ചരക്കു സേവന നികുതി: വിലയില്‍ മാറ്റമുണ്ടാകില്ലെന്ന പ്രതീക്ഷയില്‍ വാഹനകമ്പനികള്‍

ചരക്കു സേവന നികുതി: വിലയില്‍ മാറ്റമുണ്ടാകില്ലെന്ന പ്രതീക്ഷയില്‍ വാഹനകമ്പനികള്‍

ന്യൂഡെല്‍ഹി: വാഹന വിപണിയെ ശക്തമായി ബാധിക്കുന്ന ചരക്കു സേവന നികുതിയുമായി (ജിഎസ്ടി) ബന്ധപ്പെട്ട് ആശങ്കയൊഴിയുന്നില്ല. ജിഎസ്ടി കൗണ്‍സിലിന്റെ യോഗത്തിന്റെ അവസാന തീരുമാനത്തിനായി കാത്തിരിക്കുകയാണ് വാഹന വിപണി. നിലവിലുള്ള പ്രതീക്ഷയനുസരിച്ച് അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ നികുതി വ്യവസ്ഥ വാഹന വിലയില്‍ കാര്യമായ മാറ്റം വരുത്തില്ലെന്ന പ്രതീക്ഷയിലാണ് വിപണി.

നികുതി നിരക്കു സംബന്ധിച്ച് കഴിഞ്ഞ ദിവസം ചേര്‍ന്ന ജിഎസ്ടി കൗണ്‍സിലില്‍ 26 ശതമാനം നിരക്ക് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. ഈ നിരക്കാണ് പ്രാബല്യത്തിലാവുക എങ്കില്‍ വാഹന വിപണിയില്‍ വലിയ മാറ്റമുണ്ടാകും. നിലവില്‍ 51 ശതമാനം വരെ കേന്ദ്ര-സംസ്ഥാന നികുതിയായി വലിയ കാറുകള്‍ വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ നല്‍കുന്നത് 26 ശതമാനമായി ചുരുങ്ങും. അതേസമയം, വിപണിയെ നിയന്ത്രിക്കുന്ന ചെറുകാര്‍ സെഗ്‌മെന്റിന് ഇത്രയും നികുതി കനത്ത പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തലുകള്‍.
നികുതി നിരക്കുഘടന സംബന്ധിച്ചുള്ള അഭിപ്രായ വ്യത്യാസവും, നഷ്ടപരിഹാരം കണ്ടെത്തുന്നത് സംബന്ധിച്ച തര്‍ക്കവും മൂലം കഴിഞ്ഞ ദിവസം ഡെല്‍ഹിയില്‍ ചേര്‍ന്ന പ്രത്യേക ചരക്കുസേവന നികുതി സംബന്ധിച്ചു സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനായി ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ തീരുമാനമെടുക്കാനാകാതെ പിരിഞ്ഞിരുന്നു.
നാല് മീറ്ററില്‍ താഴെ വലിപ്പമുള്ള കാറുകളും വലിയ കാറുകളും തമ്മില്‍ വരുന്ന നികുതി വിടവ് നികത്തുന്നതിനായി വലിയ വാഹനങ്ങള്‍ക്ക് അധിക സെസ് ഈടാക്കാനുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. വാഹന വിപണിയിലെ വിവിധ നികുതികള്‍ സമന്വയിപ്പിച്ച് 26 ശതമാനമാക്കി നിജപ്പെടുത്തുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
വലിയ വാഹനങ്ങള്‍ക്ക് 26 ശതമാനം നികുതി ഈടാക്കുന്നതിലൂടെയുണ്ടാകുന്ന വരുമാന നഷ്ടം അധിക സെസിലൂടെ നേടാന്‍ സാധിക്കുമെന്നാണ് വാഹന വിപണി വിദഗ്ധര്‍ വ്യക്തമാക്കുന്നത്. നികുതി വ്യവസ്ഥ കൂടുതല്‍ ലളിതമാക്കുകയാണ് ജിഎസ്ടിയുടെ ലക്ഷ്യം. ഇത് വിപണിക്ക് നേട്ടമുണ്ടാക്കുന്നതാണ്. പ്രമുഖ വാഹന കമ്പനി എക്‌സിക്യുട്ടീവ് വ്യക്തമാക്കി.
വാഹന വിപണിയിലെ എല്ലാ കാറ്റഗറിക്കുമായി ഒറ്റ നികുതി നിരക്ക് എന്നത് വിപണിക്ക് തിരിച്ചടിയാകും. രാജ്യത്തെ 80 ശതമാനത്തോളം വരുന്ന സാധാരണക്കാര്‍ ഉപയോഗിക്കുന്ന ഇരുചക്ര വാഹനങ്ങള്‍ക്കും ഇത് ബാധകമാകുന്നതോടെ വിപണിക്ക് തിരിച്ചടിയാകും.

Comments

comments

Categories: Auto