ചൈനയുടെ സാമ്പത്തിക വളര്‍ച്ച കുറയും

ചൈനയുടെ സാമ്പത്തിക വളര്‍ച്ച കുറയും

ബെയ്ജിംഗ്: ചൈനയുടെ സാമ്പത്തിക വളര്‍ച്ച 2016 ല്‍ 6.6 ശതമാനമായി കുറയുമെന്ന് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം ഇത് 6.5 ശതമാനമായി വീണ്ടും കുറയുമെന്നും വാര്‍ത്താ ഏജന്‍സിയായ റോയ്‌ട്ടേഴ്‌സ് നടത്തിയ സര്‍വ്വെ വ്യക്തമാക്കുന്നു.

ആഗോള കയറ്റുമതി കുറഞ്ഞതാണ് ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയുടെ തളര്‍ച്ചയ്ക്ക് പ്രധാന കാരണമായത്. വ്യാവസായിക അമിതോല്‍പ്പാദനം കുറയ്ക്കുന്നതിന് സ്വീകരിച്ച നടപടികളും വളര്‍ന്നു വരുന്ന കടബാധ്യതയും ചൈനയെ പിന്നോട്ടടിപ്പിക്കുകയാണ്. സാമ്പത്തിക വിദഗ്ധരില്‍ ചിലര്‍ ചൈന സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് ആശങ്കപ്പെടുകയും ചെയ്യുന്നു.

അതിവേഗം വികസിക്കുന്ന പ്രോപ്പെര്‍ട്ടി മേഖലയില്‍ സര്‍ക്കാര്‍ നടത്തുന്ന തിരുത്തല്‍ നടപടികളും ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് വിലയിരുത്തലുകളുണ്ട്. ഭവന വിലകള്‍ കുതിച്ചുയരുന്നത് തടയുന്നതിനായി തദ്ദേശ ഭരണകൂടങ്ങള്‍ വീട് വെക്കുന്നതിനും വാങ്ങുന്നതിനും മറ്റും നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. ചൈനീസ് സമ്പദ് വ്യവസ്ഥയില്‍ അസന്തുലിതാവസ്ഥ വളരുകയാണെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. രാജ്യത്ത് സ്വകാര്യ നിക്ഷേപം റെക്കോഡ് താഴ്ച്ച പ്രകടമാക്കുമ്പോള്‍ സര്‍ക്കാര്‍ ചെലവിടലിലൂടെയാണ് സമ്പദ് വ്യവസ്ഥ മുന്നോട്ടുപോകുന്നത്.

കഴിഞ്ഞ കുറേ വര്‍ഷമായി രാജ്യത്ത് സ്വകാര്യ നിക്ഷേപത്തിന്റെ ഗ്രാഫ് താഴോട്ടുതന്നെയാണ്. കഴിഞ്ഞ മാസം ലോക വ്യാപാര സംഘടന, ഈ വര്‍ഷം പ്രതീക്ഷിച്ചിരുന്ന ആഗോള വ്യാപാര വളര്‍ച്ച 1.7 ശതമാനം വെട്ടിക്കുറച്ചിരുന്നു. ചൈനീസ് സമ്പദ് ഘടനയുടെ തളര്‍ച്ചയും യുഎസിലേക്കുള്ള ഇറക്കുമതി കുറഞ്ഞതുമാണ് ലോക വ്യാപാര സംഘടനയെ ഇതിന് നിര്‍ബന്ധിതമാക്കിയത്.

Comments

comments

Categories: Business & Economy