സ്‌പൈസ്‌ജെറ്റ് 100 വിമാനങ്ങള്‍ വാങ്ങും: 8000 കോടിയുടെ കരാര്‍

സ്‌പൈസ്‌ജെറ്റ്  100 വിമാനങ്ങള്‍ വാങ്ങും:  8000 കോടിയുടെ കരാര്‍

 

ഹൈദരാബാദ്: കുറഞ്ഞ ചെലവില്‍ യാത്രയൊരുക്കുന്ന സ്‌പൈസ്‌ജെറ്റ് സേവനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി നൂറിലേറെ പുതിയ വിമാനങ്ങള്‍ വാങ്ങുന്നു. നവംബറോടെ ഇതു സംബന്ധിച്ച കരാറിലെത്തുമെന്ന് കമ്പനി വ്യക്തമാക്കി. 8000 കോടിയിലധികം രൂപയുടെ മൂല്യം വരുന്ന കരാറാണിത്.
ലോകത്തെ അതിവേഗം വളരുന്ന മൂന്നാമത്തെ വ്യോമയാന വിപണിയില്‍ നിന്നുള്ള ഈ വമ്പന്‍ കരാര്‍ സ്വന്തമാക്കാന്‍ ആഗോള വിമാന നിര്‍മാണ കമ്പനികളായ എയര്‍ബസും ബോയിംഗ് കോര്‍പ്പറേഷനും മുന്‍നിരയിലുണ്ട്. വന്‍ ഇളവുകള്‍ മുന്നില്‍വച്ച് രണ്ടു കമ്പനികളും സ്‌പൈസ്‌ജെറ്റുമായി ആശയവിനിമയം നടത്തുകയാണ്.
ഇതുകൂടാതെ നടപ്പു സാമ്പത്തിക വര്‍ഷം ബോയിംഗില്‍ നിന്ന് അഞ്ച് വിമാനങ്ങള്‍ വാങ്ങുമെന്നും ബൊംബാര്‍ഡിയറില്‍ നിന്ന് മൂന്നെണ്ണം പാട്ടത്തിനെടുക്കുമെന്നും സ്‌പൈസ്‌ജെറ്റ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ അജയ് സിംഗ് പറഞ്ഞു. ആഭ്യന്തര സേവനം വര്‍ധിപ്പിക്കും. കൂടുതല്‍ രാജ്യങ്ങളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കാനും ഈ നടപടി ഉപകരിക്കും. നൂറിലേറെ വിമാനങ്ങള്‍ വാങ്ങുന്നത് സംബന്ധിച്ച് ഒരു മാസത്തിനുള്ളില്‍ തീരുമാനമാകുമെന്ന് പറഞ്ഞ അദ്ദേഹം ഏതു കമ്പനിയുമായിട്ടാണ് കരാറിനടുത്തെത്തിയിരിക്കുന്നതെന്ന് വെളിപ്പെടുത്തിയില്ല. വിമാനങ്ങള്‍ വാങ്ങുന്നതിന് ആവശ്യമായ സാമ്പത്തിക സ്രോതസ് കമ്പനിക്കുണ്ട്. കഴിഞ്ഞ ഏതാനും പാദങ്ങളില്‍ കമ്പനി ലാഭകരമായിരുന്നു. ആവശ്യമെങ്കില്‍ ബാങ്കുകളുടെ സഹായം തേടും. വ്യത്യസ്ത നിക്ഷേപ ശേഖരണ സാധ്യതകള്‍ പ്രയോജനപ്പെടുത്താനാവും. എന്നാല്‍ സ്‌പൈസ്‌ജെറ്റിന് മൂലധന സമാഹരണം ഇപ്പോള്‍ അനിവാര്യമല്ലെന്നും അജയ് സിംഗ് കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Branding