ഇലക്‌ട്രോണിക് സ്റ്റാര്‍ട്ടപ്പുകള്‍ക്കായി കൊച്ചി മേക്കര്‍ വില്ലേജില്‍ മത്സരം

ഇലക്‌ട്രോണിക് സ്റ്റാര്‍ട്ടപ്പുകള്‍ക്കായി കൊച്ചി മേക്കര്‍ വില്ലേജില്‍ മത്സരം

 

കൊച്ചി: ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളുടെ നിര്‍മാണത്തിലെ സാങ്കേതിക മികവും നൂതനത്വവും പ്രോത്സാഹിപ്പിക്കുന്നതിനായി സ്റ്റാര്‍ട്ടപ്പുകള്‍ക്കായി കൊച്ചിയില്‍ ‘ബോഷ് ഡിഎന്‍എ ഗ്രാന്‍ഡ് ചലഞ്ച്’ എന്ന മത്സരം സംഘടിപ്പിക്കുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പങ്കാളിത്തമുള്ള കൊച്ചി മേക്കര്‍ വില്ലേജും പ്രമുഖ ഇലക്‌ട്രോണിക്‌സ് കമ്പനിയായ ബോഷും ചേര്‍ന്ന് ഒക്‌റ്റോബര്‍ 20നാണ് മത്സരം നടത്തുന്നത്. കളമശ്ശേരിയിലെ കിന്‍ഫ്രാ ഹൈടെക് പാര്‍ക്കില്‍ നടക്കുന്ന മത്സരത്തില്‍ യുവ സംരംഭകര്‍ ഇലക്ടോണിക്‌സ് ഉല്‍പ്പന്ന രൂപകല്‍പ്പന, വികസനം എന്നിവയില്‍ മാറ്റുരയ്ക്കും.

എറണാകുളം ജില്ലാ കളക്ടര്‍ കെ.മുഹമ്മദ് വൈ. സഫറുള്ളയും ബോഷ് സീനിയര്‍ വൈസ് പ്രസിഡന്റ് ആര്‍ കെ ഷേണായിയും ചേര്‍ന്ന് പരിപാടി ഉദ്ഘാടനം ചെയ്യും. കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് സാഹചര്യങ്ങള്‍, ഇവിടെ ഇലക്‌ട്രോണിക് സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള പ്രാധാന്യം എന്നീ വിഷയങ്ങളില്‍ വിദഗ്ധര്‍ പങ്കെടുക്കുന്ന ചര്‍ച്ചകള്‍ നടക്കും.

ഇലക്ട്രോണിക് ഉപകരണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകച്ചിട്ടുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ക്യുബേറ്ററായ മേക്കര്‍ വില്ലേജില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പുറമെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫൊര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് മാനേജ്മന്റ് കേരള, സ്റ്റാര്‍ട്ടപ്പ് വില്ലേജ,് ബോഷ് എന്നിവയ്ക്കും പങ്കാളിത്തമുണ്ട്.

ഇലക്ട്രോണിക് സ്റ്റാര്‍ട്ടപ്പുകളിലെ പല ആശയങ്ങളും ഉല്‍പ്പന്നങ്ങളായി മാറുന്നില്ലെന്ന സ്ഥിതിയാണുള്ളതെന്ന് മേക്കര്‍ വില്ലേജ് ചീഫ് കണ്‍സള്‍ട്ടന്റ് പ്രൊഫ. എസ് രാജീവ് പറഞ്ഞു. ഉല്‍പ്പന്നങ്ങളുടെ ആവശ്യകത കണക്കിലെടുത്ത് മത്സരാര്‍ത്ഥികള്‍ക്ക് അഞ്ച് വിഷയങ്ങളിലെ പരീക്ഷകളാണ് നല്‍കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ സ്മാര്‍ട്ട് സിറ്റി പദ്ധതി നിര്‍ദ്ദേശങ്ങള്‍, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, വെയറബിള്‍സ്, റോബോട്ടിക്‌സ്, എംബഡഡ് ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ എന്നീ വിഷയങ്ങളാണ് പരീക്ഷകള്‍ക്ക് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

മികച്ച ആശയത്തെ മേക്കര്‍ വില്ലേജില്‍ മൂന്നു മാസത്തെ പ്രീ ഇന്‍ക്യുബേഷന്‍ പ്രക്രിയയില്‍ ഉള്‍പ്പെടുത്തും. തങ്ങളുടെ ആശയങ്ങള്‍ മാതൃകകളായി വികസിപ്പിക്കാനുള്ള സഹായം ഈ കാലയളവില്‍ നല്‍കും. ബോഷാണ് പ്രീ ഇന്‍ക്യുബേഷന്‍ കാലയളവിന്റെ സ്‌പോണ്‍സര്‍. മത്സരാര്‍ഥികള്‍ക്ക് വേണമെങ്കില്‍ സ്വന്തം സ്ഥലത്തിരുന്നും ഉല്‍പ്പന്നം വികസിപ്പിച്ചെടുക്കാവുന്നതാണ്. മാതൃക രൂപപ്പെടുത്തിയെടുക്കുന്നതിന് ഒരു ടീമിന് 50000 രൂപ വരെയാണ് ബോഷ് നല്‍കുന്നത്. സ്ഥലവും മാര്‍ഗ നിര്‍ദ്ദേശങ്ങളും മേക്കര്‍ വില്ലേജും ബോഷും ചേര്‍ന്ന് നല്‍കുമെന്നും പ്രൊഫ.രാജീവ് പറഞ്ഞു.

മികച്ച ഉല്‍പ്പന്ന മാതൃക സൃഷ്ടിക്കുന്ന ടീമുകളെ വിജയികളായി പ്രഖ്യാപിക്കും. വിജയികള്‍ക്ക് ഒരു ലക്ഷം രൂപ സമ്മാനവും അടുത്ത 12 മാസത്തേക്ക് മേക്കര്‍ വില്ലേജില്‍ സൗജന്യ ഇന്‍ക്യുബേഷന്‍ പ്രവര്‍ത്തനത്തിനുള്ള അവസരവും നല്‍കും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാനായി https://goo.gl/forms/xhI55h7UC9zWTWDI2 എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം.

Comments

comments

Categories: Entrepreneurship