കശ്മീര്‍ മുഴുവന്‍ ഇന്ത്യയുടേത്, നമ്മള്‍ നല്‍കിയത് തക്ക മറുപടി: മോഹന്‍ ഭഗവത്

കശ്മീര്‍ മുഴുവന്‍ ഇന്ത്യയുടേത്, നമ്മള്‍ നല്‍കിയത് തക്ക മറുപടി: മോഹന്‍ ഭഗവത്

നാഗ്പ്പൂര്‍: ജമ്മു കശ്മീരിലെ ഉറിയില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തിന് നിയന്ത്രണ രേഖ കടന്ന് ഭീകരതാവളങ്ങള്‍ തകര്‍ത്ത് മറുപടി നല്‍കിയ ഇന്ത്യന്‍ സൈന്യത്തെ വാനോളം പുകഴ്ത്തി ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത്. സഹനത്തിനും പരിധിയുണ്ടെന്നും തിരിച്ചടിയിലൂടെ പാക്കിസ്ഥാന് വ്യക്തമായ സന്ദേശം ലഭിച്ചിട്ടുണ്ടെന്നും മോഹന്‍ ഭഗവത് തന്റെ വാര്‍ഷിക വിജയദശമി പ്രസംഗത്തില്‍ പറഞ്ഞു. മിര്‍പൂരും മുസഫറാബാദും ഗില്‍ജിത്-ബല്‍തിസ്താനും അടങ്ങിയ മുഴുവന്‍ കശ്മീരും ഇന്ത്യയുടേത് തന്നെയാണെന്നും കശ്മീരിലെ സംഘര്‍ഷത്തിന് എണ്ണയൊഴിക്കുന്നത് അതിര്‍ത്തിക്കപ്പുറത്ത് നിന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മിന്നലാക്രമണത്തിലൂടെ അവര്‍ക്ക് തക്ക മറുപടി സൈന്യം നല്‍കിയതായും ആര്‍എസ്എസ് തലവന്‍ പറഞ്ഞു.

വിദ്യാഭ്യാസത്തിന്റെ വാണിജ്യവല്‍ക്കരണത്തിനെതിരെയും നാഗ്പ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്തു നടത്തിയ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. സര്‍ക്കാരും സമൂഹവും കൈകോര്‍ത്ത് വിദ്യാഭ്യാസത്തിന്റെ വാണിജ്യവല്‍ക്കരണത്തെ പ്രതിരോധിക്കണം. സമഗ്രമായ വിദ്യാഭ്യാസ നയം വേണം. അധ്യാപകര്‍ക്ക് ശരിയായ പരിശീലനം നല്‍കണം. അവരുടെ ക്ഷേമം ഉറപ്പാക്കണം. സാമൂഹ്യപ്രതിബദ്ധതയാര്‍ന്ന പൗരന്‍മാരെ വാര്‍ത്തെടുക്കുന്നതാകണം രാജ്യത്തിന്റെ വിദ്യാഭ്യാസ നയം-ഭഗവത് പറഞ്ഞു.

പശു ഇന്ത്യയുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും പശുവിന്റെ പലതലങ്ങളിലുള്ള ഗുണങ്ങള്‍ ആധുനിക ശാസ്ത്രം പോലും അംഗീകരിച്ചതാണെന്നും ഭഗവത് പറഞ്ഞു. എന്നാല്‍ ഗോ സംരക്ഷകര്‍ രാജ്യത്തെ നിയമങ്ങള്‍ക്കനുസൃതമായി വേണം പ്രവര്‍ത്തിക്കേണ്ടതെന്നും ഭഗവത് മുന്നറിയിപ്പ് നല്‍കി. ഗോ സംരക്ഷണത്തിന്റെ ഭാഗമായി നടക്കുന്ന ക്രമിനല്‍ ചെയ്തികള്‍ തിരിച്ചറിയണമെന്നും അതിനു പുറകില്‍ പലരുടെയും രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടിയുള്ള ഇടുങ്ങിയ ആഗ്രഹമാണെന്നും മോഹന്‍ ഭഗവത് ചൂണ്ടിക്കാട്ടി. മതത്തിന്റെ പേരില്‍ സംഘര്‍ഷം നടത്താന്‍ ശ്രമിക്കുന്നവരെയും യഥാര്‍ത്ഥ ഗോ സംരക്ഷകരെയും തിരിച്ചറിയണമെന്നും രാജ്യത്തിന്റെ കാര്‍ഷിക സംസ്‌കാരവുമായി ബന്ധപ്പെട്ടതാണ് പശുവെന്നും അദ്ദേഹം വ്യക്തമാക്കി. മതത്തിന്റെയും ജാതിയുടെയും ഭാഷയുടെയും പേരില്‍ നടക്കുന്ന അതിക്രമങ്ങളും വിവേചനങ്ങളും നമ്മുടെ സമൂഹത്തിനാകെ നാണക്കേടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Comments

comments

Categories: Politics, Slider