കേരളം വരള്‍ച്ചയിലേക്ക്: തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ ഇടിവ്

കേരളം വരള്‍ച്ചയിലേക്ക്: തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ ഇടിവ്

തിരുവനന്തപുരം: ഇന്ത്യയില്‍ സമൃദ്ധിയായി മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍ ഒന്നായി അറിയപ്പെടുന്ന കേരളം ഇക്കുറി തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ കനത്ത ഇടിവ് നേരിടുന്നു. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ലഭിക്കേണ്ട മഴയില്‍ 34 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ ലഭിക്കുന്നുണ്ടെങ്കിലും കാലവര്‍ഷത്തിലെ കുറവ് പരിഹരിക്കുന്ന രീതിയില്‍ ഇത് നീളില്ലെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നത്. ഈ വര്‍ഷത്തെ മൊത്തം മഴലഭ്യത കണക്കിലെടുക്കുമ്പോള്‍, കേരളത്തിന്റെ ദീര്‍ഘകാലമായുള്ള ശരാശരിയേക്കാള്‍ 64 ശതമാനത്തിന്റെ കുറവാണ് നേരിട്ടിട്ടുള്ളത്.

ജൂലൈ പകുതി വരെ സാധാരണ അളവിലുള്ള മഴ സംസ്ഥാനത്തുണ്ടായി. 25 മഴ ദിനങ്ങളാണ് അതുവരെ സംസ്ഥാനത്തിന് ലഭിച്ചത്. എന്നാല്‍ പിന്നീട് മഴയുടെ അളവ് കുത്തനെ ഇടിയുകയായിരുന്നു. സെപ്റ്റംബര്‍ അവസാനം വരെ പിന്നീട് 17 മഴ ദിനങ്ങള്‍ മാത്രമാണ് ഉണ്ടായത്. പ്രധാന ഡാമുകളിലെ ജലത്തിന്റെ അളവ് കഴിഞ്ഞ വര്‍ഷം ഇതേകാലയളവിനെ അപേക്ഷിച്ച് നാല്‍പ്പതു ശതമാനം താഴെയാണ്. കഴിഞ്ഞ 10 വര്‍ഷത്തെ ശരാശരിയേക്കാള്‍ താഴെയാണ് പ്രധാനപ്പെട്ട 4 റിസര്‍വോയറുകളിലെ ജലനിരപ്പെന്ന് ദേശീയ വാട്ടര്‍ കമ്മിഷന്റെ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു. ഇതില്‍ പെരിയാര്‍, മലമ്പുഴ റിസര്‍വോയറുകളിലെ ജലനിരപ്പാണ് ഏറ്റവും മോശം അവസ്ഥയില്‍ ഉള്ളത്.

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലത്താണ് കേരളത്തിലെ മഴയുടെ ഏറിയ പങ്കും ലഭ്യമാകാറുള്ളത്. ഓഗസ്റ്റ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ലഭിക്കുന്ന മഴയെ ആശ്രയിച്ചാണ് ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ സംസ്ഥാനത്തിന്റെ ജലലഭ്യത ഉറപ്പാക്കാനാകുക. ഇത്തവണത്തെ മഴയുടെ കുറവ് ഏറ്റവുമധികം ബാധിക്കുക വയനാട് ജില്ലയെയാണ്. 59 ശതമാനം മഴയുടെ കുറവാണ് വയനാട്ടിലുള്ളത്. തൃശൂര്‍, മലപ്പുറം, പത്തനംതിട്ട ജില്ലകളും വരള്‍ച്ചയിലേക്ക് നീങ്ങുമെന്നാണ് സൂചന. യഥാക്രമം 44%, 39%, 36% എന്നിങ്ങനെയാണ് ഈ ജില്ലകളിലെ മഴ ദൗര്‍ലഭ്യം.

കഴിഞ്ഞ 10 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണാണ് ഇക്കുറി ഉണ്ടായതെന്ന് മെട്രോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ കേരള റീജ്യനല്‍ ഡയറക്റ്റര്‍ എസ് സുദേവന്‍ പറയുന്നു. വടക്കു കിഴക്കന്‍ മണ്‍സൂണിലൂടെ ജലലഭ്യതയിലെ കുറവ് ഒരു പരിധി വരെ പരിഹരിക്കപ്പെടുമെന്ന് വിലയിരുത്തലുകളുണ്ട്. ഒക്‌റ്റോബര്‍ 20നു ശേഷം വടക്കു കിഴക്കന്‍ മണ്‍സൂണ്‍ കേരളത്തില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പുന്നത്.

Comments

comments