ജല ലഭ്യതയില്ലാത്ത പ്രദേശങ്ങളില്‍ ഐപിഎല്‍ നടത്തരുത്: മുംബൈ ഹൈക്കോടതി

ജല ലഭ്യതയില്ലാത്ത പ്രദേശങ്ങളില്‍ ഐപിഎല്‍ നടത്തരുത്: മുംബൈ ഹൈക്കോടതി

 

മുംബൈ: ജല ദൗര്‍ലഭ്യമുള്ള പ്രദേശങ്ങളില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മത്സരങ്ങള്‍ നടത്തരുതെന്ന് മഹാരാഷ്ട്ര ഹൈക്കോടതിയുടെ മുന്നറിയിപ്പ്. ഇക്കാര്യത്തില്‍ നേരത്തെ തന്നെ തീരുമാനം കൈക്കൊള്ളണമെന്നും ബിസിസിഐയോട് കോടതി നിര്‍ദ്ദേശിച്ചു.

വേനല്‍ക്കാലത്ത് മഹാരാഷ്ട്രയിലെ പല പ്രദേശങ്ങളിലും അനുഭവപ്പെടുന്ന വരള്‍ച്ച തടയാന്‍ നടപടി സ്വീകരിക്കണമെന്നുള്ള പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി ബിസിസിഐയ്ക്ക് നിര്‍ദ്ദേശം നല്‍കിയത്.

ഐപിഎല്‍ മത്സരങ്ങള്‍ വര്‍ഷം തോറും നടക്കുന്നതായതിനാല്‍ ജല ലഭ്യതയുള്ള സ്ഥലങ്ങളായിരിക്കണം ടൂര്‍ണമെന്റിനായി തിരഞ്ഞെടുക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി.

ഇപ്പോള്‍ മുതല്‍ ഇക്കാര്യം സംബന്ധിച്ച ക്രമീകരണങ്ങള്‍ നടത്തുകയാണെങ്കില്‍ അവസാന സമയത്ത് മത്സരവേദി മാറ്റുന്നത് ഒഴിവാക്കാനാകുമെന്നും ഹൈക്കോടതി അറിയിച്ചു.

ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ മഹാരാഷ്ട്ര കടുത്ത വരള്‍ച്ച നേരിട്ടതിനാല്‍ മുംബൈ ഇന്ത്യന്‍സിന്റെ പല ഹോം മത്സരങ്ങളും കോടതി ഉത്തരവിനെ തുടര്‍ന്ന് സംസ്ഥാനത്തിന് പുറത്താണ് നടത്തിയത്.

വെള്ളമില്ലാതെ ജനങ്ങള്‍ ദുരിതത്തിലാകുമ്പോള്‍ മത്സരത്തിനായി മൈതാനം നനയ്ക്കുന്നതിനും മറ്റും ലക്ഷക്കണക്കിന് ലിറ്റര്‍ ജലം പാഴാക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അന്ന് കോടതി വേദി മാറ്റാന്‍ ഉത്തരവിറക്കിയത്.

Comments

comments

Categories: Sports