സ്റ്റീല്‍ വ്യവസായ രംഗത്ത് സെയില്‍- ആര്‍സെലര്‍മിത്തല്‍ സഖ്യം

സ്റ്റീല്‍ വ്യവസായ രംഗത്ത് സെയില്‍- ആര്‍സെലര്‍മിത്തല്‍ സഖ്യം

ന്യൂഡെല്‍ഹി: ഇന്ത്യന്‍ സ്റ്റീല്‍ വ്യവസായ മേഖലയിലെ പുതിയ പദ്ധതികളില്‍ നിക്ഷേപം നടത്താന്‍ ആഗോള പ്രമുഖന്‍ ആര്‍സെലര്‍മിത്തല്‍ വരുന്നു. 5,000 കോടി രൂപ ചെലവില്‍ ഒഡീഷയിലെ റൂര്‍ക്കേലയില്‍ പ്ലാന്റ് സ്ഥാപിക്കുന്നതിന് സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ (സെയില്‍)യുമായി ചേര്‍ന്ന് അവര്‍ സംയുക്ത കമ്പനി രൂപീകരിക്കും. ഇതു സംബന്ധിച്ച കരാറില്‍ ഇരു കൂട്ടരും ഇന്ന് ഒപ്പിട്ടേക്കും. ഇന്ത്യയിലെ അതിവേഗം വളരുന്ന വാഹന വിപണിയില്‍ ഉന്നത നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുകയാണ് ഈ സഖ്യത്തിന്റെ ലക്ഷ്യം.
റൂര്‍ക്കേലയില്‍ പ്ലാന്റ് സ്ഥാപിക്കുന്നതിന് കഴിഞ്ഞ വര്‍ഷം മെയില്‍ ഇരു കമ്പനികളും ധാരണാപത്രം ഒപ്പുവെച്ചിരുന്നു. എന്നാല്‍, പ്ലാന്റിന്റെ ശേഷിയെക്കുറിച്ച് രണ്ടു സ്ഥാപനങ്ങളും പ്രതികരിച്ചിട്ടില്ല. ഏകദേശം 1.3 മില്ല്യണ്‍ ടണ്‍ യൂണിറ്റ് ശേഷി പ്ലാന്റിനുണ്ടാകുമെന്ന് ഇതുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.
സംയുക്ത കമ്പനി ഡിസംബര്‍ മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് കേന്ദ്ര ഉരുക്കു വ്യവസായ മന്ത്രി ചൗധരി ബിരേന്ദര്‍ സിംഗ് അറിയിച്ചു. സ്റ്റീല്‍ വിതരണത്തിന് സെയില്‍ നേതൃത്വം കൊടുക്കുമ്പോള്‍ ആര്‍സെലര്‍മിത്തല്‍ ആവശ്യമായ സാങ്കേതിക വിദ്യകള്‍ പ്രദാനം ചെയ്യും.
2020ഓടെ, ഏഴ് മില്ല്യണ്‍ യൂണിറ്റ് ഉല്‍പ്പാദനത്തോടെ ലോകത്തെ നാലാമത്തെ വലിയ ഓട്ടോമൊബീല്‍ നിര്‍മാണ രംഗമാകാനാണ് ഇന്ത്യ നീക്കമിടുന്നത്. തദ്ദേശീയമായി നിര്‍മിച്ച ഓട്ടോമോട്ടീവ് സ്റ്റീലിന്റെ ലഭ്യത കൂടുന്നതോടെ ഇറക്കുമതി കുറയ്ക്കാനാവും. കൂടാതെ ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രിയില്‍ സുസ്ഥിര മത്സരക്ഷമത സൃഷ്ടിക്കാനും ഇതിലൂടെ സാധിക്കുമെന്ന് കരുതപ്പെടുന്നു.

Comments

comments

Categories: Branding