ഗാലക്‌സി നോട്ട് 7: ആന്‍ഡ്രോയ്ഡ് മൊബീല്‍ നിര്‍മാതാക്കളുടെ കിടമത്സരം വര്‍ധിക്കുന്നു

ഗാലക്‌സി നോട്ട് 7:  ആന്‍ഡ്രോയ്ഡ് മൊബീല്‍ നിര്‍മാതാക്കളുടെ കിടമത്സരം വര്‍ധിക്കുന്നു

 

സിയോള്‍: ഗാലക്‌സി നോട്ട് 7ന്റെ നിര്‍മാണം നിര്‍ത്തലാക്കാന്‍ സാംസംഗ് തീരുമാനിച്ച സാഹചര്യത്തില്‍ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളുടെ വിപണി മത്സരം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. വിപണി വിഹിതം നേടുന്നതിനും പ്രമുഖ ശത്രുവായ ആപ്പിള്‍ ഇന്‍കിനെ പ്രതിരോധിക്കുന്നതിനുമുള്ള തന്ത്രങ്ങളാണ് മിക്ക കമ്പനികളും ആവിഷ്‌കരിക്കുന്നത്.

നിലവില്‍ ആഗോളതലത്തിലുള്ള മൊബീല്‍ ഉപഭോക്താക്കള്‍ ആപ്പിളിന്റെ ഐഒഎസ് ഓപ്പറേറ്റിംഗ് സിസ്റ്റമോ ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് സംവിധാനമോ ആണ് തെരഞ്ഞെടുക്കുന്നത്. എല്‍ജി മുതലായ ആന്‍ഡ്രോയ്ഡ് മൊബീല്‍ നിര്‍മാതാക്കളും ഗൂഗിളും സാംസംഗിന്റെ വീഴ്ച മുതലാക്കാനുള്ള തയാറെടുപ്പിലാണ്. ഇരു കമ്പനികളും അടുത്തിടെ പുതിയ മോഡലുകള്‍ പുറത്തിറക്കിയിരുന്നു.

സാംസംഗ് ഗാലക്‌സി നോട്ട് 7 മൊബീല്‍ ഫോണുകള്‍ തിരികെ വിളിച്ചിട്ടുള്ളത് ആപ്പിളിന് ഗുണം ചെയ്യില്ലെന്നാണ് പൊതുവെയുള്ള നിരീക്ഷണം. ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോം പരിചിതമായ ഉപയോക്താക്കള്‍ ഉടനടി മറ്റൊരു ഓപ്പറേറ്റിംഗ് പ്ലാറ്റ്‌ഫോമിലേക്ക് മാറാന്‍ താല്‍പ്പര്യപ്പെടില്ല എന്നതാണ് കാരണം. എന്നാല്‍ ഇതിനു വിരുദ്ധമായി സാന്‍ഫ്രാന്‍സിസ്‌കോ പോലുള്ള പ്രദേശങ്ങളില്‍ മൊബീല്‍ ഉപയോക്താക്കള്‍ വന്‍തോതില്‍ ആപ്പിള്‍ ഫോണുകളിലേക്ക് തിരിച്ചുപോകുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഗാലക്‌സി നോട്ട് 7 സാംസംഗിനു സൃഷ്ടിച്ച പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ആപ്പിളിന്റെ ഓഹരികളുടെ വില നേരിയ തോതില്‍ ഉയരുകയും ചെയ്തിരുന്നു.
ചില ഉപയോക്താക്കള്‍ നേരത്തെ തന്നെ ആപ്പിളിലേക്കു മാറിയാലോ എന്ന ചിന്തയിലായിരുന്നു. അത്തരക്കാര്‍ക്ക് ഇപ്പോള്‍ ആ തീരുമാനം പ്രാവര്‍ത്തികമാക്കുന്നതിനുള്ള അവസരമാണ് വന്നു ചേര്‍ന്നിട്ടുള്ളത്- സാന്‍ഫ്രാന്‍സിസ്‌കോയിലെ സപ്രിന്റ് സ്റ്റോറിലെ സെയ്ല്‍സ് അസോഷ്യേറ്റായ റോബിന്‍ വില്യംസ് പറഞ്ഞു. പക്ഷേ സാംസംഗ് ഗാലക്‌സി നോട്ട് 7 തിരികെ വിളിച്ചത് ആപ്പിളിന് ചെറിയ തോതില്‍ ഗുണം ചെയ്യുമെങ്കിലും സ്മാര്‍ട്ട് ഫോണ്‍ വിപണിവിഹിതം മൊത്തത്തില്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കില്ലെന്ന് ടെക് അനാലിസിസ് റിസര്‍ച്ചിലെ ബോബ് ഒ ഡോമല്‍ ചൂണ്ടിക്കാട്ടി.

ഗൂഗിളിനെ സംബന്ധിച്ച് സാംസംഗിനു നേരിടേണ്ടി വന്ന പ്രശ്‌നങ്ങള്‍ വിപണി പ്രതീക്ഷകള്‍ വര്‍ധിപ്പിക്കാന്‍ ഉതകുന്നതാണ്. അടുത്തിടെ പുറത്തിറക്കിയ പിക്‌സല്‍ ഫോണുകളുടെ വില്‍പ്പനയെ മുന്നോട്ടു നയിക്കാന്‍ ഇതു സഹായകമാകുമെന്നാണ് ഗൂഗിളിന്റെ കണക്കൂകൂട്ടല്‍.

പക്ഷേ ആന്‍ഡ്രോയ്ഡ് മൊബീല്‍ വിപണന മേഖലയില്‍ സാംസംഗ് ഇതര കമ്പനികള്‍ക്കുയര്‍ത്തുന്ന വെല്ലുവിളി തുടരുമെന്നും ചില സാമ്പത്തിക നിരീക്ഷകര്‍ വാദിക്കുന്നു. എല്‍ജിയുടെ വി20 ഫോണുകള്‍ യുഎസ് വിപണിയിലേക്ക് ആ മാസം അവസോനത്തോടെ മാത്രമെ എത്തുകയുള്ളൂ. ഗൂഗിള്‍ പിക്‌സല്‍ ഫോണുകള്‍ ഒക്‌റ്റോബര്‍ 20 വരെ വിതരണം ആരംഭിക്കില്ല. എത്തിയാല്‍ തന്നെ യുഎസില്‍ വെരിസോണില്‍ മാത്രമെ ആദ്യഘട്ടത്തില്‍ ഫോണ്‍ ലഭ്യമാകുകയുമുള്ളൂ. കൂടാതെ ഗാലക്‌സി നോട്ട് 7 വേണ്ടെന്നുവെക്കുന്ന ഉപഭോക്താക്കള്‍ക്ക് സാംസംഗിന്റെ തന്നെ സമാന മോഡലുകളിലേക്ക് മാറാനുള്ള അവസരവുമുണ്ടെന്ന് സാമ്പത്തിക നിരീക്ഷകര്‍ ചൂണ്ടിക്കാട്ടി.

അതേ സമയം ഗാലക്‌സി നോട്ട് 7 ഫോണുകള്‍ തിരികെ വിളിച്ച സാഹചര്യത്തില്‍ സാസംഗിന്റെ ഓഹരികളുടെ മൂല്യം സിയോളിലെ ഓഹരിവിപണിയില്‍ മൂന്നു ശതമാനത്തോളം താഴ്ന്നു. 2008നു ശേഷം സാംസംഗിന്റെ ഓഹരികള്‍ക്ക് സിയോള്‍ സ്‌റ്റോക്ക് ഏക്‌സ്‌ചേഞ്ചില്‍ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ ഇടിവാണിത്.

Comments

comments

Categories: Tech