തകര്‍പ്പന്‍ ജയത്തോടെ പരമ്പര ടീം ഇന്ത്യയ്ക്ക്

തകര്‍പ്പന്‍ ജയത്തോടെ പരമ്പര ടീം ഇന്ത്യയ്ക്ക്

 

ഇന്‍ഡോര്‍: ന്യൂസിലാന്‍ഡിനെതിരായ പരമ്പരയിലെ മൂന്നാം ടെസ്റ്റ് മത്സരത്തിലും ടീം ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ഒരു ദിവസം ബാക്കിനില്‍ക്കെ 322 റണ്‍സിനാണ് ടീം ഇന്ത്യ ന്യൂസിലാന്‍ഡിനെ തകര്‍ത്തത്. രണ്ടാം ഇന്നിംഗ്‌സില്‍ ഏഴ് വിക്കറ്റ് വീഴ്ത്തിയ ആശ്വിന്റെ പ്രകടനമാണ് ടീം ഇന്ത്യയ്ക്ക് മികച്ച ജയം സമ്മാനിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ആതിഥേയര്‍ തൂത്തുവാരി.

ഇന്ത്യയുടെ 475 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്‍ഡ് 153 റണ്‍സിന് തകര്‍ന്നടിയുകയായിരുന്നു. അശ്വിനുള്‍പ്പെടുന്ന ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ ഒരു തരത്തിലും ന്യൂസിലാന്‍ഡ് താരങ്ങള്‍ക്ക് പിടിച്ച് നില്‍ക്കാനായില്ല. രണ്ടാം ഇന്നിംഗ്‌സില്‍ അശ്വിന്‍ 13.5 ഓവറില്‍ 59 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്ത്തി. ജഡേജ, ഉമേഷ് യാദവ് എന്നിവര്‍ യഥാക്രമം രണ്ട്, ഒന്ന് വിക്കറ്റുകളും നേടി.

ഒന്നാം ഇന്നിംഗ്‌സില്‍ കൂറ്റന്‍ ലീഡ് നേടിയ ടീം ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ മൂന്ന് വിക്കറ്റിന് 216 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. മൂന്നാം ദിനത്തില്‍ കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 18 റണ്‍സെടുത്ത ഇന്ത്യ മൂന്ന് വിക്കറ്റിന് 198 റണ്‍സ് കൂടി ചേര്‍ത്താണ് ഡിക്ലയര്‍ ചെയ്തത്.

ചേതേശ്വര്‍ പൂജാര പുറത്താകാതെ നേടിയ സെഞ്ച്വറിയും ഗൗതം ഗംഭീര്‍ നേടിയ അതിവേഗ അര്‍ധ സെഞ്ച്വറിയും ടീം ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ നേടുന്നതിന് സഹായകമായി. വളരെക്കാലത്തിന് ശേഷം ടീം ഇന്ത്യയിലേക്ക് തിരികെയെത്തിയ ഗംഭീര്‍ 56 പന്തുകളില്‍ നിന്നും 50 റണ്‍സായിരുന്നു സ്വന്തമാക്കിയത്. ആദ്യ ഇന്നിംഗ്‌സില്‍ ടീം ഇന്ത്യ 258 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയിരുന്നു.

Comments

comments

Categories: Sports