വിശക്കുന്നവന് മതിയാവോളം ഭക്ഷണം; ഫീഡിംഗ് ഇന്ത്യ ശ്രദ്ധേയമാകുന്നു

വിശക്കുന്നവന് മതിയാവോളം ഭക്ഷണം; ഫീഡിംഗ് ഇന്ത്യ ശ്രദ്ധേയമാകുന്നു

 

ഇന്ത്യയില്‍ ലക്ഷകണക്കിന് ആളുകള്‍ പട്ടിണിയും ദാരിദ്ര്യവുമായി കഴിയുന്നുണ്ട്. നഗരങ്ങളിലെ ചേരികളില്‍ ഒരു നേരത്തെ ഭക്ഷണം പോലും കഴിക്കാനാകാതെ അന്തിയുറങ്ങുന്ന കുടുംബങ്ങള്‍ അനവധിയാണ്. പട്ടിണിക്കോലങ്ങളില്‍ ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ തെരുവകളില്‍ ഭിക്ഷയാചിച്ചു നടക്കുന്നത് കാണാം. ഒരു ചാണ്‍ വയര്‍ നിറയ്ക്കാനുള്ള തത്രപ്പാടിലാണ് അവര്‍. ഇത് ഒരു വശം. എന്നാല്‍ മറുവശത്ത് ഭക്ഷണം വെറുതെ പാഴാക്കി കളയുന്നവരെ കാണാം. വിശപ്പിന്റെ വിളി എന്താണെന്ന് ഒരിക്കല്‍ പോലും അറിയാത്തവര്‍ അറിയുന്നില്ല, ഒരു നേരത്തെ ഭക്ഷണം കഴിക്കാന്‍ പോലും സാധിക്കാതെ അലയുന്നവരെ.

ഇതിനെല്ലാം പരിഹാരമായി ഒരു യുവാവ് ഇറങ്ങി തിരിച്ചു. അങ്കിത് കവാത്ര എന്ന ചെറുപ്പക്കാരന്‍ ആരംഭിച്ച ഫീഡിംഗ് ഇന്ത്യ എന്ന സംരംഭം ഇന്ന് അനേകം പേരുടെ വിശപ്പടക്കുന്നു. വിവാഹം, ഉത്സവം തുടങ്ങിയ ആഘോഷവേളകളില്‍ ബാക്കിയാകുന്ന ഭക്ഷണം പട്ടിണിയും ദാരിദ്ര്യവും കൊണ്ട് പൊറുതി മുട്ടിയ ആളുകളുടെ വയറ് നിറയ്ക്കുന്നു. ഒരു ഭാഗത്ത് പട്ടിണി വര്‍ധിക്കുമ്പോള്‍ മറുഭാഗത്ത് ഭക്ഷണം പാഴാക്കി കളയുന്നവരുടെ എണ്ണവും വര്‍ധിക്കുന്നു. ലോകത്ത് പോഷകാഹാരം ലഭിക്കാത്ത രാജ്യങ്ങളില്‍ രണ്ടാം സ്ഥാനമാണ് ഇന്ത്യക്ക്. 194.6 മില്യണ്‍ ജനങ്ങള്‍ മതിയായ പോഷണം ലഭിക്കാത്തവരായി ഇന്ത്യയിലുണ്ടാന്നാണ് ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്റെ സ്‌റ്റേറ്റ് ഓഫ് ഫുഡ് ഇന്‍സെക്യൂരിറ്റി ഇന്‍ ദ വേള്‍ഡ് 2015 റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

വഴിത്തിരിവ്

ഒരു വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ പോയതാണ് അങ്കിതിന്റെ ജീവിതവും കാഴ്ചപ്പാടും മാറ്റിമറിച്ചത്. വലിയൊരു ഉത്സവാഘോഷം പോലെ ആഡംബരമായിരുന്നു കല്യാണം. 37 പാചകശാലകള്‍ അവിടെ ഒരുങ്ങിയിരുന്നു. പതിനായിരത്തോളം പേര്‍ക്കുള്ള ഭക്ഷണം അവിടെ ഒരുക്കിയിരുന്നു. അവിടെയുണ്ടായിരുന്ന ആളുകള്‍ കഴിച്ചതിനു ശേഷവും ഒരുപാട് ഭക്ഷണം ബാക്കി വന്നു. മിച്ചം വന്ന ഭക്ഷണം എന്തു ചെയ്യുമെന്ന് നിരീക്ഷിച്ച അഹ്കിത് അത് കണ്ട് ഞെട്ടി. ഏകദേശം 5000 ത്തോളം പേര്‍ക്ക് കഴിക്കാനുണ്ടായിരുന്ന ഭക്ഷണം ഒരു മടിയുമില്ലാതെ മാലിന്യകൂമ്പാരത്തില്‍ കൊണ്ടിടുന്ന കാഴ്ചയാണ് അങ്കിത് കണ്ടത്. അങ്കിത് പിന്നീടുള്ള വിവാഹങ്ങളിലും ഇതു തന്നെ കണ്ടു. ഉടന്‍ തീരുമാനിച്ചു. പാഴാക്കി കളയുന്ന ഭക്ഷണം വിശക്കുന്നവന്റെ പക്കല്‍ എത്തിക്കുക. അതിനായി വിവാഹ സല്‍ക്കാരങ്ങളിലും മറ്റ് ഉത്സവ വേളകളിലും പോയി മിച്ചം വരുന്ന ഭക്ഷണം എന്തു ചെയ്യുമെന്ന് ചോദിച്ചു. മിക്കവരും മാലിന്യ തൊട്ടിയില്‍ കൊണ്ടിടുമെന്നായിരുന്നു മറുപടി നല്‍കിയത്. ഇതില്‍ നിന്നും അങ്കിതിന്റെ മനസില്‍ ഫീഡിംഗ് ഇന്ത്യ എന്ന സംരംഭത്തിനുള്ള ആശയം ഉദിച്ചു. വീട്ടിലുള്ള ഭക്ഷണത്തില്‍ തന്നെ പാഴായി പോകുന്നവ കണ്ടെത്തി വിശക്കുന്നവന് നല്‍കുക എന്നതായിരുന്നു അങ്കിത് ആദ്യം ചെയ്തതത്. തുടക്കം ഇതായിരുന്നു.

പ്രവര്‍ത്തനം

ചില സന്നദ്ധ സംഘടനകള്‍ ചെയ്യുന്നതു പോലെ പുതിയ ഭക്ഷണം ഉണ്ടാക്കിയല്ല ഫീഡിംഗ് ഇന്ത്യ നല്‍കുന്നത്. ഉണ്ടാക്കിയ ഭക്ഷണത്തില്‍ നിന്നും മിച്ചം വരുന്നവ കണ്ടെത്തി വിശുക്കുന്നവര്‍ക്ക് നല്‍കുകയാണ് ചെയ്യുന്നതെന്ന് അങ്കിത് പറയുന്നു. ഇതിനായി ചില കാറ്ററിംഗ് സെന്ററുകളുമായും ഹോട്ടലുകളുമായും കരാറുണ്ടായിക്കിട്ടുണ്ട്. ആഴ്ചയിലും എന്തംങ്കിലും പരിപാടി ഉണ്ടെങ്കില്‍ ഇവര്‍ നേരത്തെ അങ്കിതിനെ വിവരം അറിയിക്കും. എത്ര ഭക്ഷണം ഉണ്ടാക്കുന്നുണ്ടെന്നും എത്ര ഭക്ഷണം പാഴായി പോകാന്‍ സാധ്തയുണ്ടെന്നും അവര്‍ അറിയിക്കും. ഇതനുസരിച്ചാണ് ഫീഡിംഗ് ഇന്ത്യയുടെ പ്രവര്‍ത്തനം. ചടങ്ങുകള്‍ നടത്തുന്നവരും ഫീഡിംഗ് ഇന്ത്യയെ അറിയിക്കും. തുടര്‍ന്ന് സംരംഭത്തിലെ അംഗങ്ങള്‍ എത്തി ഭക്ഷണം ശേഖരിക്കുന്നു. ഇത് ആവശ്യക്കാരെ കണ്ടെത്തി നല്‍കുകയും ചെയ്യുന്നു. ഇതുവരെ 50000 പേര്‍ക്ക് ഭക്ഷണം നല്‍കിയിട്ടുണ്ടെന്നും 3.75 കോടി രൂപയുടെ ഭ്കഷണം ഇതു വഴി പാഴാക്കാതെ ആവശ്യക്കാര്‍ക്ക് എത്തിച്ചുവെന്നും അങ്കിത് പറയുന്നു.

ഓരോ ആഴ്ചയിലും ഫീഡിംഗ് ഇന്ത്യയിലേക്കെത്തുന്ന വോളന്റിയേഴ്‌സിന്റെ എണ്ണം കൂടുകയാണ്. ഡിസംബറില്‍ 50 വോളന്റിയര്‍മാരുണ്ടായിരുന്നത് ഇപ്പോള്‍ 150 ആയി. ഇതില്‍നിന്ന് പ്രത്യേക വരുമാനങ്ങളൊന്നും കണ്ടെത്തുന്നില്ല. എന്നാല്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവ് കണ്ടെത്തേണ്ടതുണ്ട്. ഒരു പ്ലേറ്റ് ഭക്ഷണത്തിന്റെ തുക തങ്ങള്‍ക്ക് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചിലവായി നല്‍കണമെന്ന് കാറ്ററേഴ്‌സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ചാണ് അങ്കിത് വിശക്കുന്നവര്‍ക്ക് ഒരു പിടി ഭക്ഷണം നല്‍കുക എന്ന ലക്ഷ്യത്തോടെ ഇറങ്ങിത്തിരിച്ചത്. അങ്കിതിന്റെ ശ്രമങ്ങള്‍ക്ക് ഐക്യരാഷ്ട്ര സംഭയുടെ അംഗീകാരം വരെ ലഭിച്ചു. 186 രാജ്യങ്ങളില്‍ നിന്നായി തെരഞ്ഞെടുത്ത 17 യുഎന്‍ യങ് ലീഡര്‍ പട്ടികയില്‍ അങ്കിതും തെരഞ്ഞെടുക്കപ്പെട്ടു. വിശക്കുന്നവനെ അറിഞ്ഞ് ആവശ്യമുള്ള ഭക്ഷണം എത്തിക്കാന്‍ അങ്കിതും ഫീഡിംഗ് ഇന്ത്യയും ജൈത്ര യാത്ര തുടരുകയാണ്.

Comments

comments

Categories: Life