വേദനകളെ എങ്ങനെ വിജയങ്ങളാക്കാം

വേദനകളെ എങ്ങനെ  വിജയങ്ങളാക്കാം

സ്റ്റേജില്‍ സംഗീത നാടകം അരങ്ങേറുന്നു. പാട്ടുപാടി  അഭിനയിക്കുന്നതിനിടയിലാണ് നടിയായ ഹന്നയുടെ ശബ്ദമിടറിയത്. വീണ്ടും പാടാന്‍ ശ്രമിച്ചെങ്കിലും ശബ്ദം പുറത്തുവന്നില്ല. അതോടെ കാണികള്‍ കൂവാന്‍ ആരംഭിച്ചു. പാടാനാവാതെ കരഞ്ഞുകൊണ്ട് ഹന്ന സ്റ്റേജിന് പുറകിലേക്കോടി. ആ രംഗത്തിന് സാക്ഷിയായി കര്‍ട്ടനു പിറകില്‍ ഒരു കൊച്ചുകുട്ടി നില്‍പ്പുണ്ടായിരുന്നു, ഹന്നയുടെ മകന്‍ ചാര്‍ലി.

ചെറുപ്പത്തിലെ തന്നെ മറ്റുള്ളവരെ അനുകരിച്ച് അഭിനയിക്കുമായിരുന്ന ചാര്‍ലിയുടെ കഴിവ് അറിയാമായിരുന്ന സ്റ്റേജ് മാനേജര്‍ ആ കുട്ടിയെ വേദിയിലേക്ക് കയറ്റിവിട്ടു. എന്തു ചെയ്യണമെന്നറിയാതെ പകച്ചുനിന്നെങ്കിലും പശ്ചാത്തല സംഗീതമുയര്‍ന്നതും ‘ജാക്ക് ജോണ്‍സ്’ എന്ന പ്രസിദ്ധ ഗാനം കൊച്ചു ചാര്‍ലി പാടി. അതോടെ സദസ് കുട്ടിയെ പ്രോത്സാഹിപ്പിച്ചു. സ്റ്റേജിലേക്ക് അവര്‍ നാണയങ്ങള്‍ എറിഞ്ഞുകൊടുത്തു. അത് കൊച്ചു ചാര്‍ലി പെറുക്കിയെടുക്കുന്നതിനിടയിലാണ് സഹായിക്കാനായി സ്റ്റേജ് മാനേജര്‍ എത്തിയത്. അദ്ദേഹത്തെ തള്ളിമാറ്റി വേഗത്തില്‍ നാണയങ്ങളെല്ലാം കൊച്ചുകുട്ടി കൈക്കലാക്കുന്ന രംഗം കാണികളെയെല്ലാം ചിരിപ്പിച്ചു. നിര്‍ത്താതെയുള്ള കൈയടിയായിരുന്നു തുടര്‍ന്ന് കൊച്ചു ചാര്‍ലിക്ക് കിട്ടിയത്. വീണ്ടും പാട്ടു പാടിയും നൃത്തം ചെയ്തും നടീനടന്മാരെ അനുകരിച്ചുമെല്ലാം ചാര്‍ലി കാണികളെ കയ്യിലെടുത്തു. ഒടുവില്‍ അമ്മ പഠിപ്പിച്ച ‘ഐറിഷ് പടയണി’ പാട്ടും പാടി.

ചാര്‍ലി ചാപ്ലിന്റെ ആദ്യത്തെ അഭിനയവേദിയായിരുന്നു അത്; അമ്മയുടെ അവസാനത്തേതും. ചാര്‍ലിക്ക് ഒരു വയസുള്ളപ്പോഴാണ് ഹന്നയ്ക്ക് ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിയേണ്ടിവന്നത്. പിന്നീട് കടുത്ത ദാരിദ്ര്യത്തിലായിരുന്നു ആ അമ്മ ചാര്‍ലിയേയും ജ്യേഷ്ഠന്‍ സിഡ്‌നിയേയും വളര്‍ത്തിയത്. പലപ്പോഴും പട്ടിണിയായിരുന്നു വീട്ടില്‍. പലയിടത്തും മാറിമാറി അവര്‍ താമസിച്ചു. അതിനാല്‍ സ്‌കൂള്‍ പഠനവും ചാര്‍ലിക്ക് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.

ദാരിദ്ര്യവും നാടകരംഗത്തെ തിരിച്ചടിയും ഒറ്റപ്പെടലുമെല്ലാം വൈകാതെ ഹന്നയുടെ മാനസികനില തകര്‍ത്തു. അമ്മ മനോരോഗിയായി മാറിയതോടെ അനാഥാലയത്തിലും തെരുവിലും മറ്റുമായി ആ കുട്ടികളുടെ ജീവിതം. കുടുംബം പുലര്‍ത്താനായി വീട്ടുജോലിക്കാരനായും മറ്റും ബാല്യത്തിലെ ജോലി ചെയ്യേണ്ടിവന്നു ചാര്‍ലിക്ക്. പക്ഷേ, ജീവിതത്തിലെ പ്രതിസന്ധികളും യാതനകളുമൊന്നും ചാര്‍ലിയെ വിജയം വരിക്കുന്നതില്‍ നിന്നു പിന്നോട്ടുവലിച്ചില്ല.ബാലഹാസ്യനടനായി നാടകസംഘത്തോടൊപ്പം ചേര്‍ന്ന ചാര്‍ലി പടിപടിയായി വില്ലന്‍, നായക വേഷങ്ങളും ചെയ്തുതുടങ്ങി. പ്രധാന നടനായി ‘കാര്‍ലോ കമ്പനി’യോടൊപ്പം ഫ്രാന്‍സിലെത്തിയപ്പോള്‍ വയസ് വെറും 20. ശമ്പളം ആഴ്ചയില്‍ ആറു പവന്‍. അക്കാലത്ത് പ്രമുഖ നടന്മാരുടെ പ്രതിഫലമായിരുന്നു അത്.

പിന്നീട് ‘വൗ വൗസ്’ എന്ന നാടകവുമായി 1910 ല്‍ അമേരിക്കയിലെത്തി. ഇവിടെവച്ചാണ് ചാപ്ലിന്റെ അഭിനയത്തില്‍ മതിപ്പു തോന്നിയ സിനിമാക്കമ്പനി അദ്ദേഹത്തെ ചലച്ചിത്ര ലോകത്തേക്ക് ക്ഷണിക്കുന്നത്. 1914 ല്‍ ചാപ്ലിന്റെ ആദ്യസിനിമ പുറത്തിറങ്ങി. പേര് ‘മെയ്ക്കിംഗ് ഓഫ് എ മാന്‍’. ഇതിലെ പത്രവില്‍പ്പനക്കാരന്റെ വേഷത്തിലൂടെ ചാര്‍ലി കാണികളെ കുടുകുടെ ചിരിപ്പിച്ചു. അവിടെ തുടങ്ങുന്നു ചാര്‍ലിയുടെ വിജയത്തിന്റെ പടയോട്ടം. വന്‍വിജയമായ ആ ചിത്രത്തെ തുടര്‍ന്ന് ലോകശ്രദ്ധ നേടിയ ഒട്ടേറെ സിനിമകളില്‍ ചാര്‍ലി വേഷമിട്ടു. സിനിമാനടന്‍ മാത്രമല്ല, നിര്‍മാതാവ്, രചയിതാവ്, സംവിധായകന്‍, സംഗീതജ്ഞന്‍ എന്നീ നിലകളിലും കഴിവു തെളിയിച്ചു.

ഗാന്ധിജി, നെഹ്രു, വിന്‍സ്റ്റന്‍ ചര്‍ച്ചില്‍, ഐന്‍സ്റ്റീന്‍, പിക്കാസോ തുടങ്ങിയ ഒട്ടേറെ പ്രമുഖ വ്യക്തികളുമായി ചാപ്ലിന് അടുത്ത ബന്ധമുണ്ടായിരുന്നു. 1977ലെ ക്രിസ്മസ് ദിനത്തില്‍ 88ാം വയസില്‍ മരിക്കുമ്പോള്‍ ചാര്‍ലി ചാപ്ലിന്‍ ബാക്കിവച്ചത് അനശ്വരമായ ഒരു പേരായിരുന്നു. ഇല്ലായ്മകളുടെയും പ്രതിസന്ധികളുടെയും ബാല്യത്തില്‍ നിന്ന് അനേകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ചാര്‍ലി ചാപ്ലിന്‍ ഉയര്‍ന്നപ്പോള്‍ ആ ജീവിതം തന്നെ ഏവര്‍ക്കും പ്രചോദനമേകുന്നതായി.

ജീവിതത്തിലെ പ്രതിസന്ധികളിലും പരാജയങ്ങളിലും ഇല്ലായ്മകളിലും എങ്ങനെ പ്രവര്‍ത്തിച്ചാല്‍, ചിന്തിച്ചാല്‍ വിജയം വരിക്കാമെന്ന് ചാപ്ലിന്‍ സ്വന്തം ജീവിതത്തിലൂടെ കാണിച്ചുതന്നു. നമ്മുടെ ജീവിതത്തിലും ഈയൊരു മനോഭാവത്തോടെ നിരാശരാകാതെ പ്രവര്‍ത്തിച്ചാല്‍ രോഗങ്ങളിലും സാമ്പത്തിക ക്ലേശങ്ങളിലും അപമാനങ്ങളിലും കുടുംബ ബന്ധങ്ങളിലെ തകര്‍ച്ചകളിലും തളരാതെ ജീവിത വിജയം കൈവരിക്കാന്‍ നമുക്ക് കഴിയും. അതിനു സാധിക്കട്ടേയെന്ന് പ്രാര്‍ത്ഥിക്കുന്നു. വിജയാശംസകള്‍.

ചിന്ത
മുന്നിട്ടിറങ്ങലിലൂടെ ധൈര്യം കൂടുന്നു. പിന്തിരിയല്‍ മൂലം ഭയവും വര്‍ധിക്കും

(ഇന്റര്‍നാഷണല്‍ മോട്ടിവേഷണല്‍ സ്പീക്കറും സൈക്കോളജിസ്റ്റും എഴുത്തുകാരനുമാണ് ലേഖകന്‍). മൊബീല്‍: 9447259402

 

Comments

comments

Categories: FK Special