ലോധ കമ്മിറ്റി റിപ്പോര്‍ട്ട്: ബിസിസിഐ 15ന് പ്രത്യേക യോഗം ചേരും

ലോധ കമ്മിറ്റി റിപ്പോര്‍ട്ട്:  ബിസിസിഐ 15ന് പ്രത്യേക യോഗം ചേരും

 

ന്യൂഡല്‍ഹി: ഒക്ടോബര്‍ 15-ാം തിയതി ബിസിസിഐ പ്രത്യേക ജനറല്‍ ബോഡി യോഗം ചേരും. ലോധ കമ്മിറ്റി-ബിസിസിഐ തര്‍ക്കത്തില്‍ വിധി പറയുന്നത് കഴിഞ്ഞ ദിവസം മാറ്റിവെച്ച സുപ്രീം കോടതി ഒക്‌ടോബര്‍ 17ന് വീണ്ടും വാദം കേള്‍ക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ക്രിക്കറ്റ് ബോര്‍ഡ് അടിയന്തിര യോഗം വിളിച്ച് ചേര്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

രണ്ടാഴ്ചക്കിടെ രണ്ടാം തവണയാണ് ബിസിസിഐ ജനറല്‍ ബോഡി മീറ്റിംഗ് നിശ്ചയിച്ചിരിക്കുന്നത്. ലോധ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതിയുടെ വിമര്‍ശനത്തെ തുടര്‍ന്നായിരുന്നു ബിസിസിഐ ആദ്യ യോഗം വിളിച്ചത്.

ബിസിസിഐയെ പിരിച്ചുവിടണമെന്ന് ലോധ കമ്മറ്റി മുമ്പ് ആവശ്യപ്പെട്ടിരുന്നു. ലോധ കമ്മറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ തയാറായില്ലെങ്കില്‍ ബിസിസിഐ പിരിച്ചുവിട്ട് മറ്റൊരു ഭരണ സമിതിയെ നിയോഗിക്കുമെന്ന് സുപ്രീം കോടതിയും നിലപാട് വ്യക്തമാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് ടി എസ് താക്കൂര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ലോധ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാതെ ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് പണം കൈമാറുന്നതിനും ബിസിസിഐയ്ക്ക് സുപ്രീം കോടതി വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജസ്റ്റിസ് ആര്‍ എം ലോധ സമിതിയുടെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ ബിസിസിഐയോട് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായി അനുസരിക്കാനാകില്ലെന്ന നിലപാടിലാണ് ബിസിസിഐ.

ലോധ സമിതിയുമായുള്ള തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ ഒക്ടോബര്‍ 15ന് ചേരുന്ന ജനറല്‍ ബോഡി മീറ്റിംഗ് ബിസിസിഐയ്ക്ക് നിര്‍ണായകമാണ്. കോടതിയില്‍ ക്രിക്കറ്റ് ബോര്‍ഡ് എന്ത് നിലപാട് സ്വീകരിക്കണമെന്നതാകും യോഗത്തിലെ പ്രധാന ചര്‍ച്ചാ വിഷയം.

Comments

comments

Categories: Slider, Sports