ഇഗ്ലണ്ടിനെതിരെ ബിസിസിഐ ഡിആര്‍എസ് നടപ്പിലാക്കും

ഇഗ്ലണ്ടിനെതിരെ ബിസിസിഐ ഡിആര്‍എസ് നടപ്പിലാക്കും

അടുത്ത മാസം നടക്കാനിരിക്കുന്ന ഇംഗ്ലണ്ട്-ഇന്ത്യ ടെസ്റ്റ് പരമ്പരയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഡിആര്‍എസ് സംവിധാനം നടപ്പിലാക്കാന്‍ ബിസിസിഐ തീരുമാനിച്ചു. ഡിആര്‍എസുമായി ബന്ധപ്പെട്ട് നിലനിന്ന ആശങ്കകള്‍ക്ക് പരിഹാരം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അടുത്ത ക്രിക്കറ്റ് പരമ്പരയില്‍ പുതിയ സംവിധാനം നടപ്പാക്കാന്‍ തീരുമാനിച്ചതെന്ന് ബിസിസിഐ പ്രസിഡന്റ് അനുരാഗ് താക്കൂര്‍ പറഞ്ഞു.

ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം ലഭിക്കുന്ന വിലയിരുത്തലുകള്‍ കണക്കിലെടുത്തായിരിക്കും തുടര്‍ന്നുള്ള മത്സരങ്ങളില്‍ ഡിആര്‍എസ് സംവിധാനം ഉപയോഗിക്കുന്നത് സംബന്ധിച്ച അന്തിമ നടപടി കൈക്കൊള്ളുകയുള്ളൂവെന്നും അനുരാഗ് താക്കൂര്‍ വ്യക്തമാക്കി. മറ്റ് ടെസ്റ്റ് രാജ്യങ്ങളെല്ലാം മുമ്പ് തന്നെ ഡിആര്‍എസിന് അനുമതി നല്‍കിയിരുന്നെങ്കിലും ബിസിസിഐ എതിര്‍ത്തതിനാല്‍ ഇന്ത്യയുടെ മത്സരങ്ങളില്‍ ഇത് ഉപയോഗിച്ചിരുന്നില്ല.

പന്ത് പാഡില്‍ തട്ടിയതിന് ശേഷം സഞ്ചരിക്കാവുന്ന ദിശ സംബന്ധിച്ച പ്രവചനത്തിന്റെ കാര്യത്തിലാണ് ഇന്ത്യ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നത്. എല്‍ബിഡബ്ല്യുവുമായി ബന്ധപ്പെട്ട തീരുമാനങ്ങളെ നിര്‍ണായകമായി സ്വാധീനിക്കാന്‍ കഴിയും എന്നതിനാലായിരുന്നു ബിസിസിഐയുടെ എതിര്‍പ്പ്. എന്നാല്‍ അള്‍ട്രാ മോഷന്‍ കാമറകള്‍ ഉപയോഗിച്ച് ഇതിന് പരിഹാരം കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Comments

comments

Categories: Sports