ഇന്ത്യ-ന്യൂസിലാന്‍ഡ് പരമ്പര: പരാജയ കാരണം വിശദീകരിച്ച് ധോണി

ഇന്ത്യ-ന്യൂസിലാന്‍ഡ് പരമ്പര:  പരാജയ കാരണം വിശദീകരിച്ച് ധോണി

 

ന്യൂഡല്‍ഹി: ന്യൂസിലാന്‍ഡിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സര തോല്‍വിയുടെ കാരണങ്ങള്‍ വിശദീകരിച്ച് ടീം ഇന്ത്യ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി. തുടര്‍ച്ചയായ ഇടവേളയില്‍ വിക്കറ്റ് നഷ്ടമായതാണ് തോല്‍വിക്ക് പ്രധാന കാരണമായതെന്നാണ് ധോണിയുടെ അഭിപ്രായപ്പെട്ടത്. റണ്‍ റേറ്റ് നിയന്ത്രണ വിധേയമായിരുന്നുവെന്നും എന്നാല്‍ വിജയത്തിനാവശ്യമായ വിക്കറ്റ് ഇല്ലാതിരുന്നത് തിരിച്ചടിയായെന്നും ധോണി പറഞ്ഞു.

താന്‍ അടിച്ച് കളിക്കാമെന്ന് കരുതിയപ്പോഴൊക്കെ മറുവശത്ത് വിക്കറ്റ് വീഴുകയായിരുന്നുവെന്നും വലിയ ഷോട്ടുകള്‍ക്ക് മുതിരാനൊരുങ്ങുമ്പോള്‍ ഇങ്ങനെ വിക്കറ്റ് വീഴുന്നത് സമ്മര്‍ദ്ദത്തിലാഴ്ത്തുമെന്നും ധോണി വ്യക്തമാക്കി. തോല്‍വിയില്‍ ഏതെങ്കിലും ഒരു ബാറ്റ്‌സ്മാനെ മാത്രം കുറ്റം പറയാനാവില്ലെന്നും എന്നാല്‍ എല്ലാവരും പത്ത് ശതമാനം കൂടി ശ്രമിച്ചിരുന്നെങ്കില്‍ ജയിക്കാമായിരുന്നുവെന്നും ധോണി കൂട്ടിച്ചേര്‍ത്തു.

ന്യൂസിലാന്‍ഡ് 243 റണ്‍സ് മാത്രമേ നേടിയിരുന്നുള്ളൂവെങ്കിലും അത് കളി നടന്ന പിച്ചില്‍ 300ന് മുകളിലുള്ള സ്‌കോറിന് തുല്യമായിരുന്നുവെന്നും ധോണി പറഞ്ഞു. എന്നാല്‍ ഏതങ്കിലും ഒരു ബാറ്റ്‌സ്മാന്‍ 15 മിനുറ്റ് കൂടുതലായി ക്രീസില്‍ നിന്നിരുന്നെങ്കില്‍ മത്സരം സ്വന്തമാക്കാമായിരുന്നുവെന്നും ധോണി വ്യക്തമാക്കി.

കളി തുടരുന്തോറും വിക്കറ്റ് പതുക്കെ ആയിക്കൊണ്ടിരുന്നെന്നും പകല്‍ സമയത്തെ ബാറ്റിംഗ് ആയിരുന്നു ഈ പിച്ചില്‍ കൂടുതല്‍ യോജിച്ചിരുന്നതെന്നും ടീം ഇന്ത്യ നായകന്‍ പറഞ്ഞു. അതേസമയം, പന്തുകള്‍ നഷ്ടപ്പെടുത്തിയതില്‍ യുവ ഓള്‍റൗണ്ടറായ ഹാര്‍ദ്ദിക് പാണ്ഡ്യയെ കുറ്റപ്പെടുത്തേണ്ടതില്ലെന്നും എതിരാളിയുടെ മേല്‍ ആധിപത്യം നേടാന്‍ അദ്ദേഹം ആവുന്നത്ര ശ്രമിച്ചെന്നും ധോണി കൂട്ടിച്ചേര്‍ത്തു.

കളിക്ക് മുമ്പ് ഏതൊക്കെ ബൗളര്‍മാരെ ആക്രമിക്കണമെന്ന് തീരുമാനിക്കേണ്ടത് പ്രധാനമാണെന്നും നിര്‍ണായക നിമിഷങ്ങളില്‍ ടീമിന്റെ പ്രതീക്ഷയായി നിലകൊള്ളുകയെന്നത് കളിക്കാരനെ സംബന്ധിച്ച് വലിയ അനുഭവമാണെന്നും പറഞ്ഞ ധോണി പാണ്ഡ്യയുടെ ഷോട്ട് പോയിന്റിന് മുകളിലൂടെ പറന്നിരുന്നെങ്കില്‍ ബൗണ്ടറിയാകുമായിരുന്നുവെന്നും അറിയിച്ചു.

അങ്ങനെയെങ്കില്‍ ഫലം ഇന്ത്യയ്ക്ക് അനുകൂലമാകുമായിരുന്നുവെന്നും ധോണി പറഞ്ഞു. എന്നാല്‍ പാണ്ഡ്യ പഠിച്ചു വരികയാണെന്നും അതുകൊണ്ടു തന്നെ ഒരു ഷോട്ടിന്റെ പേരില്‍ അദ്ദേഹത്തെ പഴിക്കുന്നത് ക്രൂരമായിരിക്കുമെന്നും ധോണി അഭിപ്രായപ്പെട്ടു. പരാജയത്തിന്റെ ഉത്തവാദിത്വം എല്ലാ ബാറ്റസ്മാന്മാര്‍ക്കുമുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ന്യൂസിലാന്‍ഡ് ടീം ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെ എട്ടാം ഏകദിന സെഞ്ച്വറിയാണ് അവരുടെ വിജയത്തില്‍ നിര്‍ണായകമായത്. പതിനാല് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ വില്യംസണ്‍ 118 റണ്‍സാണ് നേടിയത്. വില്യംസണിന്റെ ടീം ഇന്ത്യക്കെതിരായ ആദ്യത്തെ സെഞ്ച്വറി നേട്ടം കൂടിയായിരുന്നു ഇത്.

Comments

comments

Categories: Sports