റീട്ടെയ്ല്‍ സ്‌പെയ്‌സുകള്‍ക്ക് പുതിയ സാധ്യതയൊരുക്കി എയര്‍പോര്‍ട്ടുകള്‍

റീട്ടെയ്ല്‍ സ്‌പെയ്‌സുകള്‍ക്ക് പുതിയ സാധ്യതയൊരുക്കി എയര്‍പോര്‍ട്ടുകള്‍

ബെംഗളൂരു: റീട്ടെയ്ല്‍ കമ്പനികളുടെ പുതിയ വിപണിയായി രാജ്യത്തെ വിമാനത്താവളങ്ങള്‍ മാറുന്നു. ഒരോ വര്‍ഷവും യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനയും മുന്‍നിര നഗരങ്ങളില്‍ ക്വാളിറ്റി റീട്ടെയ്ല്‍ സ്‌പെയ്‌സിന് കമ്പനികള്‍ നേരിടുന്ന മത്സരവും എയര്‍പോര്‍ട്ടുകള്‍ റീട്ടെയ്ല്‍ കമ്പനികള്‍ക്ക് പുതിയ സാധ്യതയാണ് ഒരുക്കുന്നത്.

രാജ്യത്തെ സുപ്രധാന നഗരങ്ങളായ മുംബൈ, ഡെല്‍ഹി, ബെംഗളൂരു എന്നിവിടങ്ങളിലെ എയര്‍പോര്‍ട്ടുകളിലുള്ള വിദേശ ടെര്‍മിനലില്‍ അഞ്ച് ശതമാനവും ആഭ്യന്തര ടെര്‍മിനലുകളില്‍ 10 ശതമാനവും വേക്കന്‍സിയാണ് റീട്ടെയ്ല്‍ സ്‌പെയ്‌സുകള്‍ക്ക് രേഖപ്പെടുത്തുന്നത്.
അതേസമയം, എയര്‍പോര്‍ട്ട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റീട്ടെയ്ല്‍ സ്‌പെയ്‌സുകള്‍ക്ക് വന്‍ വാടകയാണ് വിമാനത്താവളങ്ങള്‍ ഈടാക്കുന്നത്. മുംബൈ, ഡെല്‍ഹി എന്നിവിടങ്ങളിലെ അന്തര്‍ദേശീയ ടെര്‍മിനലില്‍ ഒരു സ്‌ക്വയര്‍ഫീറ്റിന് മാസം 3,000 മുതല്‍ 4,000 രൂപവരെയാണ് ഈടാക്കുന്നത്. ഗ്രേഡ് എ നിലവാരത്തിലുള്ള ആഡംബര മാളുകളില്‍ ഗ്രൗണ്ട് ഫ്‌ളോറിലുള്ള ഒരു സ്‌ക്വയര്‍ഫീറ്റിന് മാസം 850 മുതല്‍ 1,250 രൂപ വരെയാണ് കാര്‍പ്പറ്റ് അടിസ്ഥാനത്തില്‍ വാടക ഈടാക്കുന്നതെന്ന് രാജ്യത്തെ മുന്‍നിര റിയല്‍റ്റി കണ്‍സള്‍ട്ടന്‍സിയായ ജെഎല്‍എല്‍ ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഹൈക്വാളിറ്റി ട്രാഫിക്ക്, സ്ഥലത്തിന്റെ കാര്യക്ഷമത എന്നിവ മാളുകളെ അപേക്ഷിച്ച് കൂടുതലയാതാണ് വിമാനത്താവളങ്ങളില്‍ വാടക വര്‍ധിപ്പിക്കാനുള്ള കാരണം. -ജെഎല്‍എല്‍ റീട്ടെയ്ല്‍ സര്‍വീസ് മാനേജിംഗ് ഡയറക്റ്റര്‍ പങ്കജ് റെന്‍ജന്‍ അഭിപ്രായപ്പെട്ടു.
2015-16 കാലയളവില്‍ ഡെല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രേഖപ്പെടുത്തിയ യാത്രക്കാരുടെ എണ്ണം 48 മില്ല്യനാണ്. തൊട്ടുമുമ്പുള്ള വര്‍ഷത്തേക്കാള്‍ 18 ശതമാനം കൂടുതല്‍. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ രാജ്യത്തെ വിമാനത്താവളങ്ങള്‍ വന്‍ വാണിജ്യ പരിവര്‍ത്തനമാണ് നേടിക്കൊണ്ടിരിക്കുന്നത്. ഇത് റീട്ടെയ്ല്‍ മേഖലയ്ക്ക് നേട്ടമാകും.
ആഗോള തലത്തിലുള്ള വിമാനത്താവളങ്ങള്‍ക്ക് സമാനമായി ഡെല്‍ഹി, മുംബൈ വിമാനത്താവളങ്ങള്‍ മികച്ച റീട്ടെയ്ല്‍ സ്‌പെയ്‌സാണ് കമ്പനികള്‍ക്ക് നല്‍കുന്നത്. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ രാജ്യത്തെ തിരക്കുള്ള മറ്റു എയര്‍പോര്‍ട്ടുകളിലും റീട്ടെയ്ല്‍ സ്‌പെയ്‌സ് വന്‍ വളര്‍ച്ച കൈവരിക്കുമെന്നാണ് വിലയിരുത്തലുകള്‍.
മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ ടി2 ടെര്‍മിനലില്‍ ഏകദേശം 30 റീട്ടെയ്ല്‍ ബ്രാന്‍ഡുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ മിക്കവയും പ്രതീക്ഷിച്ചതിലും മികച്ച പ്രകടനമാണ് നടത്തുന്നതെന്ന് എയര്‍പോര്‍ട്ടുകളുടെ നടത്തിപ്പ് വഹിക്കുന്ന ജിവികെ വക്താക്കള്‍ വ്യക്തമാക്കി. അതേസമയം, ഡ്യൂട്ടിഫ്രീ ഷോപ്പുകളും എഫ്ആന്‍ഡ്ബി ഔട്ട്‌ലെറ്റുകളുമാണ് ബെംഗളൂരു വിമാനത്താവള റീട്ടെയ്ല്‍ സ്‌പെയ്‌സില്‍ മികച്ച പ്രകടനം നടത്തുന്നത്. ലൈഫ് സ്റ്റൈല്‍, പേഴ്‌സണല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്കാണ് റീട്ടെയ്ല്‍ വില്‍പ്പന കൂടുതല്‍.

Comments

comments

Categories: Business & Economy