റെയ്ല്‍വേയില്‍ നിക്ഷേപിക്കാന്‍ സ്വകാര്യമേഖലയ്ക്ക് ക്ഷണം

റെയ്ല്‍വേയില്‍ നിക്ഷേപിക്കാന്‍ സ്വകാര്യമേഖലയ്ക്ക് ക്ഷണം

ന്യൂഡെല്‍ഹി: സ്വകാര്യമേഖലയില്‍ നിന്ന് നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ തയാറാണെന്ന് റെയ്ല്‍വേ സഹമന്ത്രി രാജെന്‍ ഗൊഹെയ്ന്‍. അസോസിയേറ്റഡ് ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ (അസോചം) സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഗൊഹെയ്ന്‍.

രാജ്യത്തെ 400 ലധികം റെയ്ല്‍വേ സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യ വികസനത്തില്‍ പങ്കാളികളാകാന്‍ തയാറായിട്ടുള്ളവര്‍ക്ക് നിക്ഷേപ സൗഹൃദാന്തരീക്ഷം ഉറപ്പു നല്‍കുന്നതായി രാജെന്‍ ഗൊഹെയ്ന്‍ സൂചിപ്പിച്ചു.

നിലവില്‍ ഇന്ത്യന്‍ റെയ്ല്‍ മേഖല വന്‍തോതിലുള്ള നിക്ഷേപവും സാങ്കേതിക സൗകര്യവും ആവശ്യപ്പെടുന്ന സമയമാണെന്ന് ഗൊഹെയ്ന്‍ പറഞ്ഞു. ഇതു രണ്ടും കൂടാതെ ലോകോത്തര നിലവാരത്തിലുള്ള ഗതാഗത സൗകര്യം ഒരുക്കാന്‍ സാധ്യമല്ല. അതുകൊണ്ട് അടുത്ത പതിറ്റാണ്ടോടെ റെയ്ല്‍വേയില്‍ മൂന്ന് ട്രില്യണ്‍ രൂപ യുടെ നിക്ഷേപം സാധ്യമാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഗൊഹെയ്ന്‍ വ്യക്തമാക്കി.

ആഗോളതാപനം ചെറുക്കുക, ഇന്ധനവിലയിലെ അസ്ഥിരതയില്‍ മാറ്റം വരുത്തുക, കുറഞ്ഞ ഊര്‍ജ്ജ ഉപഭോഗം സാധ്യമാക്കുക, നഗരമേഖലകളിലെ ജന ബാഹുല്യം ഒഴിവാക്കുക, കുറഞ്ഞ ഭൂവിനിയോഗം ഉറപ്പു വരുത്തുക, വളരുന്ന ജനതയ്ക്ക് ആവശ്യമായ സേവനങ്ങളൊരുക്കുക, വരുമാന ഭേദമന്യെ എല്ലാ പ്രായക്കാര്‍ക്കും യാത്രാ സൗകര്യമൊരുക്കുക എന്നിവയെല്ലാം റെയ്ല്‍വേ മേഖലയിലെ നിക്ഷേപത്തിലൂടെ സാധിക്കാവുന്നതാണെന്ന് ഗൊഹെയ്ന്‍ അഭിപ്രായപ്പെട്ടു.

Comments

comments

Categories: Slider, Top Stories