സിന്ധു നദീജല ഉടമ്പടി റദ്ദാക്കാന്‍ ഇന്ത്യ

സിന്ധു നദീജല ഉടമ്പടി റദ്ദാക്കാന്‍ ഇന്ത്യ

ന്യൂഡല്‍ഹി: സൈനിക, നയതന്ത്രതലത്തില്‍ തിരിച്ചടി നല്‍കിയതിനു ശേഷം പാകിസ്ഥാന് സാമ്പത്തിക തലത്തിലും തിരിച്ചടി നല്‍കാന്‍ ഇന്ത്യ ഒരുങ്ങുന്നു.
1960ലെ സിന്ധു നദീജല ഉടമ്പടി പുനപരിശോധിച്ചു കൊണ്ടാണ് ഇന്ത്യ പാകിസ്ഥാനെതിരേ നീങ്ങാനൊരുങ്ങുന്നത്. മൂന്ന് യുദ്ധങ്ങള്‍ പാകിസ്ഥാനുമായി നടത്തിയിട്ടുണ്ടെങ്കിലും ഇന്ത്യ ഈ ഉടമ്പടിയില്‍നിന്നും പിന്മാറിയിരുന്നില്ല. എന്നാല്‍ ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരേ ശക്തമായ നിലപാടുമായി മുന്നേറാന്‍ ഇന്ത്യ തീരുമാനിച്ചതോടെയാണ് ഉടമ്പടി പുനപരിശോധിക്കുന്ന കാര്യത്തെക്കുറിച്ച് ഇന്ത്യ ആലോചിച്ചത്.
ഉറി ആക്രമണത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യവേ, വെള്ളവും രക്തവും ഒന്നിച്ചൊഴുക്കാന്‍ ഇന്ത്യയ്ക്കു സാധിക്കില്ലെന്നു സൂചിപ്പിച്ചിരുന്നു. ഇതിലൂടെ മോദി സിന്ധു നദീജല ഉടമ്പടി റദ്ദാക്കുന്ന കാര്യമാണ് പരോക്ഷമായി സൂചിപ്പിച്ചത്.
1960 സെപ്റ്റംബര്‍ 19ന് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ലോകബാങ്കിന്റെ മധ്യസ്ഥതയില്‍ ഒപ്പുവച്ച ഒരു ജലവിതരണ കരാറാണ് സിന്ധു നദീജല ഉടമ്പടി (Indus Waters Treaty).
ഇന്ത്യന്‍ പ്രധാനമന്ത്രി നെഹ്‌റുവും പാകിസ്ഥാന്‍ പ്രസിഡന്റ് അയൂബ് ഖാനുമാണ് ഈ ഉടമ്പടിയില്‍ ഒപ്പുവച്ചത്. ഈ കരാര്‍ പ്രകാരം കിഴക്കോട്ടൊഴുകുന്ന ബിയാസ്, രാവി, സത്‌ലജ് എന്നീ നദികളുടെ നിയന്ത്രണം ഇന്ത്യയ്ക്കും പടിഞ്ഞാറോട്ടൊഴുകുന്ന സിന്ധു, ചിനാബ്, ഝലം എന്നീ നദികളുടെ നിയന്ത്രണം പാകിസ്ഥാനുമാണ്.
കരാറില്‍നിന്നും പിന്മാറുകയാണെങ്കില്‍ പാകിസ്ഥാന്റെ ജനസംഖ്യയുടെ മൂന്നിലൊരു ഭാഗത്തെ ദോഷകരമായി ബാധിക്കും.സമ്പദ്‌രംഗത്തിന്റെ നട്ടെല്ലായി കരുതുന്ന പാകിസ്ഥാന്റെ കാര്‍ഷികരംഗത്ത് വന്‍ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും കരുതപ്പെടുന്നു.

Comments

comments

Categories: Slider, Top Stories