ഇന്ത്യ 5ജി ഗവേഷണം ശക്തിപ്പെടുത്തുന്നു

ഇന്ത്യ 5ജി ഗവേഷണം ശക്തിപ്പെടുത്തുന്നു

ന്യൂഡെല്‍ഹി: 2ജി, 3ജി, 4ജി സാങ്കേതിക വിദ്യകള്‍ ലോകത്തിന്റെ മറ്റു പലപ്രദേശങ്ങളില്‍ നിന്നും അല്‍പ്പം വൈകിയാണ് ഇന്ത്യയില്‍ എത്തിയതെങ്കില്‍ 5ജി സാങ്കേതിക വിദ്യയെ ഏറ്റവുമാദ്യം സ്വീകരിക്കുന്ന രാജ്യങ്ങളില്‍ ഒന്നാകാന്‍ ഇന്ത്യ ഒരുങ്ങുകയാണ്. 2020 ഓടെ 5ജി സാങ്കേതികവിദ്യ വാണിജ്യാടിസ്ഥാനത്തില്‍ ലഭ്യമാക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നതെന്ന് മന്ത്രിസഭാ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

5ജി സാങ്കേതികവിദ്യ സംബന്ധിച്ച് പഠനം നടത്താന്‍ രൂപം നല്‍കിയ ഗവേഷണ സംഘം ഇതിനോടകം നൂറോളം പേറ്റന്റുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 10 എണ്ണത്തിനു സര്‍ക്കാര്‍ അംഗീകാരം നല്‍കി. കൂടുതല്‍ ഇന്റര്‍നെറ്റ് വേഗത്തിലുപരിയായി ഡ്രൈവര്‍ രഹിത കാര്‍, ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കാവുന്ന ഗാര്‍ഹിക ഉല്‍പ്പന്നങ്ങള്‍ മുതലായ നൂതന സൗകര്യങ്ങള്‍ ലഭ്യമാകുന്നതിനും 5ജിയുടെ വരവ് സഹായിക്കും. ഐഐടി മുംബൈ, ഐഐടി ബെംഗളൂരു, സെവിറ്റ്(സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ വയര്‍ലെസ് ടെക്‌നോളജി, ഐഐടി മദ്രാസ്) എന്നീ സ്ഥാപനങ്ങളില്‍ നിന്നുള്ളവരാണ് 5ജി ഗവേഷണ സംഘത്തില്‍ ഉള്‍പ്പെടുന്നത്.

5ജി സാങ്കേതിക വിദ്യക്കായുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടത്തുന്നതായി കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക ഗവേഷണ സംഘത്തിലെ അംഗവും ഐഐടി (ഹൈദരാബാദ്) ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗം പ്രൊഫസറുമായ കിരണ്‍ കുച്ചി പറഞ്ഞു. ആഗോള നിലവാരത്തിലുള്ള 5ജി സാങ്കേതിക വിദ്യ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ വ്യവസായമേഖലയ്ക്ക് ഗുണം ചെയ്യുന്ന ഒട്ടേറെ പേറ്റന്റുകള്‍ക്ക് ശ്രമിക്കുന്നതായി കുച്ചി വ്യക്തമാക്കി. കേന്ദ്ര ഇലക്ട്രോണിക്‌സ്-ഐടി മന്ത്രാലയമാണ് 5ജി ഗവേഷണ പദ്ധതിക്കായുള്ള അനുമതി 2015 സെപ്റ്റംബറില്‍ നല്‍കിയത്. മൂന്നു വര്‍ഷത്തേക്ക് 36.51 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിട്ടുള്ളത്.

ഗവേഷണസംഘം സംയുക്തമായി 5ജി സാങ്കേതികവിദ്യക്കാവശ്യമായ അടിസ്ഥാനമാതൃകകള്‍ക്കു രൂപം നല്‍കുമെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ്,-ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി. ചൈന, യുകെ മുതലായ രാഷ്ട്രങ്ങള്‍ 5ജിക്കായി വന്‍തോതില്‍ നിക്ഷേപിക്കുന്ന അവസരത്തില്‍ ഇന്ത്യ പിന്നാക്കം പോകുന്നതില്‍ അര്‍ത്ഥമില്ലെന്ന് ടെലികോം മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. ഒരു സെക്കന്റില്‍ ഒരു ജിഗാബൈറ്റ് ഇന്റര്‍നെറ്റ് വേഗമാണ് 5ജിയിലൂടെ ലഭിക്കുക. 2020ഓടെ 20.8 ബില്യണ്‍ ഡോളറിന്റെ ഇന്റര്‍നെറ്റ് അധിഷ്ഠിത ഉല്‍പ്പന്നങ്ങളാണ് വിപണിയില്‍ ലഭ്യമാകുകയെന്ന് സാമ്പത്തിക നിരീക്ഷകരായ ഗാര്‍ട്‌നര്‍ ചൂണ്ടിക്കാട്ടി. നിലവില്‍ ഇത് 6.4 ബില്യണ്‍ ഡോളറാണ്.

Comments

comments

Categories: Slider, Top Stories