കശ്മീരിലെ സ്ത്രീ സുരക്ഷയും മെഹബൂബയുടെ തെറ്റിദ്ധാരണകളും

കശ്മീരിലെ സ്ത്രീ സുരക്ഷയും  മെഹബൂബയുടെ  തെറ്റിദ്ധാരണകളും

റുവ് ഷാ

പ്രിയപ്പെട്ട കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി, അടുത്തിടെ സ്വന്തം സംസ്ഥാനത്തിലെ സ്ത്രീകള്‍ സുരക്ഷിതരാണെന്നും അവര്‍ ഓടിക്കൊണ്ടിരിക്കുന്ന കാറുകളില്‍ വെച്ച് ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നില്ലെന്നും പറയുകയുണ്ടായി. ഡെല്‍ഹിയേക്കാള്‍ സ്ത്രീകള്‍ക്ക് സുരക്ഷിത സ്ഥലമാണ് കശ്മീര്‍ എന്ന കാര്യത്തില്‍ നിങ്ങള്‍ക്ക് അത്രയ്ക്കുറപ്പുണ്ടോ?

കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി ഡെല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു കശ്മീരി പത്രപ്രവര്‍ത്തകയാണ് ഞാന്‍. ഡെല്‍ഹി പോലുള്ള മറ്റ് സ്ഥലങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന അക്രമങ്ങളേക്കാള്‍ കുറവാണ് കശ്മീരിലേതെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. എന്നാല്‍ കശ്മീരിനെക്കുറിച്ചുള്ള ചില സത്യങ്ങള്‍ നിങ്ങള്‍ മറച്ചുവയ്ക്കുകയാണോ? അതോ യഥാര്‍ത്ഥത്തില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് തീര്‍ത്തും അറിവില്ലാത്തതാണോ?

കഴിഞ്ഞ ദിവസം ഡെല്‍ഹിയില്‍ നടന്ന ഒരു പരിപാടിക്കിടെ ടൂറിസത്തെക്കുറിച്ചും അതിന് കശ്മീരിലുള്ള സാധ്യതകളെക്കുറിച്ചും താങ്കള്‍ സംസാരിക്കുകയുണ്ടായി. ഏറ്റവും മികച്ച സുരക്ഷാ സംവിധാനങ്ങളൊരുക്കുന്ന ടൂറിസ്റ്റ് കേന്ദ്രമാണ് കശ്മീര്‍ എന്നതായിരുന്നു സംസാര വിഷയം. എന്നാല്‍, ഞാന്‍ നിങ്ങളോട് ഒരു കാര്യം പറയട്ടെ. കശ്മീരിന്റെ എല്ലാ ഭാഗങ്ങളിലും എല്ലാ ദിവസവും സ്ത്രീകളും പെണ്‍കുട്ടികളും ആക്രമിക്കപ്പെടുകയും ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ട്.

നിങ്ങള്‍ അധികാരമേറ്റെടുത്തതിനു ശേഷവും അത് നിര്‍ലോഭം തുടരുന്നുണ്ട്. അതിനെപ്പറ്റി കശ്മീരി സ്ത്രീകള്‍ ഒന്നും സംസാരിക്കാത്തതു കൊണ്ട് അവിടെയുള്ളവര്‍ തികച്ചും സുരക്ഷിതരാണെന്ന് തെറ്റിദ്ധരിക്കരുതേ. കശ്മീരില്‍ ഓടുന്ന വണ്ടിയില്‍ നിങ്ങളൊരിക്കലും പീഡിപ്പിക്കപ്പെടുകയില്ല-അങ്ങ് പറഞ്ഞു. ലൈംഗികമായി പീഡിപ്പിക്കപ്പെടാതിരുന്നാല്‍ മാത്രം സുരക്ഷിതരാണെന്ന് അര്‍ത്ഥമുള്ളതായി എനിക്കു തോന്നുന്നില്ല. ഒരു സ്ത്രീയെന്ന നിലയില്‍ താങ്കള്‍ക്കും.

ജോലിയുടെ ആവശ്യത്തിനായി ഡെല്‍ഹിയിലേക്ക് വരുന്നതിനു മുമ്പ് ശ്രീനഗറിലെ ഒരു സര്‍ക്കാര്‍ കോളെജിലെ വിദ്യാര്‍ത്ഥിനിയായിരുന്നു ഞാന്‍. ആരും പറയാത്ത ആ വൃത്തികെട്ട സത്യത്തെ കുറിച്ച് എന്നോടും എന്റെ സുഹൃത്തുക്കളോടും ചോദിച്ച് നോക്കൂ. എത്ര പുരുഷന്മാര്‍ സ്പര്‍ശിക്കാനും അപമാനിക്കാനും ശ്രമിച്ചിട്ടുണ്ടെന്ന് ഞങ്ങളോട് ചോദിക്കൂ. അതൊന്നും പീഡനത്തിന്റെ പരിധിയില്‍ വരുന്നവയല്ലേ? അത് എങ്ങനെയാണ് അനുഭവിച്ചതെന്ന് എന്നോട് ചോദിക്കുക. കണ്ണീരോടെയല്ലാതെ എനിക്കത് വിവരിക്കാന്‍ കഴിയുകയില്ല.

മിക്ക സ്ത്രീകളും അനുഭവിക്കുന്ന മാനസിക, ശാരീരിക പീഡനങ്ങളുടെ പേരില്‍ ഞാന്‍ മെഹബൂബയെ കുറ്റപ്പെടുത്തുകയല്ല ചെയ്യുന്നത്. സുരക്ഷയെന്ന പദത്തെ പീഡനത്തിനിരയാവുകയില്ലയെന്നതിലേക്ക് താരതമ്യപ്പെടുത്താന്‍ നിങ്ങള്‍ക്കെങ്ങനെ കഴിയുന്നുവെന്നതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്. കശ്മീരിലുണ്ടായ നിരവധി കേസുകളില്‍, അത് കേവലം ശാരീരിക പീഡനത്തിലേക്കോ ആഭാസമായ ഒന്നിലേക്കോ മാത്രമായി ഒതുങ്ങുനിന്നിട്ടില്ല.

വടക്കന്‍ കശ്മീരിലെ ഒരു ഗ്രാമത്തില്‍ 2007ല്‍ തബിന്ത ഗാനിയെന്ന പതിമൂന്ന് വയസുകാരിയായ പെണ്‍കുട്ടി അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടതും കൊല്ലപ്പെട്ടതും മറന്നുപോയോ? കശ്മീരിലെ സ്ത്രീകള്‍ക്കെതിരെ ഗാര്‍ഹിക പീഡനം ഏറിവരുന്നതിനെക്കുറിച്ചുള്ള ഭീതിദമായ മുന്നറിയിപ്പുകള്‍ നിങ്ങള്‍ അവഗണിക്കുകയാണോ?സംസ്ഥാനത്തിന്റെ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നത് താങ്കളായതിനാല്‍ ഇക്കാര്യങ്ങളെക്കുറിച്ച് അറിവുണ്ടാകുമെന്ന് കരുതുന്നു.

2013ലും 2014ലും ആയിരത്തോളം കേസുകളാണ് ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത്. അതില്‍ സ്ത്രീധന പീഡന മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത് പതിനഞ്ചോളം കേസുകളാണ്. നിരവധി സ്ത്രീകളെ ലൈംഗിക പീഡനത്തിനിരയാക്കിയ കുനാന്‍, പോഷ്പാര കേസുകളെപ്പറ്റി മറന്നു പോയോ? 2009ല്‍ ഷോപിയനില്‍ നടന്ന ആസിയ, നീലോഫര്‍ ഇരട്ട ലൈംഗിക പീഡനത്തെപ്പറ്റി താങ്കള്‍ എന്തു പറയുന്നു? മുട്ടൊപ്പം മാത്രം വെള്ളമുള്ള പുഴയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ രണ്ട് സ്ത്രീകള്‍ക്ക് നീതി നല്‍കാനുള്ള പോരാട്ടത്തില്‍ നിന്ന് നിങ്ങള്‍ സ്വയം മുഖം തിരിക്കുകയാണ്.

അടുത്തിടെ സുരക്ഷാ സേന നടത്തിയ ഷെല്‍ ആക്രമണങ്ങളില്‍ കാഴ്ച നഷ്ടപ്പെട്ട നിരവധി സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എന്തു സുരക്ഷയാണ് നിങ്ങള്‍ ഒരുക്കിയത്. തങ്ങള്‍ക്കു നേരെയുയരുന്ന അതിക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ കശ്മീരിലെ സ്ത്രീകള്‍ക്കു കഴിയില്ല. കശ്മീര്‍ ഏറ്റവും സുരക്ഷിതമായ സ്ഥലമാണെന്ന് ബ്രാന്‍ഡ് ചെയ്യുന്നതിനു മുമ്പ് ഇത്തരം കാര്യങ്ങളെ ഒന്ന് കണക്കിലെടുക്കാമോ?

(ഡെല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജേര്‍ണലിസ്റ്റാണ് ലേഖിക)

കടപ്പാട്: ഐഎഎന്‍എസ്‌

Comments

comments

Categories: FK Special