നെയ്മര്‍ പിഎസ്ജിയിലേക്ക്?

നെയ്മര്‍ പിഎസ്ജിയിലേക്ക്?

 

പാരിസ്: സ്പാനിഷ് ഫുട്‌ബോള്‍ ക്ലബ് ബാഴ്‌സലോണയില്‍ നിന്ന് ബ്രസീലിയന്‍ സൂപ്പര്‍ താരമായ നെയ്മറെ റാഞ്ചാന്‍ ഫ്രഞ്ച് ലീഗ് വണ്‍ ചാമ്പ്യന്മാരായ പാരിസ് സെന്റ് ജര്‍മെയ്ന്‍ അവസാന ഒരുക്കവും പൂര്‍ത്തിയാക്കിയതായി റിപ്പോര്‍ട്ട്.

അടുത്ത സീസണില്‍ നെയ്മറെ ടീമിലെത്തിക്കാന്‍ 222 ദശലക്ഷം പൗണ്ടിന്റെ കരാറാണ് പിഎസ്ജി ലക്ഷ്യം വയ്ക്കുന്നത്. റയല്‍ മാഡ്രിഡില്‍ നിന്നും പോര്‍ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സ്വന്തമാക്കാനുള്ള ശ്രമം ഉപേക്ഷിച്ചാണ് പിഎസ്ജിയുടെ നെയ്മറിനായുള്ള ശ്രമം.

പിഎസ്ജിയിലെ ബ്രസീലിയന്‍ താരങ്ങളെ ഉപയോഗിച്ച് ക്ലബ് അധികൃതര്‍ നെയ്മറെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുമുണ്ട്. മാര്‍ക്വുഞ്ഞോസ്, ലൂക്കാസ് മൗറ, തിയാഗോ സില്‍വ എന്നീ പിഎസ്ജി താരങ്ങള്‍ നെയ്മറുടെ അടുത്ത സുഹൃത്തുക്കളാണ്.

അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക് ബാഴ്‌സലോണയില്‍ ലഭിക്കുന്നത് പോലുള്ള പരിഗണനയും പ്രതിഫലവുമൊക്കെയാണ് പിഎസ്ജി ബ്രസീലിയന്‍ സൂപ്പര്‍ താരത്തിനും വാഗ്ദാനം ചെയ്തിരിക്കുന്നത്.

അതേസമയം നെയ്മറെ നിലനിര്‍ത്താന്‍ ബാഴ്‌സലോണയും ശ്രമിക്കുന്നുണ്ട്. എന്നാല്‍ 25 ദശലക്ഷം പൗണ്ട് വാര്‍ഷിക ശമ്പളമായി 2021 വരെ നല്‍കാമെന്ന ബാഴ്‌സലോണയുടെ കരാര്‍ നെയ്മറുടെ ഏജന്റ് വാഗ്‌നര്‍ റിബെയ്‌റോ നിഷേധിച്ചിട്ടുണ്ട്.

നെയ്മറെ സ്വന്തമാക്കുന്നതിനായി പിഎസ്ജി മുമ്പ് ശ്രമം നടത്തിയപ്പോള്‍ ഭീമമായ തുകയായിരുന്നു ബാഴ്‌സ അന്ന് മുന്നോട്ട് വെച്ചത്. എന്നാല്‍ സ്‌പെയിനില്‍ ട്രാന്‍സ്ഫര്‍ വിവാദം നിലനില്‍ക്കുന്നതിനാല്‍ നെയ്മര്‍ അവിടം വിട്ടേക്കുമെന്നതിനാലാണ് പിഎസ്ജി വീണ്ടുമെത്തിയിരിക്കുന്നത്.

Comments

comments

Categories: Sports
Tags: FC, Football, Neymar, PSG