ചണ്ഡികാ ഹോമത്തിന്റെ പ്രസക്തി

ചണ്ഡികാ ഹോമത്തിന്റെ പ്രസക്തി

സ്വാമി രാജേശ്വരാനന്ദ സരസ്വതി

രാധനയുടെ പരമോന്നതരീതിയായി കണക്കാക്കപ്പെടുന്ന പൂജാവിധിയാണ് ചണ്ഡീഹോമം. ദേവീമാതാവിന്റെ അനുഗ്രഹാശിസ്സുകള്‍ക്കായി ചണ്ഡീഹോമം ദേവീ ക്ഷേത്രങ്ങളിലാണ് നടത്തപ്പെടുന്നത്. ഹിന്ദുമതത്തില്‍ ആദിപരാശക്തിയെ ആരാധിക്കുന്നവര്‍ ദുര്‍ഗ്ഗാദേവീപ്രസാദത്തിനായി നടത്തുന്ന ഹോമമാണ് ഇത്. ദേവീമാഹാത്മ്യത്തില്‍ ദേവിയുടെ പല നാമങ്ങളിലൊന്നായി, വിശിഷ്ടമായി ചണ്ഡീദേവിയെ വാഴ്ത്തുന്നുണ്ട്.

ചണ്ഡീഹോമം വിവിധ ഘട്ടങ്ങള്‍ ചേരുമ്പോഴാണ് പൂര്‍ണ്ണമാകുന്നത്. സര്‍വ്വവിഘ്‌ന നിവാരണത്തിനും അനുഗ്രഹത്തിനുമായി ഗണപതി പൂജയോ ഹോമമോ ആണ് ആദ്യം നടത്തുക. കലശശുദ്ധി ചടങ്ങുകള്‍ ആരംഭിക്കുന്നത് അഗ്നിപ്രതിഷ്ഠാപനത്തെ തുടര്‍ന്നാണ്. കര്‍പ്പൂരം, കൊട്ടത്തേങ്ങ, ദര്‍ഭ എന്നിവ ജ്വലിപ്പിച്ച് ഹോമകുണ്ഠത്തിനുള്ളില്‍ അഗ്നി ജ്വലിപ്പിക്കുന്നു. അഗ്നി തെളിയിച്ചതിനുശേഷം ദിക്പാലക പൂജയാണ് നടത്തുന്നത്. ഇത് നാലു ദിക്കുകളും കാക്കുന്ന ദേവതാ സങ്കല്‍പ്പത്തിനായി സമര്‍പ്പിക്കുന്നു. ഹവനം, പഞ്ചോപചാരപൂജ, ഷഠോപചാരപൂജ എന്നിവയും ഇതോടൊപ്പം വിശദമായി ചെയ്യാവുന്നതാണ്.

യജ്ഞാരംഭത്തിനു മുമ്പായി ഗോപൂജ, പരിവാരപൂജ, സുവാസിനിപൂജ, ദമ്പതീപൂജ, ബ്രഹ്മചാരിപൂജ എന്നിവയും നടത്തുന്നു. സപ്തശതീപാരായണം ചടങ്ങിന്റെ പ്രധാന ഘടകമാണ്. ദേവീമാഹാത്മ്യത്തിലെ പതിമൂന്നു ഭാഗങ്ങള്‍ മൂന്നായി തിരിച്ചിരിക്കുന്നു. മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നീ ദേവീഭാവങ്ങള്‍ക്കായി സമര്‍പ്പിച്ചാണ് ഇത് പാരായണം ചെയ്യുന്നത്. ഹോമപൂര്‍ത്തീകരണസമയത്ത് ഈ 13 ഭാഗങ്ങളിലെ 700 ശ്ലോകങ്ങളും പാരായണം ചെയ്തിരിക്കണം. ‘ഉത്തരാംഗം’ എന്നതാണ് ഹോമത്തിലെ അവസാനഭാഗം. തുടര്‍ന്ന് പൂര്‍ണ്ണാഹുതി നടത്തുന്നു.

ചതുരാകൃതിയിലുള്ള ഹോമകുണ്ഡം (ചെമ്പുപാത്രം), കൊട്ടത്തേങ്ങ, നെയ്യ്, തിരി, പച്ചരി, കുങ്കുമം, മഞ്ഞള്‍, ചന്ദനത്തിരി, വിളക്കുകള്‍, തീര്‍ത്ഥമെടുക്കാനുള്ള പാത്രങ്ങള്‍, പുഷ്പങ്ങള്‍, ജലം, വിവിധയിനം പഴങ്ങള്‍, ശര്‍ക്കര, പഞ്ചാമൃതം തുടങ്ങിയവ ഒരുക്കിയിരിക്കണം. എള്ള്, കര്‍പ്പൂരം എന്നിവയോടൊപ്പം ദര്‍ഭയും ഉപയോഗിക്കാവുന്നതാണ്.

നിരവധി ഒരുക്കങ്ങളും ദ്രവ്യങ്ങളും ആവശ്യമായ ചണ്ഡികാഹോമം ബൃഹത്തായ പൂജാരീതിയാണ്. വലിയ ഹോമകുണ്ഡത്തിനു ചുറ്റും നിരവധി പുരോഹിതര്‍ ഒരുമിച്ചിരുന്നാണ് ഇതു നടത്തുന്നത്. ദുര്‍ഗ്ഗാ-പാര്‍വ്വതീ ദേവി ആരാധന നടക്കുന്ന ക്ഷേത്രങ്ങളില്‍ ചണ്ഡികാഹോമം നടുവരുന്നു. മംഗലാപുരത്തെ ശ്രീദുര്‍ഗ്ഗാപരമേശ്വരി ക്ഷേത്രം, ശ്രീമൂകാംബികാ ക്ഷേത്രം, മൈസൂരിലെ ചാമുണ്‌ഡേശ്വരീ ക്ഷേത്രം, മുംബൈയിലെ മഹാലക്ഷ്മി ക്ഷേത്രം എന്നിവിടങ്ങളിലാണ് പ്രധാനമായും ചണ്ഡികാഹോമം നടക്കുന്നത്.

ആര്‍ട്ട് ഓഫ് ലിവിംഗ് ബെംഗളൂരു ആശ്രമത്തില്‍ അതി ബൃഹത്തായ രീതിയില്‍ ഇത് നടത്തിവരുന്നുണ്ട്. കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂര്‍ എന്നീ കേന്ദ്രങ്ങളിലും നവരാത്രിയുടെ ഭാഗമായി ചണ്ഡികാഹോമം നടക്കുന്നു.

(ഋഷിമുഖ് മാസികയുടെ എഡിറ്ററാണ് ലേഖകന്‍)

Comments

comments

Categories: FK Special
Tags: chandika, homam