ബ്രെക്‌സിറ്റ്: യൂറോപ്യന്‍ യൂണിയനുമായുള്ള വ്യാപാരത്തിന് മുന്‍ഗണന നല്‍കണമെന്ന് സര്‍വെ

ബ്രെക്‌സിറ്റ്:  യൂറോപ്യന്‍ യൂണിയനുമായുള്ള വ്യാപാരത്തിന് മുന്‍ഗണന നല്‍കണമെന്ന് സര്‍വെ

 

ലണ്ടന്‍ : ബ്രെക്‌സിറ്റ് സംബന്ധിച്ച കൂടിയാലോചനകള്‍ നടത്തുന്ന സമയത്ത് കുടിയേറ്റ നിയന്ത്രണ നടപടികളേക്കാള്‍ യൂറോപ്യന്‍ യൂണിയനുമായി രാജ്യത്തിന് ഗുണകരമാകുന്ന വ്യാപാര കരാറുകളിലേര്‍പ്പെടുന്നതിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കണമെന്ന് ബ്രിട്ടീഷ് ജനത. കോംറെസ് നടത്തിയ ഓണ്‍ലൈന്‍ സര്‍വെയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സര്‍വെയില്‍ പങ്കെടുത്തവരില്‍ അധികം പേരും വ്യാപാര കരാറുകള്‍ക്ക് പ്രാധാന്യം നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്.

28 രാഷ്ട്രങ്ങള്‍ അംഗങ്ങളായിട്ടുള്ള യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്‍മാറണോ വേണ്ടയോ എന്നതുസംബന്ധിച്ച് ബ്രിട്ടണ്‍ നടത്തിയ ഹിതപരിശോധനയില്‍ 52 ശതമാനം പേരും ബ്രെക്‌സിറ്റിന്( യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുവരല്‍) അനുകൂലമായാണ് വോട്ട് ചെയ്തത്. ബ്രെക്‌സിറ്റ് ബ്രിട്ടണിലേക്കുള്ള കുടിയേറ്റം കുറയ്ക്കുമെന്നാണ് ഇതിനെ അനുകൂലിച്ചവര്‍ വാദിച്ചിരുന്നത്.

യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിനു മുന്നോടിയായുള്ള നടപടികള്‍ക്കായി രണ്ട് വര്‍ഷത്തോളം നീണ്ടുനില്‍ക്കുന്ന കൂടിയാലോചനകളും മറ്റും മാര്‍ച്ച് അവസാനത്തോടെ ബ്രിട്ടീഷ് സര്‍ക്കാര്‍ ഔദ്യോഗികമായി തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ വിപണിയില്‍ മുമ്പുണ്ടായിരുന്ന തങ്ങളുടെ സ്വീകാര്യത പരമാവധി ഉറപ്പാക്കുകയും അതേസമയം മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റത്തെ നിയന്ത്രിക്കുകയും ചെയ്യുകയെന്നതാണ് ബ്രിട്ടണ്‍ നേരിടുന്ന വെല്ലുവിളി.

തെരഞ്ഞെടുത്ത രണ്ടായിരം പേരെ പങ്കെടുപ്പിച്ച് ഒക്‌റ്റോബര്‍ 12,13 തിയ്യതികളിലാണ് കോംറെസ് ഓണ്‍ലൈന്‍ സര്‍വെ നടത്തിയത്. സര്‍വെയില്‍ പങ്കെടുത്ത 49 ശതമാനം പേരും യൂറോപ്യന്‍ യൂണിയനുമായി രാജ്യത്തിന് ഗുണകരമാകുന്ന വ്യാപാര കരാറുകളിലേര്‍പ്പെടുന്നതിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കണമെന്ന് ആവശ്യപ്പെട്ടു. 39 ശതമാനം പേര്‍ മാത്രമാണ് കുടിയേറ്റ നിയന്ത്രണ നടപടികള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന നിലപാട് സ്വീകരിച്ചത്.

മുതിര്‍ന്നവരില്‍ 48 ശതമാനം ആളുകള്‍ കുടിയേറ്റം നിയന്ത്രിക്കുന്നതിന് മുന്‍ഗണന നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ യുവാക്കളില്‍ 25 ശതമാനം പേര്‍ മാത്രമാണ് ഇതേ ആവശ്യം ഉന്നയിച്ചതെന്ന് സണ്‍ഡേ മിറര്‍, ഇന്‍ഡിപെന്‍ഡന്റ് പത്രങ്ങള്‍ക്കുവേണ്ടി നടത്തിയ സര്‍വെ വ്യക്തമാക്കുന്നു. ഇത് ബ്രെക്‌സിറ്റ് ഹിതപരിശോധനാഫലത്തെ പ്രതിഫലിപ്പിക്കുന്നതാണ്. ബ്രെക്‌സിറ്റ് ഹിതപരിശോധനയില്‍ പങ്കെടുത്തവരില്‍ യുവാക്കളേക്കാള്‍ മുതിര്‍ന്നവരാണ് ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിന്‍ വിടണമെന്ന നിലപാട് സ്വീകരിച്ചത്.

ബ്രെക്‌സിറ്റ് ഹിതപരിശോധനാ സമയത്ത് ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന ക്യാംപെയ്ന്‍ നടത്തിയ ധനകാര്യ മന്ത്രി ഫിലിപ്പ് ഹാമ്മോന്‍ഡ്, ബ്രെക്‌സിറ്റിന് ശേഷമുള്ള കുടിയേറ്റ നിയന്ത്രണ നടപടികള്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിക്കരുതെന്ന് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.

യൂറോപ്യന്‍ യൂണിയന്‍ വിപണിയില്‍ മുമ്പുണ്ടായിരുന്ന പ്രവേശന സ്വീകാര്യത തുടര്‍ന്നും വേണമെന്ന ബ്രിട്ടന്റെ അഭ്യര്‍ത്ഥനയും യൂറോപ്യന്‍ ജനതയുടെ സഞ്ചാര സ്വാതന്ത്ര്യത്തെ ഹനിക്കാനുള്ള തീരുമാനവും ഒരുമിച്ച് നടക്കില്ലെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആഞ്‌ജെല മെര്‍ക്കല്‍ വ്യക്തമാക്കിയിട്ടുണ്ട്.

Comments

comments

Categories: World