സ്പാനിഷ് ലീഗ്: വില്ലാറയല്‍, ബില്‍ബാവോ, വലന്‍സിയ ടീമുകള്‍ക്ക് ജയം

സ്പാനിഷ് ലീഗ്: വില്ലാറയല്‍, ബില്‍ബാവോ, വലന്‍സിയ ടീമുകള്‍ക്ക് ജയം

 

മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ വിയ്യാറയല്‍, അത്‌ലറ്റിക്കോ ബില്‍ബാവോ, വലന്‍സിയ ടീമുകള്‍ക്ക് വിജയം. വില്ലാറയല്‍ സെല്‍റ്റാ വിഗോയെയും ബില്‍ബാവോ റയല്‍ സോസിദാദിനെയും പരാജയപ്പെടുത്തിയപ്പോള്‍ സ്‌പോര്‍ട്ടിംഗ് ഗിജോണിനെതിരെയായിരുന്നു വലന്‍സിയയുടെ ജയം.

ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് സെല്‍റ്റ വിഗോയെ വിയ്യാറയല്‍ തകര്‍ത്തത്. വിയ്യാറയലിന് വേണ്ടി റോബര്‍ട്ടോ സോറിയാനോ രണ്ടും സെഡ്രിക് ബകാംബു, മാനുവല്‍ ട്രിഗ്യുറോസ് എന്നിവര്‍ ഓരോന്ന് വീതവും ഗോളുകള്‍ നേടി.

ഒരെണ്ണം സെല്‍റ്റ താരം ഡാനിയല്‍ വാസിന്റെ സെല്‍ഫ് ഗോളായിരുന്നു. 87-ാം മിനുറ്റില്‍ സെര്‍ജിയോ ഗോമസിലൂടെയായിരുന്നു സെല്‍റ്റ വിഗോ ആശ്വാസ ഗോള്‍ നേടിയത്. ജയത്തോടെ വിയ്യാറയല്‍ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് കയറി.

രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു അത്‌ലറ്റിക്കോ ബില്‍ബാവോയുടെ ജയം. 16-ാം മിനുറ്റില്‍ ഗോള്‍ വഴങ്ങിയ ബില്‍ബാവോ രണ്ടാം പകുതിയുടെ 51, 60, 72 മിനുറ്റുകളില്‍ യഥാക്രമം ഇകര്‍ മുന്യന്‍, ആര്‍ട്ടിസ് അഡ്രുയുസ്, ഇനാകി വില്യംസ് എന്നിവരിലൂടെ തിരിച്ചടിക്കുകയായിരുന്നു.

83-ാം മിനുറ്റില്‍ ഇനാഗോ മാര്‍ട്ടിനെസ് സോസിദാദിന്റെ രണ്ടാം ഗോള്‍ നേടി മത്സരം കടുത്തതാക്കിയെങ്കിലും ഫലമുണ്ടായില്ല. ജയത്തോടെ 15 പോയിന്റായ ബില്‍ബാവോ ആറാമതാണ്. പത്ത് പോയിന്റുള്ള റയല്‍ സോസിദാദ് പത്താം സ്ഥാനത്തും.

ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് വലന്‍സിയ സ്‌പോര്‍ട്ടിംഗ് ഗിജോണിനെ മറികടന്നത്. മരിയോ സുവാരസാണ് വലന്‍സിയക്കായി രണ്ട് ഗോളുകളും കണ്ടെത്തിയത്. 7, 65 മിനുറ്റുകളിലായിരുന്നു ഗോളുകള്‍.

സ്‌പോര്‍ട്ടിംഗിന് വേണ്ടി 41 മിനുറ്റില്‍ കാര്‍ലോസ് കാസ്‌ട്രോയാണ് ഒരു ഗോള്‍ മടക്കിയത്. എട്ട് മത്സരങ്ങളില്‍ നിന്നും ഏഴ് പോയിന്റ് മാത്രമുള്ള സ്‌പോര്‍ട്ടിംഗ് ഗിജോണ്‍ 20 ടീമുകളുള്ള ലീഗില്‍ 18. ഒന്‍പത് പോയിന്റുമായി വലന്‍സിയ പതിനാലാം സ്ഥാനത്തും.

Comments

comments

Categories: Sports