ഓരോ ഭാരതീയനും കമ്മ്യൂണിസ്റ്റാണ്

ഓരോ ഭാരതീയനും  കമ്മ്യൂണിസ്റ്റാണ്

ശ്രീശ്രീ രവിശങ്കര്‍

ഭാരതീയരെ കമ്മ്യൂണിസ്റ്റുകളാക്കേണ്ട ആവശ്യമില്ല. എന്റെ അഭിപ്രായത്തില്‍ അവരെല്ലാം ഒരര്‍ത്ഥത്തില്‍ കമ്മ്യൂണിസ്റ്റുകാരാണ്. എന്തുകൊണ്ടെന്നാല്‍ കമ്മ്യൂണിസത്തിന്റെ അടിസ്ഥാന ആശയം പരസ്പരധാരണയും പങ്കുവയ്ക്കലുമാണ്. ഇന്ത്യയിലെ ഏതു ഗ്രാമത്തില്‍ ചെന്നാലും നിങ്ങള്‍ക്കത് കാണാം. ഏറ്റവും പാവപ്പെട്ടവന്റെ വീട്ടില്‍പ്പോലും ചെന്നു നോക്കൂ. തീര്‍ച്ചയായും ഉള്ളതെല്ലാം മറ്റുള്ളവരുമായി പങ്കിടാന്‍ അവര്‍ക്ക് സന്തോഷമേയുള്ളൂ. ഒരു ഗ്ലാസ്സ് ലസ്സിയുണ്ടെങ്കില്‍ അതിന്റെ പകുതി നിങ്ങള്‍ക്ക് തരും. രണ്ട് ചായയാണെങ്കിലും നാലുപേര്‍ പങ്കിട്ടു കുടിക്കും. പരസ്പര സ്‌നേഹവും പങ്കുവയ്ക്കലും ഈ നാട്ടില്‍ പുരാതനകാലം മുതലേ ഉള്ളതാണ്.

പങ്കുവെക്കുക

പരിപാലിക്കുക, പങ്കുവയ്ക്കുക, ജാതിമതവര്‍ണ്ണങ്ങളുടെ പേരിലുള്ള ചൂഷണം അവസാനിപ്പിക്കുക – ഇതൊക്കെയല്ലേ കമ്മ്യൂണിസം. പണ്ട് മതങ്ങള്‍ മനുഷ്യരില്‍ വളരെയധികം കുറ്റബോധവും ഭയവും നിറച്ചിരുന്നു. ഭാവിയില്‍ ലഭിക്കാന്‍ പോകുന്ന സുഖങ്ങളില്‍ വിശ്വസിക്കാനാണ് അവരെ പഠിപ്പിച്ചത്. മനുഷ്യരെല്ലാം പാപികളാണെന്നും സ്വര്‍ഗ്ഗരാജ്യം അവര്‍ക്ക് നഷ്ടപ്പെട്ടുവെന്നും പറഞ്ഞ് മതങ്ങള്‍ മുതലെടുക്കുകയായിരുന്നു. അപ്പോഴാണ് കമ്മ്യൂണിസം പറഞ്ഞത്, ”അതെല്ലാം മറന്നേക്കൂ. ഇപ്പോള്‍ തന്നെ നിങ്ങളുടെ ജീവിതം സുഖകരമാക്കാമെന്ന് ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. എവിടെയോ ഇരുന്ന് വിധി കല്‍പ്പിക്കുകയും കോപിഷ്ഠനാവുകയും തന്റെ തന്നെ മക്കളെ ശിക്ഷിക്കുകയും ചെയ്യുന്ന ദൈവം നമുക്ക് എന്തിനാണ്? അതുപോലെയുള്ള ഒരു ദൈവത്തെയാണ് കമ്മ്യൂണിസ്റ്റുകാര്‍ നിന്ദിച്ചതും നിരസിച്ചതും. അക്കാര്യത്തില്‍ അവര്‍ ശരിയും ആയിരുന്നു.”

യഥാര്‍ത്ഥ കമ്മ്യൂണിസം സ്‌നേഹത്തിലും ദാനത്തിലും അധിഷ്ഠിതമാണ് (caring & sharing). യഥാര്‍ത്ഥമായ ആദ്ധ്യാത്മികതയും അതു തന്നെയാണ്. ഒരു ആദ്ധ്യാത്മിക മനുഷ്യന്‍ ആണ് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്. അയാള്‍ ഒരു അവകാശവാദവും ഉന്നയിക്കില്ല. ഞാനും നിങ്ങളും തുല്യരാണ്, എനിക്കുള്ളതെല്ലാം നിങ്ങള്‍ക്കും ഉള്ളതാണ് എന്നാണ് അദ്ദേഹം പറയുക.

മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് കമ്മ്യൂണിസം പറയുന്നു. അതും ശരിയാണ്. മതങ്ങള്‍ മനുഷ്യനെ വിഭജിക്കുന്നു. പരലോകത്തിലെ ഐശ്വര്യങ്ങളെപ്പറ്റി പറഞ്ഞ് ഇപ്പോള്‍ കഷ്ടപ്പെടാന്‍ ഉപദേശിക്കുന്നു. ഇത് ഒരു മാനസികരോഗിയുടെ ജല്‍പ്പനമാണ്. ഈ ലോകത്ത് ജീവിക്കാന്‍ ഉതകാത്തതാണ് മതത്തിലെ പല ആശയങ്ങളും എന്ന കമ്മ്യൂണിസ്റ്റ് വാദവും ശരി തന്നെ. മതത്തിന്റെ പേരില്‍ നടക്കുന്ന യുദ്ധങ്ങളും അക്രമങ്ങളും അത്യാചാരങ്ങളും വര്‍ധിച്ചപ്പോഴാണ് കമ്മ്യൂണിസം ജനിച്ചത്.

എന്നാല്‍ യോഗാസനങ്ങള്‍, ധ്യാനം, വേദാന്തം തുടങ്ങിയ യഥാര്‍ത്ഥ ആദ്ധ്യാത്മിക ആശയങ്ങളെക്കുറിച്ച് കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഒരു പരിചയവും ഉണ്ടായിരുന്നില്ല. കാറല്‍ മാര്‍ക്‌സ് യോഗയും ധ്യാനവും സുദര്‍ശനക്രിയയും ചെയ്തിരുന്നുവെങ്കില്‍ അദ്ദേഹം തികച്ചും വ്യത്യസ്തനായ ഒരു മനുഷ്യനാകുമായിരുന്നു എന്ന് ഞാന്‍ പറയുന്നു. അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ തന്നെ മാറിപ്പോയേനെ.

ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാര്‍ ആത്മവഞ്ചനയില്‍ ജീവിക്കുന്നവരാണ്. അവര്‍ കമ്മ്യൂണിസ്റ്റുകാരാണെന്ന് പറയുന്നുണ്ടെങ്കിലും തികഞ്ഞ മതാനുയായികളാണ്. ഏറ്റവും കൂടുതല്‍ കമ്മ്യൂണിസ്റ്റുകാരുള്ള ബംഗാളിലാണ് ഏറ്റവുമധികം ദുര്‍ഗാ പൂജകള്‍ നടക്കുന്നത്. എല്ലാവരും കമ്മ്യൂണിസ്റ്റുകാരാണെങ്കില്‍പ്പിന്നെ പൂജകള്‍ എങ്ങനെ സംഭവിക്കും. ഒന്നുകില്‍ അവര്‍ പാര്‍ട്ടി തത്വങ്ങളോട് കൂറ് പുലര്‍ത്തുന്നില്ല. അല്ലെങ്കില്‍ അവരുടെ വ്യക്തിത്വം ശിഥിലമാണ്. രാഷ്ട്രീയത്തില്‍ കമ്മ്യൂണിസ്റ്റും സ്വജീവിതത്തില്‍ ഈശ്വരവിശ്വാസിയും. ഇതെങ്ങനെ സംഭവിക്കും.

കൊല്‍ക്കത്തയില്‍ എത്ര തെങ്ങുകളുണ്ടോ അത്രയും ദുര്‍ഗാ പൂജ കമ്മറ്റികളുണ്ട്. കേരളത്തിലാണെങ്കില്‍ എത്രയോ കമ്മ്യൂണിസ്റ്റുകാര്‍ ശബരിമലയ്ക്ക് പോകുന്നു. കമ്മ്യൂണിസം പറയുന്നു- ”നിങ്ങള്‍ ഈശ്വര വിശ്വാസിയാകുമ്പോള്‍ വിധിയില്‍ വിശ്വസിക്കുകയും കര്‍മ്മവിമുഖരാവുകയും ചെയ്യുന്നു.” എന്നാലിത് വിപരീതമായാണ് കാണുന്നത്. ”ഞങ്ങള്‍ വിധിയില്‍ വിശ്വസിക്കുന്നു” എന്ന് പറയുന്ന അമേരിക്കക്കാര്‍ (അവര്‍ ശരിക്കും വിശ്വസിക്കുന്നുണ്ടോയെന്നത് വേറെ കാര്യം) കൂടുതല്‍ ഊര്‍ജ്ജസ്വലരും കര്‍മ്മോത്സുകരുമായി കാണപ്പെടുന്നുണ്ട്.

”ഞങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുന്നില്ല, ദൈവമില്ല” എന്നൊക്കെ പറയുന്ന റഷ്യക്കാരും ചൈനക്കാരും മറ്റ് കമ്മ്യൂണിസ്റ്റുകാരും കൂടുതല്‍ സര്‍ഗ്ഗശക്തിയുള്ളവരോ ഉത്സാഹശീലരോ ആണെന്ന് പറയാന്‍ വയ്യ. ഇതൊരു യാഥാര്‍ത്ഥ്യമാണ്. മാത്രമല്ല, ശരിയായി ജോലി ചെയ്യാനോ ഉത്തരവാദിത്തം ഏറ്റെടുക്കാനോ ആരും തയാറാകാത്തതുകൊണ്ടാണ് റഷ്യ സാമ്പത്തികമായി തകര്‍ന്നത്…

സമൂഹത്തെ ഉള്ളവരും ഇല്ലാത്തവരും എന്ന് രണ്ട് വിഭാഗമായി തിരിക്കുന്നു. ഉള്ളവര്‍ കൂടുതല്‍ ദരിദ്രന്മാരായിത്തീരുകയും ചെയ്യുന്നു. ഇതിന് ഉത്തരവാദികള്‍ ആരാണ്? ഈ കാര്യം കമ്മ്യൂണിസ്റ്റുകാര്‍ മറന്നു. ദരിദ്രന്മാര്‍ അവരുടെ ദാരിദ്ര്യത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തേ പറ്റൂ. ധനികരാണ് എല്ലാത്തിനും കാരണക്കാര്‍ എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. കമ്മ്യൂണിസം കൊണ്ട് എന്താണ് സംഭവിച്ചത്? ധനികരെ ദരിദ്രരാക്കി. ദരിദ്രര്‍ ദരിദ്രന്മാരായി തുടര്‍ന്നു. ദരിദ്രന്മാരോട് പറഞ്ഞു- ”നിങ്ങളുടെ ദാരിദ്ര്യത്തിന്റെ കാരണം നിങ്ങളല്ല. നിങ്ങള്‍ക്കുവേണ്ടതെല്ലാം ധനികരില്‍നിന്നു ഞങ്ങള്‍ വാങ്ങിത്തരും.” ഉത്തരവാദിത്തത്തെക്കുറിച്ച് ആരും സംസാരിച്ചില്ല. എല്ലാവരും അവകാശത്തെക്കുറിച്ച് മാത്രം പറഞ്ഞു.

റഷ്യയില്‍ ഇപ്പോള്‍ ഇല്ലാത്തവരേയുള്ളൂ. എല്ലാ ആവശ്യങ്ങള്‍ക്കും അമേരിക്കയിലേക്കും മറ്റ് വികസിത രാജ്യങ്ങളിലേക്കും നോക്കിക്കൊണ്ടിരിക്കുകയാണ് അവര്‍. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്? മറ്റ് കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലും ഇങ്ങനെത്തന്നെയാണ്. വ്യവസായങ്ങള്‍ വികസിക്കുന്നില്ല. എല്ലാ ദരിദ്രരേയും ധനികരാക്കിയിരുന്നുവെങ്കില്‍പ്പിന്നെ യാചിക്കേണ്ട ആവശ്യമുണ്ടായിരുന്നോ? ആദ്ധ്യാത്മിക ജ്ഞാനത്തിനു മാത്രമേ മാറ്റങ്ങളുണ്ടാക്കാന്‍ കഴിയുകയുള്ളൂ. ഇല്ലാത്തവനില്‍ ഉത്തരവാദിത്തബോധം ഉളവാക്കാനും, ഉള്ളവരെ സ്‌നേഹിക്കാനും പങ്കുവയ്ക്കാനും പ്രേരിപ്പിക്കാനും അതിനു കഴിയും. അപ്പോഴാണ് യഥാര്‍ത്ഥ കമ്മ്യൂണിസം പുലരുന്നത്.

 

Comments

comments

Categories: FK Special