ഇന്ത്യയില്‍ റോബോട്ടിക് സ്റ്റാര്‍ട്ടപ്പ് നിക്ഷേപം വര്‍ധിക്കുന്നു

ഇന്ത്യയില്‍ റോബോട്ടിക് സ്റ്റാര്‍ട്ടപ്പ് നിക്ഷേപം വര്‍ധിക്കുന്നു

 

മുംബൈ: ഇന്ത്യയില്‍ കൂണുകള്‍ പോലെ മുളച്ചു പൊന്തുന്ന യുവ സംരംഭങ്ങളില്‍ റോബോട്ടിക്‌സ് മേഖലയോട് പ്രത്യേക പ്രിയം ഏറുകയാണ്. ചികിത്സാ രംഗത്തുള്‍പ്പടെ സമൂഹത്തിലെ എല്ലാ മേഖലകളിലും റോബോട്ടിന്റെ സാന്നിധ്യം കൊണ്ടുവരുന്നതില്‍ ഈ സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ വലിയ പങ്കാണ് വഹിക്കുന്നത്. ബാങ്കിംഗ് മേഖലയിലും, ചലച്ചിത്ര മേഖലകളിലും റോബോട്ടിന്റെ സഹായം ഉണ്ട്. ഇതെല്ലാം സാധ്യമാകുന്നത് റോബോട്ടിക് സ്റ്റാര്‍ട്ടപ്പുകള്‍ വികസിപ്പിച്ചെടുക്കുന്ന പുതിയ സംരംഭങ്ങളിലൂടെയും ആശയങ്ങളിലൂടെയും ഉല്‍പ്പന്നങ്ങളിലൂടെയുമാണ്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ നിക്ഷേപം നേടുന്ന മേഖലയായി റോബോട്ടിക് സറ്റാര്‍ട്ടപ്പ് മാറികൊണ്ടിരിക്കുന്നുവെന്ന വസ്തുത ഇതിന് തെളിവാണ്. ഈ വര്‍ഷം ആഗോളതലത്തില്‍ നടന്ന നിക്ഷേപ ഇടപാടുകളില്‍ അഞ്ച് ശതമാനമാണ് രാജ്യത്തെ റോബോട്ടിക് സ്റ്റാര്‍ട്ടപ്പുകള്‍ നേടിയത്. ഈ വര്‍ഷം ആദ്യ പാദത്തില്‍ ആക്‌സല്‍ പാര്‍ട്‌ണേഴ്‌സ് ഇന്ത്യ, ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോബോട്ടിക് സ്റ്റാര്‍ട്ടപ്പായ സിസ്റ്റമാന്റിക്‌സില്‍ നിക്ഷേപം നടത്തിയിരുന്നു. ഗ്രെഓറഞ്ച്, എന്‍ഡ്‌ലെസ് റോബോര്‍ട്ടിക്‌സ്, ശാസ്ത്ര റോബോര്‍ട്ടിക്‌സ്, ജയ് റോബോര്‍ട്ടിക്‌സ്, എയര്‍വുഡ്, ആരവ് അണ്‍മാന്‍ഡ് സിസ്റ്റം എന്നീ റോബോട്ടിക്‌സ് കമ്പനികളും ഈ വര്‍ഷം നിക്ഷേപം സമാഹരിച്ചവരാണ്.

അമേരിക്ക കൂടാതെ മറ്റ് രാജ്യങ്ങളിലുള്ള സ്റ്റാര്‍ട്ടപ്പ് ഇടപാടുകളുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. യുഎസ് ഇതര സ്റ്റാര്‍ട്ടപ്പുകളിലെ ഈ വര്‍ഷത്തെ നിക്ഷേപം 43 ശതമാനത്തിലെത്തിയിരുന്നു. ആഗോളതലത്തിലെ റോബോട്ടിക് സ്റ്റാര്‍ട്ടപ്പ് മേഖലയിലെ ഇടപാടുകളില്‍ എട്ടു ശതമാനം നേടി ചൈനയാണ് മുന്നില്‍ നില്‍ക്കുന്നത്. അഞ്ചു ശതമാനം ഇടപാടുകളുമായി ഫ്രാന്‍സാണ് രണ്ടാംസ്ഥാനത്ത്. ഫ്രാന്‍സ് ആസ്ഥാനമായ നിക്ഷേപക സ്ഥാപനമായ ആന്‍ഡ്രോമെഡ് പിന്തുണയ്ക്കുന്ന ഇന്‍ഡസ്ട്രിയല്‍ ഡ്രോണ്‍ സ്റ്റാര്‍ട്ടപ്പ് ഡിലൈര്‍ ടെക് നേടിയ 14.15 ദശലക്ഷം ഡോളറിന്റെ നിക്ഷേപമാണ് ഈ മേഖലയിലെ വലിയ നിക്ഷേപം.

Comments

comments

Categories: Slider, Top Stories