ബ്രിക്‌സ് ഉച്ചകോടി: പരീക്ഷണ വിധേയമായത് മോദിയുടെ രാഷ്ട്രീയ നിപുണത

ബ്രിക്‌സ് ഉച്ചകോടി: പരീക്ഷണ വിധേയമായത് മോദിയുടെ രാഷ്ട്രീയ നിപുണത

ഈ മാസം 15,16 തീയതികളില്‍ ഗോവ സാക്ഷ്യം വഹിച്ചത് ബ്രിക്‌സ് കൂട്ടായ്മയുടെ എട്ടാമത് വാര്‍ഷിക ഉച്ചകോടിക്കായിരുന്നു. ഉച്ചകോടിയുടെ ചുവടുപിടിച്ച് ഏഴംഗ ബിംസ്‌ടെക് ( Bay of Bengal Initiative for Multi-Sectoral Technical and Economic Cooperation- Bangladesh, India, Myanmar, Sri Lanka, Thailand, Bhutan and Nepal.) രാജ്യങ്ങളിലെ നേതാക്കളുടെ യോഗവും നടക്കുകയുണ്ടായി. പ്രാദേശിക നയതന്ത്ര തലത്തില്‍ പുതുമയാര്‍ന്നൊരു തുടക്കം എന്നാണ് ബ്രിക്‌സ് ഉച്ചകോടിയുടെ ചുവട് പിടിച്ച് നടത്തുന്ന ബിംസ്‌ടെക് യോഗത്തെയും കണക്കാക്കുന്നത്. ആദ്യമായിട്ടാണ് ബ്രിക്‌സ്-ബിംസ്‌ടെക് ഉച്ചകോടി അരങ്ങേറുന്നത്.

രാഷ്ട്രീയവും, തന്ത്രപരവുമായ മുന്‍ഗണനകള്‍ തീരുമാനിച്ച് അവ നടപ്പിലാക്കേണ്ട ഒരു സാഹചര്യമാണ് ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങളായ റഷ്യ, ചൈന, ഇന്ത്യയ്ക്കും നിലവിലുള്ളത്. ഈ ഘട്ടത്തിലാണു ഗോവയില്‍ ഉച്ചകോടി നടക്കുന്നത്. പ്രസിഡന്റ് പുടിന്റെ നേതൃത്വത്തിലുള്ള റഷ്യ, സിറിയന്‍ വിഷയത്തിലും മറ്റ് അനുബന്ധ പ്രശ്‌നത്തിലും യുഎസുമായും അവരുടെ സഖ്യകക്ഷികളുമായും വെല്ലുവിളി നിറഞ്ഞ സാഹചര്യത്തെയാണ് അഭിമുഖീകരിക്കുന്നത്. ചൈനയാകട്ടെ, ദക്ഷിണ ചൈന കടലിന്റെ ഉടമസ്ഥതാ തര്‍ക്കത്തില്‍ അന്താരാഷ്ട്ര സമൂഹവുമായും ഇടഞ്ഞുനില്‍ക്കുന്നു. തീവ്രവാദം, പാകിസ്ഥാനില്‍നിന്നുള്ള വഞ്ചനാപരമായ നിലപാട് തുടങ്ങിയ വിഷയങ്ങളില്‍ തലപുകയ്ക്കുകയാണ് ഇന്ത്യ. മൂന്ന് രാജ്യങ്ങളും വ്യത്യസ്ത പ്രശ്‌നങ്ങളെയാണ് അഭിമുഖീകരിക്കുന്നതെങ്കിലും തീവ്രവാദ ഭീഷണി മൂന്ന് രാജ്യങ്ങളെയും അലട്ടുന്ന പ്രശ്‌നം തന്നെയാണ്. എന്നാല്‍ തീവ്രവാദത്തെ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ ഏകകണ്ഠമായ തീരുമാനമെടുക്കാന്‍ സാധിച്ചില്ലെന്നത് ന്യൂനതയായി അവശേഷിച്ചു.
പാകിസ്ഥാനെ ആഗോളതലത്തില്‍ ഒറ്റപ്പെടുത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്കു പിന്തുണ നല്‍കാന്‍ ആദ്യം മുതല്‍ ബീജിംഗ് വിമുഖത പ്രകടിപ്പിച്ചിരുന്നു. പാക് തീവ്ര സംഘടനയായ ജെയ്ഷ്-ഇ-മുഹമ്മദിന്റെ തലവന്‍ മസൂദ് അസറിനെ യുഎന്നിന്റെ തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം ആദ്യം മുതല്‍ ചൈന എതിര്‍ത്തു. ഇതിനു പുറമേ പാകിസ്ഥാനുമായി പങ്കിടുന്ന 3,323 കിലോമീറ്റര്‍ അതിര്‍ത്തി കെട്ടിയടക്കുമെന്ന ഇന്ത്യയുടെ പ്രസ്താവനയെ ചൈന വിമര്‍ശിക്കുകയും ചെയ്തു. എന്നാല്‍ തീവ്രവാദത്തിനെതിരേയുള്ള പോരാട്ടത്തില്‍ അഭിപ്രായ വ്യത്യാസം പാടില്ലെന്നും മസൂദ് അസറിനെ യുഎന്നിന്റെ തീവ്രവാദ പട്ടികയില്‍പ്പെടുത്തണമെന്നും നരേന്ദ്ര മോദി ഉച്ചകോടിയില്‍ നടത്തിയ പ്രസംഗത്തില്‍ പരാമര്‍ശിച്ചത് ചൈനയ്ക്കുള്ള ശക്തമായ മറുപടി തന്നെയായിരുന്നു.
തീവ്രവാദത്തിനെതിരേ ബ്രിക്‌സ് രാജ്യങ്ങള്‍ എടുത്ത തീരുമാനമെന്നു പറയാന്‍ ആകെയുള്ളത് ഒരു സൈനികാഭ്യാസമാണ്. ഇതാകട്ടെ, 2014ലാണു നടത്തിയത്. തുടര്‍ന്നു യാതൊരു പ്രവര്‍ത്തനങ്ങളും നടന്നിട്ടുമില്ല. ഗോവന്‍ ഉച്ചകോടിയില്‍ തീവ്രവാദത്തിനെതിരേ കാര്യമാത്രമായ യാതൊരു തീരുമാനവും ഉണ്ടായില്ല. എന്നാല്‍ ഉച്ചകോടിയില്‍, സാമ്പത്തിക പുരോഗതി കൈവരിക്കാനുള്ള തീരുമാനത്തിന് അംഗരാജ്യങ്ങള്‍ക്കിടയില്‍ വന്‍ സ്വീകാര്യത ലഭിച്ചു; പ്രത്യേകിച്ച് ഇന്ത്യ, വളര്‍ന്നുവരുന്ന സാമ്പത്തിക ശക്തിയെന്ന നിലയില്‍. മാത്രമല്ല ബിംസ്‌ടെക് കൂട്ടായ്മയുമായി സഹകരിക്കുന്നതിലൂടെ ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് സാമ്പത്തിക പുരോഗതിക്കുള്ള അവസരം പ്രയോജനപ്പെടുത്താനും ഉച്ചകോടിയില്‍ അവസരമൊരുക്കി.
കൂടുതല്‍ കരുത്തോടെ പുതിയ അവസരമൊരുക്കാന്‍ ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് ഗോവ ഉച്ചകോടിയിലൂടെ സാധിച്ചെന്നാണ് നയതന്ത്ര ലോകത്തിന്റെ വിലയിരുത്തല്‍.
ആഗോള രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതിനൊപ്പം ഗോവയില്‍ അക്ഷരാര്‍ഥത്തില്‍ പരീക്ഷണ വിധേയമായത്, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ നിപുണതയും അദ്ദേഹത്തിന്റെ ബുദ്ധികേന്ദ്രവും പടക്കുതിരകളുമെന്നൊക്ക വിശേഷിപ്പിക്കുന്ന വിദേശകാര്യ സെക്രട്ടറി ജയ്ശങ്കറിന്റെയും, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിന്റെയും നെഗോഷ്യേറ്റിംഗ് സ്‌കില്ലാണ്.

Comments

comments

Categories: Slider, World