തുര്‍ക്കിയില്‍ ഭീകരാക്രമണ സാധ്യത: പൊതുസ്ഥലത്ത് ഒത്തുചേരുന്നത് നിരോധിച്ചു

തുര്‍ക്കിയില്‍ ഭീകരാക്രമണ സാധ്യത: പൊതുസ്ഥലത്ത് ഒത്തുചേരുന്നത് നിരോധിച്ചു

അങ്കാറ(തുര്‍ക്കി): തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ പൊതുസ്ഥലത്ത് ഒത്തുചേരുന്നതിനും പ്രകടനങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി. ഇന്നലെ മുതലാണു നിരോധനം നിലവില്‍ വന്നത്. നവംബര്‍ വരെ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനുള്ള നിയമം ഉപയോഗിച്ചാണു നിരോധനം.

ജുലൈ 15നു നടന്ന സൈനിക അട്ടിമറി നീക്കം പരാജയപ്പെട്ടതിനെത്തുടര്‍ന്ന് തുര്‍ക്കി അടിയന്തരാവസ്ഥയിലൂടെ കടന്ന പോവുകയാണ്. ഇതിനു പുറമേയാണ് പൊതുസ്ഥലത്ത് ഒത്തുചേരുന്നതിനും പ്രകടനങ്ങള്‍ക്കും ഇന്നലെ മുതല്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
നഗരത്തില്‍ ഭീകര്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് തീരുമാനം.
സിറിയയുമായി തുര്‍ക്കി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്ത് ഐഎസ് താവളം തകര്‍ക്കുന്നതിനു വേണ്ടി രണ്ട് മാസമായി തുര്‍ക്കി സൈനിക നടപടി തുടരുകയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ തീവ്രവാദ ആക്രമണം നടക്കാന്‍ സാധ്യതയുള്ളതായി തുര്‍ക്കി ഭരണകൂടം സംശയിക്കുന്നുണ്ട്.
തുര്‍ക്കിയില്‍ കുര്‍ദ്ദ് തീവ്രവാദികളും ഐഎസും സര്‍ക്കാരിന് ഭീഷണിയാണ്. ഈ വര്‍ഷം ജുലൈയില്‍ തുര്‍ക്കിയിലെ അതാതുര്‍ക്ക് വിമാനത്താവളത്തില്‍ ഐഎസ് നടത്തിയ ചാവേറാക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. മറുവശത്ത് കുര്‍ദ്ദുകളാകട്ടെ, സര്‍ക്കാരുമായി വര്‍ഷങ്ങളോളം പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുകയാണ്.
ഈ വര്‍ഷം അങ്കാറയില്‍ മാര്‍ച്ചില്‍ 34 പേരുടെ മരണത്തിനിടയാക്കിയ കാര്‍ ബോംബ് ആക്രമണം ആസൂത്രണം ചെയ്തത് കുര്‍ദ്ദുകളായിരുന്നു.

Comments

comments

Categories: World