പ്രതിസന്ധികളിലെ അവസരം

പ്രതിസന്ധികളിലെ  അവസരം

യിംസ് ബോണ്ടായി വേഷമിടുന്ന ആറാമത്തെ ഹോളിവുഡ് താരമാണ് ഡാനിയേല്‍ ക്രെയ്ഗ്. കാസിനോ റോയല്‍, ക്വാന്റം ഓഫ് സോലൈസ്, സ്‌കൈഫാള്‍ എന്നീ ബോണ്ട് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനംകവര്‍ന്ന ഡാനിയേല്‍ ക്രെയ്ഗിന്റെ ജീവിതത്തില്‍ പലര്‍ക്കും അറിയാത്ത മറ്റൊരു അധ്യായം കൂടിയുണ്ട്.

സിനിമാ അഭിനയ മോഹവുമായി ലണ്ടനില്‍ അവസരങ്ങള്‍ തേടിനടന്ന കാലഘട്ടത്തില്‍ താമസസ്ഥലത്തിന് വാടക കൊടുക്കാനില്ലാതെ പാര്‍ക്ക് ബെഞ്ചുകളില്‍ അന്തിയുറങ്ങിയ ഒരു കാലഘട്ടം ഇന്നത്തെ ജയിംസ് ബോണ്ട് നായകനുണ്ടായിരുന്നു. പ്രതിസന്ധികളുടെയും അനിശ്ചിതത്വത്തിന്റെയും ജീവിതസമരങ്ങളുടെയും നടുവിലൂടെ കടന്നുപോയിരുന്ന അക്കാലഘട്ടത്തില്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞതാണ് തന്റെ ജീവിതവിജയത്തിന് പിന്നിലെ രഹസ്യമെന്ന് ഇന്ന് ഡാനിയേല്‍ ക്രെയ്ഗ് വിലയിരുത്തുന്നു.

ചെറുപ്പത്തില്‍ സമാനമായ സാഹചര്യങ്ങളിലൂടെ കടന്നുവന്നിട്ടുള്ള അനേകം പ്രശസ്ത വ്യക്തികള്‍ ലോകത്തുണ്ട്. ഒന്നുമില്ലായ്മയുടെ നടുവില്‍ നിന്നും പോരാട്ടം ആരംഭിച്ച് ജീവിതത്തില്‍ വിജയത്തിന്റെ പടവുകള്‍ ഒന്നൊന്നായി ചവിട്ടിക്കയറിയവര്‍ ധാരാളമുണ്ട്. അച്ഛന്‍ അകാലത്തില്‍ മരിക്കുകയും അമ്മ ഭ്രാന്താശുപത്രിയില്‍ അടയ്ക്കപ്പെടുകയും ചെയ്തപ്പോള്‍ ജീവിതം വഴിമുട്ടിനിന്ന അവസരത്തില്‍ താമസിക്കാനിടമില്ലാതെ തെരുവിലേക്കിറങ്ങേണ്ടിവന്നു ചാര്‍ളി ചാപ്ലിനും അദ്ദേഹത്തിന്റെ സഹോദരനും. തെരുവില്‍ കോമഡി സ്‌കിറ്റുകള്‍ കാണിച്ച് കലാരംഗത്തെ ജൈത്രയാത്രയാരംഭിച്ച ചാപ്ലിന്‍ നിശബ്ദ സിനിമയിലെ ഇതിഹാസമായി പിന്നീട് മാറി.

ഹോളിവുഡിലെ ഇന്നത്തെ പ്രശസ്ത കോമഡി താരമായ ജിം കാരിക്കും കുടുംബത്തിനും സാമ്പത്തികമായി തകര്‍ന്നപ്പോള്‍ വീടുവിട്ട് ഇറങ്ങേണ്ടിവന്നു. ഒരു മിനി ബസില്‍ ജീവിതം തള്ളിനീക്കേണ്ടിവരുന്ന അവസ്ഥയിലേക്ക് വഴിമാറിയപ്പോഴും ജിം കാരി പതറിയില്ല. പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ ബസ് പാര്‍ക്ക് ചെയ്തും മൂത്ത സഹോദരിയുടെ വീടിന് പുറത്തുള്ള പുല്‍ത്തകിടിയില്‍ ടെന്റ് കെട്ടിയും മറ്റും കഴിയേണ്ടി വന്നപ്പോഴും ജീവിതത്തോട് പോരാടുവാന്‍ തന്നെയായിരുന്നു ജിം കാരിയുടെ തീരുമാനം. ജീവിതത്തിലെ ദുരന്തങ്ങളെയും പ്രശ്‌നങ്ങളെയും തമാശയോടെ നോക്കിക്കാണാന്‍ ശ്രമിച്ചതുകൊണ്ടാണ് തന്നിലെ ഹാസ്യതാരം രൂപപ്പെട്ടതെന്ന് ജിം പറയുന്നു. ഒരു മജീഷ്യനാവുക എന്ന മോഹവുമായി പന്ത്രണ്ടാം വയസില്‍ വീട് വിട്ടിറങ്ങുകയും തെരുവില്‍ ഭിക്ഷയെടുത്ത് ജീവിക്കേണ്ടിവരികയും ചെയ്ത വ്യക്തിയാണ് മാജിക് ലോകത്തെ ചരിത്രപുരുഷനായി മാറിയ ഹൗഡിനി.

ഇവരുടെയൊക്കെ ജീവിതം സഹനങ്ങളുടെയും പ്രതിസന്ധികളുടേതുമായിരുന്നു. പക്ഷേ, ഇവരാരും പ്രതിസന്ധികളില്‍ പതറിയില്ല. പ്രതികൂല സാഹചര്യങ്ങള്‍ക്ക് മുന്നില്‍ തോറ്റോടിയതുമില്ല. കാരണം ജീവിതത്തില്‍ തങ്ങള്‍ എത്തിച്ചേരേണ്ട വഴികളെക്കുറിച്ച് അവര്‍ക്ക് വ്യക്തമായ ബോധ്യമുണ്ടായിരുന്നു. ലക്ഷ്യത്തിലെത്തുന്നതിന് അനുകൂലമായ സാഹചര്യങ്ങളല്ല ഒരിക്കലും അവര്‍ക്ക് മുമ്പിലുണ്ടായിരുന്നത്. പക്ഷേ, അവരുടെ ദൃഢനിശ്ചയത്തിനും നിതാന്തപരിശ്രമത്തിനും മുമ്പില്‍ സാഹചര്യങ്ങള്‍പോലും അനുകൂലമായി.

മുന്നോട്ടുപോകാന്‍ ശക്തിയില്ലാതെ നാം തളര്‍ന്നുവീഴുന്ന സാഹചര്യങ്ങള്‍ നമ്മുടെ ജീവിതത്തിലുമുണ്ടാകാം. പ്രതീക്ഷിച്ച നേട്ടങ്ങളൊന്നും സ്വന്തമാക്കുവാനാകാതെ നിശ്ചലമായി ജീവിതം മുന്നോട്ടുപോകുന്നുണ്ടാവാം. പക്ഷേ, നിഷ്‌ക്രിയരാകാതെ ലക്ഷ്യത്തെ മുന്നില്‍ക്കണ്ട് ഉണര്‍ന്നു പ്രവര്‍ത്തിക്കുക. അപ്പോള്‍ തടസങ്ങള്‍ ഓരോന്നായി അപ്രത്യക്ഷമാകുന്നതായും ലക്ഷ്യത്തിലേക്ക് നമ്മള്‍ കൂടുതല്‍ അടുക്കുന്നതായും മനസ്സിലാക്കുവാന്‍ സാധിക്കും.

ജീവിതത്തിലെ ഒരവസ്ഥയും സ്ഥായിയല്ലെന്ന് തിരിച്ചറിവുള്ളവര്‍ക്കേ മോശമായ സാഹചര്യങ്ങളില്‍ നില്‍ക്കുമ്പോഴും ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കുവാനാകൂ. ഇന്നലെകളില്‍ നമ്മള്‍ ചെയ്ത പ്രവര്‍ത്തികളുടെ ഫലമാണ് നാം ഇന്നനുഭവിക്കുന്നത്. നാളെകളില്‍ മെച്ചപ്പെട്ട ഫലങ്ങളാണ് നാം ആഗ്രഹിക്കുന്നതെങ്കില്‍ ഇന്നത്തെ നമ്മുടെ അവസ്ഥ എന്തായാലും നാം ഉണര്‍ന്നെഴുന്നേറ്റ് പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.

ജീവിതത്തില്‍ മാറ്റങ്ങളുണ്ടാകണമെങ്കില്‍ മാറ്റങ്ങള്‍ക്കുവേണ്ടി മാനസികമായി തയാറെടുക്കുകയെന്നുള്ളതും പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്. എന്നാല്‍ ”എല്ലാം വിധിയാണ്, എന്റെ തലവര ഇങ്ങനെയായിപ്പോയി, ഇതില്‍ നിന്നും ഇനി രക്ഷയില്ല,” എന്നു ചിന്തിക്കുന്നവരാണ് നമ്മുടെ സമൂഹത്തില്‍ ഭൂരിഭാഗവും. ഇത് ജീവിതത്തില്‍ പോസിറ്റീവായ മാറ്റങ്ങളുണ്ടാകുന്നതിന് പ്രധാന വിലങ്ങുതടിയായിത്തീരുന്നു. ഇന്നത്തെ അവസ്ഥയിലും മെച്ചപ്പെട്ട ഒരു ജീവിതം നിങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതാണെന്ന് നിങ്ങളുടെ മനസിനെ വിശ്വസിപ്പിക്കുക. സാഹചര്യങ്ങള്‍ എത്ര മോശമാണെങ്കിലും പുതിയ അവസരങ്ങള്‍ നിങ്ങളെത്തേടിയെത്തും.

ചിന്ത

ഉള്ളില്‍ സമാധാനമില്ലാത്തവന്‍ പുറത്തു
സമാധാനം തേടുന്നത് പാഴ്‌വേലയാണ്.
ബ്യൂസോ

(ഇന്റര്‍നാഷണല്‍ മോട്ടിവേഷണല്‍ സ്പീക്കറും സൈക്കോളജിസ്റ്റും കോര്‍പ്പറേറ്റ് ട്രെയ്‌നറുമാണ് ലേഖകന്‍)

Comments

comments

Categories: FK Special