പണപ്പെരുപ്പം ഒരു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തും: റോയ്‌ട്ടേഴ്‌സ് പോള്‍

പണപ്പെരുപ്പം ഒരു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തും: റോയ്‌ട്ടേഴ്‌സ് പോള്‍

ന്യൂഡെല്‍ഹി: സെപ്റ്റംബര്‍ മാസം രാജ്യത്തെ പണപ്പെരുപ്പം ഒരു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലായിരിക്കും രേഖപ്പെടുത്തുകയെന്ന് റിപ്പോര്‍ട്ട്. റോയ്‌ട്ടേഴ്‌സ് പോള്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യക്ക് ഈ വര്‍ഷം അവസാനത്തോടെ പലിശ നിരക്ക് കൂടുതല്‍ വെട്ടിച്ചുരുക്കാന്‍ ഇതു സഹായകമാകുമെന്നാണ് സൂചന.

ഈ മാസമാദ്യം റിസര്‍വ് ബാങ്കിന്റെ ധനനയയോഗം പലിശനിരക്ക് 25 അടിസ്ഥാന പോയ്ന്റ് കുറച്ച് 6.25 ശതമാനമാക്കിയിരുന്നു. ഓഗസ്റ്റ് മാസത്തെ പണപ്പെരുപ്പ നിരക്ക് അഞ്ചുമാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയതിനു ശേഷമായിരുന്നു ഇത്. 30 സാമ്പത്തിക നിരീക്ഷകര്‍ പങ്കെടുത്ത റോയ്‌ട്ടേഴ്‌സ് പോളിന്റെ വിലയിരുത്തല്‍ പ്രകാരം രാജ്യത്തെ ചില്ലറവിപണന മേഖലയിലെ പണപ്പെരുപ്പം സെപ്റ്റംബറില്‍ 4.80 ശതമാനമാകാനാണിട. 2015 സെപ്റ്റംബറിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഓഗസ്റ്റില്‍ പണപ്പെരുപ്പം 5.05 ശതമാനമായിരുന്നു.

മണ്‍സൂണിന്റെ ഗുണപരമായ ഫലങ്ങള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ പ്രതിഫലിച്ചു വരുന്നതിന്റെ ഭാഗമാണിത്. രാജ്യത്തെ ഭക്ഷ്യമേഖലയിലെ വിലക്കയറ്റം ഓഗസ്റ്റില്‍ താഴ്ന്നിരുന്നു. ഇതു സെപ്റ്റംബറിലും തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്- എച്ച്ഡിഎഫ്‌സി ബാങ്ക് സീനിയര്‍ ഇക്ക്‌ണോമിസ്റ്റ് തുഷാര്‍ അറോറ പറഞ്ഞു. റോയ്‌ട്ടേഴ്‌സ് പോള്‍ പ്രതീക്ഷിക്കുന്ന പോലെ ചില്ലറമേഖലയിലെ പണപ്പെരുപ്പം താഴ്ന്നാല്‍ കേന്ദ്രസര്‍ക്കാരിന് എട്ടു ശതമാനം വളര്‍ച്ചാനിരക്ക് എന്ന ലക്ഷ്യത്തിലേക്ക് അടുക്കാനും അത് സഹായകമാകും. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇതു കാരണമാകും. എന്നാല്‍ കോടിക്കണക്കിന് ആളുകള്‍ക്കു ലഭിക്കുന്ന പെന്‍ഷന്‍, ശമ്പള നിരക്കുകള്‍ വര്‍ധിക്കുന്നത് വിലക്കയറ്റത്തിനു കാരണമായേക്കാമെന്നും സാമ്പത്തിക നിരീക്ഷകര്‍ സൂചിപ്പിച്ചു.

രാജ്യത്തെ മൊത്ത വിപണന മേഖലയിലെ പണപ്പെരുപ്പം സെപ്റ്റംബറില്‍ 3.89 ശതമാനമാകുമെന്നാണ് കരുതുന്നത്. ഓഗസ്റ്റില്‍ ഇത് 3.74 ശതമാനമായിരുന്നു

Comments

comments

Categories: Slider, Top Stories