ലോകം ചുറ്റുമ്പോള്‍ കാണേണ്ട 24 സ്ഥലങ്ങളിലൊന്ന് കേരളം

ലോകം ചുറ്റുമ്പോള്‍ കാണേണ്ട 24 സ്ഥലങ്ങളിലൊന്ന് കേരളം

 

തിരുവനന്തപുരം: നാഷണല്‍ ജ്യോഗ്രഫിക് മാസിക കണ്ടുപിടിച്ച ലോകത്തെ 24 സവിശേഷമായ പ്രദേശങ്ങളുടെ പട്ടികയില്‍ കേരളവും ഇടംപിടിച്ചു. ഇന്ത്യയില്‍ നിന്നു മാത്രമല്ല, ദക്ഷിണേഷ്യയില്‍ നിന്നുപോലും കേരളത്തിനുമാത്രമാണ് ഈ ബഹുമതി. ന്യൂയോര്‍ക്ക്, പാരിസ്, ടോക്യോ തുടങ്ങിയ സ്ഥലങ്ങള്‍ക്കൊപ്പമാണ് കേരളത്തെ നാഷണല്‍ ജ്യോഗ്രാഫിക് തെരഞ്ഞെടുത്തത്. ഏഷ്യയില്‍നിന്ന് ചൈന, ടെല്‍ അവീവ്, അബുദാബി, ടോക്കിയോ എന്നിവയും പട്ടികയിലുണ്ട്.

വിനോദ സഞ്ചാരത്തിന് ഏറ്റവും അനുയോജ്യമായ ലോകത്തിലെ സവിശേഷ ഇടങ്ങളെപ്പറ്റി മാസിക പ്രസിദ്ധീകരിച്ച ‘എറൗണ്ട് ദ് വേള്‍ഡ് ഇന്‍ 24 അവേഴ്‌സ്'(24 മണിക്കൂറിലെ ലോകസഞ്ചാരം)’ എന്ന ട്രാവല്‍ ഫോട്ടോ ഫീച്ചറിലാണ് കേരളത്തെക്കുറിച്ച് പരാമര്‍ശിക്കുന്നത്. ആലപ്പുഴയില്‍ എരമല്ലൂരിനു സമീപം വേമ്പനാട് കായലില്‍ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ കാക്കതുരുത്ത് എന്ന ദ്വീപാണ് കേരളത്തിന് ഈ അതുല്യസ്ഥാനം നേടിക്കൊടുത്തത്. കാക്കത്തുരുത്തിലെ സൂര്യാസ്തമയത്തെക്കുറിച്ച് നാഷണല്‍ ജ്യോഗ്രഫിക്കില്‍ വിവരിക്കുന്നുണ്ട്. പഴയ കൊച്ചി തുറമുഖത്ത് നിന്ന് ഏറെ അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന കാക്കത്തുരുത്തിലേക്ക് ചെറുവള്ളങ്ങളിലൂടെ മാത്രമേ എത്താന്‍ കഴിയൂ. വേമ്പനാട് കായലിനാല്‍ ചുറ്റപ്പെട്ട ഈ തുരുത്ത് പക്ഷിനിരീക്ഷകരുടെ ഇഷ്ടകേന്ദ്രം കൂടിയാണ്.

ടൂറിസ്റ്റുകളുടെ പ്രിയ സങ്കേതമായ കേരളത്തെപ്പറ്റി പ്രശസ്തമായ നാറ്റ് ജിയോ മാസിക പരാമര്‍ശിക്കുന്നത് വളരെ അഭിമാനം പകരുന്നതാണെന്ന് ടൂറിസം മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച കേരളത്തിലെ ഓരോ ടൂറിസ്റ്റ് സങ്കേതത്തെയും ലോകശ്രദ്ധയില്‍ കൊണ്ടുവരാന്‍ കേരള ടൂറിസം നടത്തുന്ന ശ്രമങ്ങള്‍ക്കു ലഭിച്ച അംഗീകാരമാണിതെന്ന് ടൂറിസം ഡയറക്ടര്‍ ഡോ. വേണു വി ചൂണ്ടിക്കാട്ടി.

നിശ്ചിത സമയങ്ങളില്‍ കാണേണ്ടതായി നാറ്റ് ജിയോ തെരഞ്ഞെടുത്ത മറ്റു സ്ഥലങ്ങള്‍ ഇവയാണ്: രാവിലെ 7.00സാന്‍ഫ്രാന്‍സിസ്‌കോ, 8.00അബുദാബി, 10.00ടാന്‍സാനിയ, 11.00അര്‍ജന്റീന, 1.00ചാള്‍സ്റ്റണ്‍ (അമേരിക്ക), 2.00പോര്‍ട്ട്‌ലാന്‍ഡ് (അമേരിക്ക), 3.00ന്യൂസിലാന്‍ഡ്, 4.00ക്രൊയേഷ്യ, 5.00ടോക്കിയോ, 7.00ക്യൂബ, 8.00ന്യൂയോര്‍ക്ക്, 9.00ചൈന, 10.00 ബുഡാപെസ്റ്റ്(ഹംഗറി), 11. 00 മൊണാക്കോ(യൂറോപ്പ്), 12.00നോര്‍വെ, വെളുപ്പിന് 1.00വിമാനയാത്ര, 2.00അറ്റക്കാമ മരുഭൂമി(ചിലി), 3.00ടെല്‍ അവീവ്(ഇസ്രയേല്‍), 4.00ഉത്തര അയര്‍ലാന്‍ഡ്.

Comments

comments

Categories: Branding, Top Stories