ഗ്യാലക്‌സി നോട്ട് 7ന്റെ വീഴ്ച ഇന്ത്യയില്‍ ആപ്പിളിന് ഗുണം

ഗ്യാലക്‌സി നോട്ട് 7ന്റെ വീഴ്ച  ഇന്ത്യയില്‍ ആപ്പിളിന് ഗുണം

 

ന്യൂഡെല്‍ഹി: തീയും പുകയും ഉയരുന്നതും പൊട്ടിത്തെറിയും പതിവായതോടെ ഗ്യാലക്‌സി നോട്ട് 7ന്റെ ഉല്‍പ്പാദനവും വില്‍പ്പനയും ആഗോളതലത്തില്‍ നിര്‍ത്തുന്നത് ഇന്ത്യന്‍ വിപണിയിലെ സാംസങിന്റെ അധീശത്വത്തെ ബാധിക്കും. നടപ്പ് സാമ്പത്തിക പാദത്തില്‍ സാംസങ് ഇലക്ടോണിക്‌സിന് ഇന്ത്യയില്‍ 25 ശതമാനത്തോളം വില്‍പ്പനയും അതുവഴി രാജ്യത്തെ പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ ഒന്നാം സ്ഥാനവും നഷ്ടപ്പെട്ടേക്കുമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു. ലോകത്തെ ഏറ്റവും വലിയ ഫോണ്‍ നിര്‍മാതാക്കളായ സാംസങ് ഗ്യാലക്‌സി നോട്ട് 7ന്റെ വില്‍പ്പനയും മാറ്റിവാങ്ങലും ഉല്‍പ്പാദനവും നിര്‍ത്തിവെക്കുന്നതായി കഴിഞ്ഞദിവസമാണ് പ്രഖ്യാപിച്ചത്.

അതേസമയം സാംസങ് ആഗോളതലത്തില്‍ മൂന്നാം പാദ വില്‍പ്പന ലക്ഷ്യം പുനഃക്രമീകരിച്ചിട്ടുണ്ട്. 4.6 ബില്യണ്‍ ഡോളറിന്റെ വിറ്റുവരവാണ് ഇപ്പോള്‍ മൂന്നാംപാദത്തില്‍ സാംസംഗ് പ്രതീക്ഷിക്കുന്നത്. മുന്‍നിശ്ചയിച്ച ലക്ഷ്യത്തില്‍നിന്ന് 2.4 ബില്യണ്‍ ഡോളറിന്റെ കുറവാണ് ഇത്. കഴിഞ്ഞ വര്‍ഷം ഇതേകാലയളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ പ്രവര്‍ത്തന ലാഭം 29.63 ശതമാനമായി കുറയും.

ഒക്‌ടോബര്‍-ഡിസംബര്‍ കാലയളവില്‍ സാംസംഗിന് ഇന്ത്യന്‍ വിപണിയിലെ പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ 20-25 ശതമാനം ഇടിവ് സംഭവിക്കുമെന്ന് കൗണ്ടര്‍പോയന്റ് ടെക്‌നോളജി മാര്‍ക്കറ്റ് റിസര്‍ച്ചിലെ സീനിയര്‍ അനലിസ്റ്റ് തരുണ്‍ പഥക് കരുതുന്നു. ഇതേ കാലയളവില്‍ ആപ്പിള്‍ ഫോണുകളുടെ വില്‍പ്പന 60 ശതമാനം ഉയരുമെന്നും കണക്കുകൂട്ടുന്നു. നോട്ട് 7 ന് പകരം വെയ്ക്കാന്‍ സാംസങിന് മറ്റൊരു ഉല്‍പ്പന്നമില്ലെന്നാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

Comments

comments

Categories: Slider, Top Stories