ആഗോള നിക്ഷേപകര്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളെ നയിക്കും

ആഗോള നിക്ഷേപകര്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളെ നയിക്കും

ബെംഗളൂരു: അടുത്ത തലമുറയ്ക്കു വേണ്ടി ടെക്‌നോളജി ഭീമന്മാരായ വിപ്രോയ്ക്കും, ഇന്‍ഫോസിസിനും തുല്യരായ കമ്പനികളെ വാര്‍ത്തെടുക്കാന്‍ ആഗോള നിക്ഷേപകര്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. ഇന്ത്യന്‍ ‘സാസ്’ (സോഫ്റ്റ്‌വെയര്‍ ആസ് എ സര്‍വീസ്) സ്റ്റാര്‍ട്ടപ്പുകളിലേക്കാണ് ആഗോള നിക്ഷേപകര്‍ ലക്ഷ്യം വെയ്ക്കുന്നത്. സോഫ്റ്റ്‌വെയര്‍ രംഗത്തെ പ്രതിഭകളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവ്, ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന ഉല്‍പ്പന്നങ്ങളും കുറഞ്ഞ നിര്‍മാണ ചെലവും തുടങ്ങിയവയാണ് ഇവരെ ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങള്‍. പുതിയ ആശയങ്ങളും കഴിവുകളും കണ്ടെത്തുകയും സമര്‍ത്ഥരായ സംരംഭകരെയും അവരുടെ ഉല്‍പ്പന്നങ്ങളെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ ശ്രമം.

ഈ വര്‍ഷം രാജ്യത്തെ 82 സാസ് കമ്പനികളാണ് നിക്ഷേപം സമാഹരിച്ചത്. ഇതില്‍ മൂന്നില്‍ ഒരു ഭാഗം കമ്പനികളിലും നിക്ഷേപം നടത്തിയത് ആഗോള നിക്ഷേപകരാണെന്ന് ഡാറ്റാ ട്രാക്കിംഗ് കമ്പനികളായ എക്‌സെലര്‍8, ട്രാക്‌സന്‍ എന്നിവ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്നാം കക്ഷികള്‍ ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുന്നിടത്തെ ഒരു സോഫ്റ്റ്‌വെയര്‍ വിതരണ മോഡല്‍ ആയിട്ടാണ് സാസ് പ്രവര്‍ത്തിക്കുന്നത്. അവിടെ മൂന്നാം കക്ഷിയായി വരുന്ന സേവനദാതാക്കളാണ് ആപ്ലിക്കേഷനുകള്‍ ഹോസ്റ്റ് ചെയ്യുന്നത്. അവര്‍ അത് ഉപഭോക്താക്കള്‍ക്ക് ഇന്റര്‍നെറ്റ് വഴി ലഭ്യമാക്കുന്നു.

ഇന്ത്യന്‍ സംരംഭകരുടെ സാസ് സ്റ്റാര്‍ട്ടപ്പുകള്‍ ആഗോള നിക്ഷേപകരില്‍ നിന്നും സമാഹരിച്ച മൂലധനമുപയോഗിച്ചാണ് ആഗോള വിപണികളില്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത്. ഇതില്‍ ഭൂരിപക്ഷ സ്റ്റാര്‍ട്ടപ്പുകളും പ്രവര്‍ത്തനം കേന്ദ്രീകരിച്ചിരിക്കുന്നത് അവര്‍ ലക്ഷ്യം വയ്ക്കുന്ന വിപണികളില്‍ തന്നെയാണ്. സാധരണയായി യുഎസാണ് മിക്ക കമ്പനികളുടെയും ആസ്ഥാനം. സ്റ്റാര്‍ട്ടപ്പ് ഹബ്ബായ സിലിക്കണ്‍ വാലി, പാലോ ആള്‍ട്ടോ ഉള്‍പ്പെടെയുള്ള അമേരിക്കയുടെ സാങ്കേതിക കേന്ദ്രങ്ങളാണ് ഇന്ത്യന്‍ സംരംഭകരെ ആകര്‍ഷിക്കുന്നതിന്റെ മുഖ്യ കാരണം.

ഇത്തരം കമ്പനികളുടെ പ്രൊഡക്ട് ഡെവലപ്പ്‌മെന്റ് ടീമും, മാര്‍ക്കറ്റിംഗ്, സെയില്‍സ് ടീമിലെ ഭൂരിപക്ഷം വരുന്ന അംഗങ്ങളും ഇന്ത്യയ്ക്കു പുറത്താണ് പ്രവര്‍ത്തിക്കുന്നത്. ഇത് കൂടുതല്‍ ആഗോള ശ്രദ്ധ നേടാന്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കുന്നുണ്ട്.

Comments

comments

Categories: Slider, Top Stories