മുക്ത എ2 മള്‍ട്ടിപ്ലക്‌സ് ബിസിനസ് വിപുലീകരിക്കുന്നു

മുക്ത എ2 മള്‍ട്ടിപ്ലക്‌സ്  ബിസിനസ്  വിപുലീകരിക്കുന്നു

 

മുംബൈ: സുഭാഷ് ഘായിയുടെ മുക്ത ആര്‍ട്‌സിന്റെ സിനിമ ശൃംഖലയായ മുക്ത എ2 സിനിമാസിനു കീഴിലെ മള്‍ട്ടിപ്ലക്‌സ് ബിസിനസ് വിപുലീകരിക്കുന്നു.
നിലവില്‍ മുംബൈ, അഹമ്മദാബാദ്, വഡോദര, ഹൈദരാബാദ്, ഭോപ്പാല്‍ എന്നിവ ഉള്‍പ്പെടെയുള്ള 15 ഇന്ത്യന്‍ നഗരങ്ങളിലും ബെഹ്‌റിനിലുമായി 49 സ്‌ക്രീനുകള്‍ മുക്ത എ2 പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. 2017 ഒക്‌റ്റോബര്‍ അവസാനത്തോടെ സ്‌ക്രീനുകള്‍ ഇരട്ടിയാക്കി നൂറെണ്ണത്തിലെത്തിക്കാനാണ് പദ്ധതിയെന്ന് മുക്ത ആര്‍ട്‌സ് മാനേജിംഗ് ഡയറക്റ്ററായ രാഹുല്‍ പുരി പറഞ്ഞു. മൂന്നു വര്‍ഷത്തിനുള്ളില്‍ 250-300 സ്‌ക്രീനുകളാണ് കമ്പനി ലക്ഷ്യംവച്ചിരിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.
പിവിആര്‍, ഇനോക്‌സ് ലെഷര്‍, മെക്‌സിക്കന്‍ പ്രതിനിധിയായ സിനെപോളിസ്, കാര്‍ണിവല്‍ ഗ്രൂപ്പ് എന്നിവയുടെ ആധിപത്യമുള്ള മള്‍ട്ടിപ്ലക്‌സ് മേഖലയിലേക്ക് മുക്ത എ2 സിനിമ ഏറെ വൈകിയാണ് കടന്നുചെന്നത്. എന്നിരുന്നാലും പഴയ പ്രദര്‍ശനശാലകളെ കുറഞ്ഞചെലവില്‍ നവീകരിച്ച് താങ്ങാവുന്ന നിരക്കില്‍ മള്‍ട്ടിപ്ലക്‌സ് സേവനം നല്‍കാനാവുമെന്ന് പുരി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഒരു സ്‌ക്രീനിനുവേണ്ടി 1-1.5 കോടി രൂപയാണ് കമ്പനി ചെലവഴിക്കുന്നത്. മറ്റു കമ്പനികളുടേതിനെ അപേക്ഷിച്ച് ഇത് വളരെ കുറവാണ്. കൂടാതെ പ്രേക്ഷകന് താങ്ങാവുന്ന നിരക്കിലാണ് സിനിമകളുടെ പ്രദര്‍ശനവും. ഇപ്പോള്‍ എല്ലാ സ്‌ക്രീനുകളും വരുമാനം നേടുന്നു.
വിപുലീകരണത്തിനായി കമ്പനി ഇതിനകം തന്നെ 50 കോടി രൂപ നിക്ഷേപിച്ചുകഴിഞ്ഞു. 100 സ്‌ക്രീന്‍ എന്ന ലക്ഷ്യത്തിലെത്താന്‍ മറ്റൊരു 30 കോടി രൂപയുടെ നിക്ഷേപം കൂടി ആവശ്യമാണ്. ഇവയില്‍ കൂടുതലും നവീകരിച്ച സ്‌ക്രീനുകളായിരിക്കും. 40 മുതല്‍ 45 ലക്ഷം രൂപവരെ മാത്രമേ അവയ്‌ക്കോരോന്നിനും ചെലവാകുകയുള്ളൂ. എല്ലാ ആവശ്യങ്ങള്‍ക്കുമായി 30 കോടി രൂപയിലധികം വേണ്ടിവരില്ലെന്നും പുരി കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Movies