തുടരുന്ന ആഗോള സാമ്പത്തിക മാന്ദ്യവും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയും

തുടരുന്ന ആഗോള സാമ്പത്തിക മാന്ദ്യവും  ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയും

അമിത് കപൂര്‍

ന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്കും അതുള്‍പ്പെടുന്ന ദക്ഷിണേഷ്യന്‍ മേഖലയ്ക്കും (സൗത്ത് ഏഷ്യന്‍ റീജിയന്‍, എസ്എആര്‍) പോളിസി സര്‍ക്കിളുകളില്‍ ഈ ദിവസങ്ങളില്‍ കാര്യമായ പ്രാധാന്യം ലഭിച്ചിരുന്നു. ലോകത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് അവയുടെ സാമ്പത്തിക പ്രകടനം മെച്ചമായിരുന്നുവെന്നതാണ് ഇതിനുള്ള കാരണം.

ദക്ഷിണേഷ്യയിലെ രണ്ട് വലിയ രാജ്യങ്ങളായ ഇന്ത്യയും പാക്കിസ്ഥാനും പരസ്പരം സൈനിക സംഘര്‍ഷത്തിലേര്‍പ്പെട്ടതും അതവരുടെ ഭാവിയെ നിര്‍ണായകമായി സ്വാധീനിക്കുമെന്നും സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുമെന്നുമുള്ള കാഴ്ചപ്പാടുമാണ് ഈ മേഖലയോട് താല്‍പര്യം തോന്നാനുള്ള മറ്റൊരു കാര്യം. അടുത്തിടെ നടന്ന ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള രണ്ട് റിപ്പോര്‍ട്ടുകളാണ് ഈ ലേഖനത്തില്‍ വിവരിക്കുന്നത്.

ലോകബാങ്ക് പുറത്തിറക്കിയ സൗത്ത് ഏഷ്യ ഇക്കണോമിക് ഫോക്കസ്: ഇന്‍വെസ്റ്റ്‌മെന്റ് റിയാലിറ്റി ചെക്ക് (സേഫ്) എന്ന റിപ്പോര്‍ട്ടും അന്താരാഷ്ട്ര നാണയ നിധി പുറത്തുവിട്ട ലോക ബാങ്കും ലോക സാമ്പത്തിക അവലോകനവും എന്ന റിപ്പോര്‍ട്ടുമാണ് ഇതിനാധാരം. ഈ രണ്ട് റിപ്പോര്‍ട്ടുകളും പുറത്തിറക്കിയത് കഴിഞ്ഞയാഴ്ചയാണ്. ചലനാത്മകമായ ദക്ഷിണേഷ്യയുടെ പ്രധാന സ്വഭാവ സവിശേഷതകളെക്കുറിച്ച് നിരവധി കാഴ്ചപ്പാടുകള്‍ സേഫ് വ്യക്തമാക്കുന്നുണ്ട്. രാജ്യങ്ങളുടെ വളര്‍ച്ചാ പ്രകടനം, രാജ്യങ്ങളുടെ ബാഹ്യ സ്ഥാനം, നാണയപ്പെരുപ്പം, മൂലധന നിക്ഷേപം, സാമ്പത്തിക സ്ഥിരത, കയറ്റുമതി പ്രകടനം, രാഷ്ട്രീയ, നയ അസ്ഥിരത എന്നിവയെല്ലാം ഈ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുന്നു.

സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ കഴിഞ്ഞ എട്ടു പാദങ്ങളില്‍ ദക്ഷിണേഷ്യ ഏറ്റവും മുന്നിലാണ്. ഈ സാമ്പത്തിക വര്‍ഷം ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള രണ്ടാം പാദത്തില്‍ സൗത്ത് ഏഷ്യയുടെ സാമ്പത്തിക വളര്‍ച്ച 6.8 ശതമാനമായിരുന്നു. ദക്ഷിണേഷ്യയില്‍ രേഖപ്പെടുത്തുന്ന മികച്ച വളര്‍ച്ചയില്‍ ഇന്ത്യയുടെ പ്രകടനമാണ് പ്രധാന പങ്കു വഹിക്കുന്നത്. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 7.6 ശതമാനം വളര്‍ച്ച ഇന്ത്യ കൈവരിക്കുമെന്നാണ് പ്രവചനം. ബാഹ്യമായ കാഴ്ചപ്പാടില്‍ ഒരു പ്രദേശമെന്ന നിലയില്‍ സൗത്ത് ഏഷ്യ, പ്രത്യേകിച്ച് ഇന്ത്യ മുന്തിയ പദവിയാണ് അലങ്കരിക്കുന്നത്.

ഇന്ത്യയുടെ പൊതുവായുള്ള അസ്ഥിരതയും, എടുത്തുപറയുകയാണെങ്കില്‍ സാമ്പത്തിക അസ്ഥിരതയും വളര്‍ന്നുവരുന്ന മറ്റു വിപണികളുമായി തട്ടിച്ചുനോക്കുമ്പോള്‍ വളരെ കുറവാണ്. നാണയപ്പെരുപ്പം ചെറിയ തോതില്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും മുന്‍ കാലത്തെ അപേക്ഷിച്ച് താഴ്ന്നു തന്നെ തുടരും. അഞ്ച് ശതമാനമെന്ന നിലയില്‍ ഏറെക്കുറെ സ്ഥിരമായിരിക്കുകയും ചെയ്യും. അടുത്തിടെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൊണേറ്ററി പോളിസി കമ്മിറ്റിയുടെ നേതൃത്വത്തില്‍ പലിശ നിരക്ക് കുറച്ചത് ഈ യാഥാര്‍ത്ഥ്യങ്ങളുടെ വെളിച്ചത്തില്‍ കൂട്ടി വായിക്കണം.

മൂലധന നിക്ഷേപം ഒറ്റപ്പെട്ട രാജ്യങ്ങളെ സഹായിച്ചിട്ടുണ്ടെങ്കിലും ഇതിലെ മന്ദത തുടരും. പ്രത്യേകിച്ച് നേരിട്ടുള്ള വിദേശ നിക്ഷേപത്തിലെ. ഗള്‍ഫ് രാജ്യങ്ങളില്‍ എണ്ണ വില ഇടിഞ്ഞത് വിദേശ നിക്ഷേപത്തില്‍ കാര്യമായ കുറവുണ്ടാക്കുന്നതിന് കാരണമായിട്ടുണ്ട്. അതേസമയം, സാമ്പത്തിക സ്ഥിരതയില്‍ സൗത്ത് ഏഷ്യ ഏറ്റവും പിറകിലാണ്. ഈ മേഖലയിലെ ചില രാജ്യങ്ങളുടെ വരുമാനം വര്‍ധിപ്പിക്കാന്‍ കഴിയാതെ വന്നതിനാലാണിത്. ജിഡിപി നിരക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ കടം വര്‍ധിച്ചതും മറ്റൊരു കാരണം. പശ്ചിമേഷ്യ, വടക്കന്‍ ആഫ്രിക്ക എന്നിവയുടെ താഴെയാണ് സ്ഥാനമെങ്കിലും ഏറെക്കുറെ സ്ഥിരത പുലര്‍ത്തുന്നതാണ് ദക്ഷിണേഷ്യന്‍ സാമ്പത്തിക രംഗം.

മറ്റൊരു പ്രധാനപ്പെട്ട കാര്യം കയറ്റുമതിയിലെ പ്രകടനമാണ്. ഒരു തളര്‍ച്ച നിലനില്‍ക്കുന്ന മേഖലയാണിത്. വ്യാപാരത്തില്‍ കുറഞ്ഞ കയറ്റുമതിയും കുറഞ്ഞ ഇറക്കുമതിയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നിരുന്നാലും ഈ സാഹചര്യത്തില്‍ നിന്ന് പുറത്തു കടക്കുന്നതായുള്ള സൂചനകള്‍ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ഭീകരത, സുരക്ഷാ പ്രശ്‌നങ്ങള്‍, സൈനിക ഇടപെടലുകള്‍, രാഷ്ട്രീയ അസ്വാരസ്യങ്ങള്‍ എന്നിവ ദക്ഷിണേഷ്യയില്‍ കാര്യമായ ഇടപെടലുകള്‍ നടന്നുവരുന്നു.

നിക്ഷേപത്തെ വളരെ അഭിനന്ദനീയമായ രീതിയിലാണ് റിപ്പോര്‍ട്ടില്‍ അവതരിപ്പിച്ചിരിക്കുന്നത്. ദക്ഷിണേഷ്യയെ ഉണര്‍ത്തുന്നതിന് സ്വകാര്യ മേഖലയും അവിടെ നിന്നുള്ള നിക്ഷേപവും പ്രധാന പങ്കുവഹിക്കുമെന്ന് റിപ്പോര്‍ട്ട് വിശദമാക്കുന്നു. ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും സ്വകാര്യ നിക്ഷേപത്തില്‍ ഇടിവുണ്ടായിട്ടുണ്ട്. ഇത് പരിഹരിക്കുന്നതിനായി നയതന്ത്രജ്ഞര്‍ ഉപായങ്ങള്‍ കണ്ടത്തേണ്ടതുണ്ട്. മൊത്തത്തില്‍ പരിശോധിക്കുമ്പോള്‍ നല്ല നിലയിലാണ് കാര്യങ്ങളെങ്കിലും കോര്‍പ്പറേറ്റ് രംഗത്തു നിന്നുള്ള സ്വാധീനം പ്രതിബന്ധം സൃഷ്ടിക്കുന്നുണ്ട്.

ബാങ്കിംഗ് മേഖലയും അനുബന്ധ സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ കാര്യമായ ഇടപെടല്‍ നടത്തേണ്ടത് അത്യാവശ്യമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇതൊക്കെ മാറ്റി നിര്‍ത്തിയാല്‍ 2019തോടെ നിക്ഷേപ മേഖലയില്‍ 7.5 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. 2016ലും 2017ലും ഇന്ത്യ 7.6 ശതമാനം വളര്‍ച്ച നേടുമെന്നാണ് ഡബ്ല്യുഇഒ പ്രതീക്ഷിക്കുന്നത്. അതേസമയം, ആഗോള സാമ്പത്തിക രംഗം 2016ല്‍ 3.1 ശതമാനവും 2017ല്‍ 3.4 ശതമാനവും വളര്‍ച്ച കൈവരിക്കുമെന്ന് അവര്‍ കണക്കാക്കുന്നു.

വളരെ വേഗത്തില്‍ നിക്ഷേപം നടക്കുന്ന വിപണിയില്‍ നിന്ന് കുറഞ്ഞ വേഗതയില്‍ ഉപഭോഗം നടക്കുന്ന വിപണിയായി മാറിയെന്നാണ് ചൈനയെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നത്. തൊഴിലെടുക്കുന്ന ജനവിഭാഗത്തിന്റെ സംഖ്യയില്‍ അധിഷ്ഠിതമായാണ് ചൈന നയങ്ങള്‍ രൂപീകരിച്ചിരുന്നത്. എന്നാല്‍, അടുത്ത അഞ്ച് വര്‍ഷത്തേക്ക് തൊഴിലെടുക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവ് വരും. ഇതിന് വിപരീതമായ സ്ഥിതിയാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. പത്തു വര്‍ഷത്തേക്ക് ഇന്ത്യയിലെ തൊഴിലെടുക്കുന്നവരുടെ സംഖ്യ സ്ഥിരമായിരിക്കും.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ഉണര്‍ന്നിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട് വിശേഷിപ്പിച്ചിരിക്കുന്നത്. നിരവധി നിര്‍ണായക പരിഷ്‌കരണങ്ങളും നല്ല നടപടികളും സ്വീകരിച്ചതു പോലെ ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള അധിക നടപടികളും ഇന്ത്യ കൈക്കൊള്ളണമെന്ന് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. ഖനന മേഖലയിലെയും വൈദ്യുതി ഉല്‍പ്പാദനത്തിലെയും ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളും തൊഴില്‍ വിപണിയുടെ ശേഷി മെച്ചപ്പെടുത്തുകയെന്നതും അതില്‍ ഉള്‍പ്പെടുന്നു.  മുകളില്‍ പറഞ്ഞ കാര്യങ്ങളിലുള്ള വ്യക്തമായ ചിന്തയും നടപടികളും ഇന്ത്യയുടെയും ദക്ഷിണേഷ്യയുടെയും ഭാവിയില്‍ നിര്‍ണായകമാകുമെന്ന് ഇരു റിപ്പോര്‍ട്ടുകളും വിശകലനം ചെയ്യുമ്പോള്‍ മനസിലാകും.

(ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോംപെറ്റിറ്റീവ്‌നെസിന്റെ അധ്യക്ഷനും തിങ്കേഴ്‌സ് മാഗസിന്‍ എഡിറ്ററുമാണ് ലേഖകന്‍)

കടപ്പാട്: ഐഎഎന്‍എസ്

Comments

comments

Categories: FK Special