ഇന്ത്യന്‍ ബാങ്കുകളുടെ വായ്പയില്‍ 10.4% വര്‍ധന

ഇന്ത്യന്‍ ബാങ്കുകളുടെ വായ്പയില്‍ 10.4% വര്‍ധന

മുംബൈ: ഇന്ത്യയിലെ ബാങ്കുകളുടെ വായ്പയില്‍ സെപ്റ്റംബര്‍ 30 വരെയുള്ള രണ്ടാഴ്ചയ്ക്കുള്ളില്‍ 10.4 ശതമാനം വര്‍ധന ഉണ്ടായതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കി. ആര്‍ബിഐയുടെ പ്രതിവാര സ്റ്റാറ്റിസ്റ്റിക്കല്‍ സപ്ലിമെന്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ബാങ്ക് നിക്ഷേപങ്ങള്‍ 11.3 ശതമാനം വര്‍ധിച്ചിട്ടുള്ളതായും റിപ്പോര്‍ട്ട് സൂചിപ്പിച്ചു. ബാങ്കുകളുടെ വായ്പയില്‍ 2.11 ട്രില്യണ്‍ രൂപയുടെ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. ഇതോടെ സെപ്റ്റംബര്‍ 30 വരെയുള്ള കണക്കുകളനുസരിച്ച് മൊത്തം വായ്പ 75.21 ട്രില്യണ്‍ രൂപയായി വര്‍ധിച്ചു. 3.5 ട്രില്യണ്‍ രൂപയുടെ വര്‍ധനയാണ് ബാങ്കുകളുടെ നിക്ഷേപത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. 101.43 ട്രില്യണ്‍ രൂപയാണ് മൊത്തം നിക്ഷേപത്തിന്റെ മൂല്യം.

ഡോളറിനെതിരെ രൂപ നേരിടുന്ന സമ്മര്‍ദങ്ങളെ അതിജീവിക്കുന്നതിനായി രാജ്യത്തിന്റെ വിദേശ വിനിമയത്തിനായുള്ള പ്രത്യേക നീക്കിയിരുപ്പില്‍ കൈവെക്കാനൊരുങ്ങുകയാണ് ആര്‍ബിഐ. 367.47 ബില്യണ്‍ ഡോളറാണ് ലഭ്യമായ വിവരങ്ങളനുസരിച്ച് ഇന്ത്യയുടെ വിദേശവിനിമയ നീക്കിയിരുപ്പ്. ഇന്ത്യയുടെ വിദേശ കറന്‍സി ആസ്തിയുടെ 93 ശതമാനവും വിദേശവിനിമയ കരുതല്‍ ശേഖരമാണ്. അടുത്തിടെ 4.317 ബില്യണ്‍ ഡോളറിന്റെ ഇടിവ് ഇതില്‍ നേരിട്ടിരുന്നു. കഴിഞ്ഞയാഴ്ച ബ്രിട്ടിഷ് കറന്‍സിയായ പൗണ്ടിന്റെ മൂല്യം 1985നു ശേഷമുണ്ടായ ഏറ്റവും വലിയ മൂല്യത്തകര്‍ച്ചയ്ക്കു വിധേയമായതിന്റെ പശ്ചാത്തലത്തിലാണിതെന്ന് സാമ്പത്തിക നിരീക്ഷകര്‍ വിലയിരുത്തുന്നു. ഇന്ത്യയുടെ വിദേശവിനിമയ കരുതല്‍ ശേഖരം മുഖ്യമായും ഡോളര്‍ രൂപത്തിലാണ് ഉള്ളത്. പൗണ്ട്, യൂറോ , ജാപ്പനീസ് യെന്‍ എന്നിവയും കരുതല്‍ ശേഖരത്തിലുണ്ട്.

Comments

comments

Categories: Banking, Slider