ബംഗ്ലാദേശിന് ചൈനയുടെ 24 ബില്യണ്‍ ഡോളര്‍ വായ്പ

ബംഗ്ലാദേശിന് ചൈനയുടെ 24 ബില്യണ്‍ ഡോളര്‍ വായ്പ

ന്യൂഡെല്‍ഹി: ചൈന ബംഗ്ലാദേശിന് 24 ബില്യണ്‍ ഡോളര്‍ വായ്പ അനുവദിക്കാന്‍ ഒരുങ്ങുന്നു. ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗിന്റെ ബംഗ്ലദേശ് സന്ദര്‍ശനത്തിന്റെ ഭാഗമായിട്ടാകും ഇതു പ്രാവര്‍ത്തികമാക്കുക. കഴിഞ്ഞ വര്‍ഷം ഇന്ത്യ ബംഗ്ലാദേശിന് രണ്ടു ബില്യണ്‍ ഡോളറിന്റെ വായ്പാസഹായം അനുവദിച്ചിരുന്നു. ഇതു മറികടന്ന് ബംഗ്ലാദേശുമായി കൂടുതല്‍ അടുക്കുന്നതിനാണ് ചൈന ശ്രമിക്കുന്നതെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. ദക്ഷിണേഷ്യയിലെ പ്രധാന പങ്കാളിയായാണ് ബംഗ്ലാദേശിനെ കണക്കാക്കുന്നതെന്നും യാത്രയ്ക്കു മുന്നോടിയായുള്ള വാര്‍ത്താക്കുറിപ്പില്‍ സി ജിന്‍പിംഗ് വ്യക്തമാക്കി.

ബംഗ്ലാദേശ് ധനമന്ത്രി എംകെ മന്നനാണ് ചൈന വായ്പാ സഹായം അനുവദിച്ചിട്ടുള്ള കാര്യം വ്യക്തമാക്കിയത്. 1320 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദന കേന്ദ്രം അടക്കം 25ഓളം പദ്ധതികളില്‍ ചൈന സാമ്പത്തിക സഹായം ലഭ്യമാക്കും. ബംഗ്ലാദേശിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള ആവശ്യങ്ങള്‍ ഉയര്‍ന്നതാണെന്നും ഇതിനായി കൂടുതല്‍ വായ്പ ആവശ്യമാണെന്നും എംകെ മന്നന്‍ സൂചിപ്പിച്ചു. ചൈനയിലെ ജിംഗ്ഷു ഇറ്റേണ്‍ കമ്പനി ബംഗ്ലദേശിലെ പവര്‍ ഗ്രിഡ് ശൃംഖല വിപുലമാക്കുന്നതിനുള്ള 1.1 ബില്യണ്‍ ഡോളറിന്റെ പദ്ധതിയില്‍ ഒപ്പുവെച്ചിട്ടുണ്ടെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

അയല്‍രാജ്യങ്ങളായ ശ്രീലങ്ക, നേപ്പാള്‍ മുതലായവയുമായി ഇന്ത്യ സാമ്പത്തിക സഹകരണത്തിനു ശ്രമിക്കുന്ന പശ്ചാത്തലത്തിലാണ് ചൈന ബംഗ്ലാദേശുമായി അടുക്കുന്നത്. ഇന്ത്യയുമായി ഭൂമിശാസ്ത്രപരമായും സാമ്പത്തികമായും നിര്‍ണായമായ നയതന്ത്രബന്ധം സൂക്ഷിക്കുന്ന രാജ്യമാണ് ബംഗ്ലാദേശ്. ബംഗ്ലാദേശ്, മ്യാന്‍മര്‍, ചൈന, ഉത്തരേന്ത്യ എന്നിവയെ ബന്ധിപ്പിക്കുന്ന സാമ്പത്തിക ഇടനാഴി ചൈന മുന്നോട്ടു വെച്ചിട്ടുണ്ട്. ബംഗ്ലാദേശ് പദ്ധതിയെ പിന്താങ്ങുന്നുണ്ട്. എന്നാല്‍ ഇന്ത്യ പദ്ധതിയോട് അനുകൂലമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.

Comments

comments

Categories: Slider, Top Stories