വിശ്വാസത്തിന്റെ പേരില്‍ ഗംഗയെ മലിനപ്പെടുത്തുന്നു

വിശ്വാസത്തിന്റെ പേരില്‍ ഗംഗയെ മലിനപ്പെടുത്തുന്നു

ഇമ്രാന്‍ ഖാന്‍

ക്കഴിഞ്ഞ വിജയദശമി നാളില്‍ ബിഹാറില്‍ ഗംഗാ നദിയില്‍ നിമഞ്ജനം ചെയ്തത് നൂറു കണക്കിന് ദുര്‍ഗാ വിഗ്രഹങ്ങളാണ്. മാരകമായ പ്ലാസ്റ്റിക്, രാസപദാര്‍ത്ഥങ്ങള്‍, മണ്ണില്‍ അലിയാത്ത വസ്തുക്കള്‍ എന്നിവ കൊണ്ട് നിര്‍മിച്ചവയാണ് അവയിലേറെയും. വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ പറയുന്നതു പ്രകാരം, നാശത്തിന്റെ വക്കിലുള്ള ലോകത്തിലെ പത്ത് നദികളുടെ ലിസ്റ്റില്‍ ഇതിനോടകം ഉള്‍പ്പെട്ട ഗംഗയെ വീണ്ടും മലിനീകരിക്കുന്നതാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍.

ദുര്‍ഗാ പൂജ ഫെസ്റ്റിവലിനു മുന്‍പ് തന്നെ പ്ലാസ്റ്റര്‍ ഓഫ് പാരിസ്, സിന്തറ്റിക് നിറങ്ങള്‍, മണ്ണില്‍ അഴുകാത്ത വസ്തുക്കള്‍ എന്നിവ കൊണ്ട് വിഗ്രഹങ്ങള്‍ നിര്‍മിക്കരുതെന്ന് ബിഹാറിലെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിര്‍ദേശം നല്‍കിയതാണ്. അജീര്‍ണ വസ്തുക്കളും മറ്റ് അലങ്കാര വസ്തുക്കളും നീക്കം ചെയ്ത ശേഷം വിഗ്രഹങ്ങള്‍ നദിയിലൊഴുക്കാന്‍ ഭക്തര്‍ക്കും നിര്‍ദേശവും നല്‍കിയിരുന്നു. പക്ഷേ, ഒരു കാര്യവുമുണ്ടായില്ല. അതെല്ലാം ആള്‍കൂട്ടം തെറ്റിച്ചു. ഇത്തരം ചെയ്തികള്‍ നദിയിലെ മലിനീകരണ തോത് ഇനിയുമുയര്‍ത്തും-ബിഹാര്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് വക്താവ് പറയുന്നു.

ലോഹ നിര്‍മിത ആഭരണങ്ങള്‍ കൊണ്ടും പ്ലാസ്റ്റിക്ക് വസ്തുക്കള്‍ കൊണ്ടും അലങ്കരിക്കപ്പെട്ട ഇത്തരം വിഗ്രഹങ്ങള്‍ എല്ലാവര്‍ഷവും ജനങ്ങള്‍ പുഴയില്‍ ഒഴുക്കാറുണ്ടെന്ന് ജലാശയങ്ങള്‍ വൃത്തിയാക്കുന്നതിന് നേതൃത്വം കൊടുക്കുന്ന ഗുഡ്ഡു ബാബ ചൂണ്ടിക്കാട്ടി. ജനങ്ങളുടെ നദിയാണ് ഗംഗ. പൊതുജനം സ്വയം വിചാരിച്ചാല്‍ മാത്രമെ അത് സംരക്ഷിക്കപ്പെടുകയുള്ളു. ഇത്തവണത്തെ വിജയദശമി ദിനത്തില്‍ നദിയെ സംരക്ഷിക്കേണ്ടതിനെക്കുറിച്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡ് പൊതുജനങ്ങളെ ബോധവാന്‍മാരാക്കാന്‍ ആവത് ശ്രമിച്ചിരുന്നു. വിഗ്രഹങ്ങള്‍ വീണ്ടും പുഴയില്‍ നിമഞ്ജനം ചെയ്യുന്നത് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മാര്‍ഗ്ഗനിര്‍ദേശങ്ങളുടെ നഗ്നമായ ലംഘനമാണെന്നും ഗുഡ്ഡു ബാബ നിരീക്ഷിക്കുന്നു.

വിഗ്രഹങ്ങള്‍ നിമഞ്ജനം ചെയ്യുന്നതിന് മറ്റ് മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടത് അനിവാര്യമാണ്. വലിയതോതില്‍ നദി മലിനപ്പെടുന്നത് മറ്റ് ജലസ്രോതസുകളെ കാര്യമായി ബാധിക്കും. പ്രത്യേകിച്ച്, ജല ജീവികളെയും മനുഷ്യന്റെ ആരോഗ്യത്തെയും-അദ്ദേഹം വ്യക്തമാക്കി. വിഗ്രഹങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന വിഷകാരികളായതും ജീര്‍ണ്ണിക്കുന്ന സ്വഭാവം ഇല്ലാത്തതുമായ പദാര്‍ത്ഥങ്ങളെക്കുറിച്ചും അവയെങ്ങനെ ജലാശയത്തെ ദോഷകരമായി ബാധിക്കുന്നുവെന്നതിനെക്കുറിച്ചും നദികളെ സംബന്ധിച്ച് പഠിക്കുന്ന രന്‍ഞ്ചീവ് വിശദീകരിക്കുന്നു.

പ്ലാസ്റ്റിക്, ഫൈബര്‍ ഗ്ലാസ്, പ്ലാസ്റ്റര്‍ ഓഫ് പാരിസ്, ലോഹങ്ങള്‍, വിഷകാരികളായ പെയ്ന്റുകള്‍ എന്നിവയാലാണ് പ്രതിമകള്‍ നിര്‍മിക്കപ്പെടുന്നതെന്ന് അദ്ദേഹം പറയുന്നു. അവയൊന്നും പ്രകൃതിക്ക് ഇണങ്ങുന്നവയുമല്ല. പണ്ട് കാലങ്ങളില്‍ ദുര്‍ഗാ ബിംബങ്ങള്‍ നിര്‍മിക്കുന്നത് കളിമണ്ണ്, പഞ്ഞി, വൈക്കോല്‍, പ്രകൃതിദത്ത നിറങ്ങള്‍ എന്നിവ കൊണ്ടായിരുന്നു. ഇവയൊക്കെ അലിഞ്ഞു ചേരുന്നവയും ദോഷകരമല്ലാത്തതുമാണ്. ഇതിന് വിപരീതമായാണ് ഇന്ന് വിഷകാരികളായ വസ്തുക്കള്‍ കൊണ്ട് പ്രതിമകള്‍ ഉണ്ടാക്കുന്നതെന്ന് രന്‍ഞ്ചീവ് കുറ്റപ്പെടുത്തി.

ദുര്‍ഗാ പൂജയോടനുബന്ധിച്ച് വിഗ്രഹങ്ങള്‍ നിമഞ്ജനം ചെയ്യുമ്പോള്‍ അത് പുഴകളിലും തടാകങ്ങളിലും സമീപത്തെ കുളങ്ങളിലും കാര്യമായ സമ്മര്‍ദ്ദങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. പ്ലാസ്റ്റര്‍ ഓഫ് പാരിസ് വളരെ വേഗത്തില്‍ അലിഞ്ഞു ചേരുകയില്ല. മാത്രമല്ല, വിഷകാരികളായ ജിപ്‌സം, സള്‍ഫര്‍, ഫോസ്ഫറസ്, മഗ്നേഷ്യം എന്നിവയും അതില്‍ അടങ്ങിയിട്ടുണ്ട്. അതുകൂടാതെ ബിംബങ്ങളില്‍ ഉപയോഗിച്ചിരിക്കുന്ന നിറങ്ങളും വിഷകാരികളാണ്. ചുമപ്പ്, നീല, ഓറഞ്ച്, പച്ച തുടങ്ങിയ നിറങ്ങളില്‍ മെര്‍ക്കുറി, സിങ്ക് ഓക്‌സൈഡ്, ക്രോമിയം, ലെഡ് എന്നിവ ചേര്‍ന്നിരിക്കുന്നു. ഇതെല്ലാം, കാന്‍സറിന് കാരണമാകുന്നവയാണ്.

തടാകങ്ങള്‍, പുഴകള്‍, എന്തിന് കടലിനെപ്പോലും വിഷമയമാക്കുന്നതില്‍ ഈ വിഗ്രഹ നിമഞ്ജനത്തിന് പങ്കുണ്ട്. ജലത്തിന്റെ അമ്ലത വര്‍ധിപ്പിക്കുന്നതിനൊപ്പം സ്വാഭാവികമായ ഒഴുക്കും അതു തടസപ്പെടുത്തുന്നു. കുടിവെള്ളം മലിനീകരിക്കപ്പെടുന്നത് ശ്വാസ തടസത്തിനും രക്ത, ചര്‍മ്മ രോഗങ്ങള്‍ക്കും കാരണമാകും.

2014ലെ തെരഞ്ഞെടുപ്പ് വേളയില്‍ ഗംഗാ നദീ ശുദ്ധീകരണമായിരുന്നു എന്‍ഡിഎയുടെ പ്രധാന പ്രചാരണ തന്ത്രം. എന്‍ഡിഎ അധികാരത്തില്‍ വന്ന് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും, ഒരു വകുപ്പു തന്നെ സൃഷ്ടിക്കപ്പെട്ടിട്ടും എന്തുകൊണ്ടാണ് ഗംഗയിലെ വിഗ്രഹ നിമഞ്ജനം തടയാന്‍ കഴിയാത്തതെന്ന് രന്‍ഞ്ചീവ് ചോദിക്കുന്നു.

ആഗോള സംഘടനയായ വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ കുറച്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പൂര്‍ണമായും നാശ ഭീഷണി നേരിടുന്ന പത്ത് നദികളിലൊന്നില്‍ ഗംഗയെ ഉള്‍പ്പെടുത്തിയിരുന്നു. മുന്‍പ് പാറ്റ്‌നയ്ക്കടുത്തു കൂടി ഒഴുകിയിരുന്ന പുഴയിപ്പോള്‍ രണ്ട് കിലോ മീറ്റര്‍ ഗതി മാറിയാണ് സഞ്ചരിക്കുന്നത്. ഇതിനും പ്രധാന കാരണം മലിനീകരണം തന്നെ.

കടപ്പാട്: ഐഎഎന്‍എസ്

Comments

comments

Categories: FK Special