ്റംസ് ഉടമ ഷാഹിദ് ഹൈദര്‍ അന്‍സാരിക്ക് തന്റെ ആദ്യ സ്ഥാപനമായ വെബ്സ്റ്റാര്‍ സോഫ്റ്റ്‌വെയര്‍ സൊലൂഷന്‍സ് അടച്ചുപൂട്ടേണ്ടിവന്നിരുന്നു. പാര്‍ലമെന്റിനുനേരെ നടന്ന ആക്രമണത്തിനുശേഷം കശ്മീരിലെ സ്ഥിതിഗതികള്‍ സങ്കീര്‍ണമായിരുന്നു. ഒരു ദിവസം ഓഫീസിലെത്തിയപ്പോള്‍ ഇന്റര്‍നെറ്റും ടെലിഫോണ്‍ ലൈനും പ്രവര്‍ത്തിക്കുന്നില്ല. ഇത് ആറ് മാസത്തോളം തുടര്‍ന്നതോടെ സ്ഥാപനത്തിന് താഴിടേണ്ടിവന്നു.

എന്നാല്‍ വെല്ലുവിളികള്‍ക്കിടയിലും കശ്മീരിലെ ഐടി മേഖലയ്ക്ക് നിലവില്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുന്നുവെന്നത് പ്രതീക്ഷകള്‍ നല്‍കുന്നതാണെന്നും വിലയിരുത്തലുകളുണ്ട്. ഇപ്പോള്‍ ഓണ്‍ലൈന്‍ സര്‍വീസുകള്‍ക്കും കണക്റ്റിവിറ്റിക്കും നിയന്ത്രണം ഏര്‍പ്പെടുത്തുമ്പോഴും മിറര്‍ സൈറ്റുകള്‍ വഴി രാജ്യത്തുടനീളം വലിയ തടസങ്ങളില്ലാതെ ജോലികള്‍ തീര്‍ക്കാന്‍ കഴിയുന്നുണ്ടെന്ന് ഹാനോവര്‍ മിലാനോ ഫെയര്‍സ് ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ മെഹുല്‍ ലാന്‍വെര്‍സ് ഷാ വ്യക്തമാക്കുന്നു.

കശ്മീരിലെ യുവാക്കള്‍ക്ക് ജോലി നല്‍കേണ്ടതുണ്ടെന്നും അതുകൊണ്ടുതന്നെ ബുദ്ധിമുട്ടുകള്‍ സഹിച്ചെങ്കിലും സ്ഥാപനം നടത്തിക്കൊണ്ടുപോകാനാണ് ശ്രമമെന്നുമാണ് താഴ്‌വരയിലെ ഐടി സംരംഭകരുടെ നിലപാട്. താഴ്‌വരയില്‍ സമാധാനം തിരികെക്കൊണ്ടുവരുന്നതിന് ഏറ്റവും നല്ല മാര്‍ഗം കശ്മീരില്‍ ബിസിനസ് സാധ്യമാണെന്ന് ബോധ്യപ്പെടുത്തുകയാണെന്നും ഇവര്‍ പറയുന്നു.

Comments

comments

Categories: Entrepreneurship, Slider