വിദേശ വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് കുറയുന്നു: ആഗോള വിദ്യാഭ്യാസ ഹബ്ബാകാന്‍ കേരളത്തിന് കഴിയുമോ?

വിദേശ വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് കുറയുന്നു: ആഗോള വിദ്യാഭ്യാസ ഹബ്ബാകാന്‍ കേരളത്തിന് കഴിയുമോ?

സാക്ഷരതയില്‍ നൂറ് ശതമാനം മേന്മ അവകാശപ്പെടുന്ന കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വിദേശ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ സാധിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയിലെ മെട്രോ നഗരങ്ങളായ ഡെല്‍ഹി, മുംബൈ, ബെംഗളൂരു, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ മാത്രമല്ല, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളടക്കം രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലേക്കും വിദേശ വിദ്യാര്‍ത്ഥികള്‍ എത്തുന്നു. എന്നാല്‍ കേരളത്തിലേക്ക് പഠന സാഹചര്യങ്ങള്‍ തേടി വിദേശ വിദ്യാര്‍ത്ഥികള്‍ വലിയ തോതില്‍ എത്തുന്നില്ല. പഠനാവശ്യത്തിന് വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലുണ്ടായ വര്‍ധന പോലെതന്നെ, ഇന്ത്യയിലേക്കുള്ള വിദേശ വിദ്യാര്‍ത്ഥികളുടെ വരവും കൂടി എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ സാഹചര്യവുമായി കേരളത്തിന്റെ അവസ്ഥ താരതമ്യം ചെയ്യുമ്പോള്‍ സംസ്ഥാനത്തെ എന്തുകൊണ്ട് വിദേശ വിദ്യാര്‍ത്ഥികള്‍ തെരഞ്ഞെടുക്കുന്നില്ല എന്ന ചോദ്യം പ്രാധാന്യമര്‍ഹിക്കുന്നു.

2004ല്‍ 26,267 വിദേശ വിദ്യാര്‍ത്ഥികളാണ് ഇന്ത്യയില്‍ ഉണ്ടായിരുന്നത്. 2010ഓടെ 1,17,000 വിദ്യാര്‍ത്ഥികളായി ഈ കണക്ക് ഉയര്‍ന്നു. ഇതില്‍ 40%വും സാര്‍ക്ക് രാജ്യങ്ങളില്‍ നിന്നുമാണ്. ഇറാനില്‍ നിന്നാണ് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠനത്തിനെത്തുന്നത്. 2008ല്‍ പുനെ സര്‍വകലാശാലയില്‍ മാത്രം 3,807 വിദേശികള്‍ പഠനം നടത്തിയിരുന്നു. വിദേശ വിദ്യാര്‍ത്ഥികളില്‍ 76 ശതമാനം ആളുകളും ബിരുദ പഠനത്തിനാണെത്തുന്നത്. 18% ബിരുദാനന്തര ബിരുദ പഠനത്തിനും 4 ശതമാനം ഗവേഷണത്തിനുമായും എത്തുന്നുണ്ട്.

2015ല്‍ ഇന്ത്യയിലെ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം രണ്ട് ലക്ഷത്തോളമായി ഉയര്‍ന്നിട്ടുണ്ട്. വിദേശ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതില്‍ കര്‍ണാടകയാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് മഹാരാഷ്ട്രയും മൂന്നാം സ്ഥാനത്ത് ആന്ധ്രയുമാണ്. തമിഴ്‌നാടിനാണ് നാലാം സ്ഥാനം.
കേരളത്തില്‍ ആകെ 89 വിദേശ വിദ്യാര്‍ത്ഥികളുള്ളപ്പോള്‍ വിദ്യാഭ്യാസ രംഗത്ത് വളരെ പിന്നാക്കം നില്‍ക്കുന്ന ബിഹാറില്‍ 420ഉം സിക്കിമില്‍ 84ഉം ത്രിപുരയില്‍ 11ഉം ഹിമാചലില്‍ ്91ഉം വിദേശ വിദ്യാര്‍ത്ഥികളാണുള്ളത്. ഇത് സാക്ഷരതയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളത്തെ സംബന്ധിച്ചിടത്തോളം പരിതാപകരമാണെന്നു വേണം കരുതാന്‍. കേരളത്തിലെ വിദേശ വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗം പേരും പിഎച്ച്ഡി ഗവേഷണത്തിനായി എത്തിയവരാണ്, സയന്‍സ് പഠനത്തിന് 14, നഴ്‌സിങ്ങിന് 4, കൊമേഴ്‌സ് 13, ബിസിഎ 4, എന്‍ജിനീയറിങ് 13 എന്നിങ്ങനെയാണ് മറ്റു കോഴ്‌സുകളിലെ എണ്ണം.

കോയമ്പത്തൂരില്‍ 2,915 പേരും മംഗലാപുരത്ത് 1,610 പേരും മൈസൂരില്‍ 975 പേരും ബെംഗളൂരുവില്‍ 10,216 പേരും പഠനത്തിനെത്തുന്നുണ്ട്. മെഡിസിന്‍ പഠനത്തിനെത്തുന്നവരില്‍ 62 ശതമാനം കര്‍ണാടകയിലാണ്. നഴ്‌സിങ്ങിനും വിദേശ വിദ്യാര്‍ത്ഥികള്‍ തെരഞ്ഞെടുക്കുന്നത് കര്‍ണാടകയെത്തന്നെ, 93 ശതമാനം. മാനേജ്‌മെന്റ് പഠനത്തിന് 91 ശതമാനം പേര് മുംബൈയെ ആശ്രയിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

2014 ല്‍ എന്‍ജിനീയറിങ് പഠനത്തിനെത്തിയ 20,123 വിദ്യാര്‍ത്ഥികളില്‍ കൂടുതല്‍ തെരഞ്ഞെടുത്തത് ബെഗളൂരുവിനെയാണ്. ഉത്തരേന്ത്യയിലും തമിഴ്‌നാട്ടിലുമുള്ള സ്വകാര്യ സര്‍വകലാശാലകളിലാണ് ഭൂരിഭാഗവും എന്‍ജിനീയറിങ് പഠനം തുടരുന്നത്. 160 എന്‍ജിനീയറിങ് കോളെജുകളുള്ള കേരളത്തില്‍ ആകെ 13 വിദേശ വിദ്യാര്‍ത്ഥികളാണ് ഈ രംഗത്തുള്ളത്.

ഒരു വിദ്യാഭ്യാസ ഡെസ്റ്റിനേഷനായി കേരളത്തെ മാറ്റിയെടുത്ത് ലോകത്തിന് മുന്നില്‍ ബ്രാന്‍ഡ് ചെയ്യേണ്ടതിന്റെ ആവശ്യകത സര്‍ക്കാര്‍ തിരിച്ചറിയണമെന്നാണ് ഈ മേഖലയിലുടെ സംരംഭകര്‍ ചൂണ്ടിക്കാണിക്കുന്നത്.

Comments

comments

Categories: Education, Slider

Related Articles